പാലക്കാട്: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് 966 ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസെറ്റില്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു.
പ്രസ്തുത പാക്കേജ് തുക വര്‍ധിപ്പിച്ച് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ പദ്ധതികളില്‍ അനുവദിക്കുന്ന ഉയര്‍ന്ന പുനരധിവാസ പാക്കേജ് തുക ഗ്രീന്‍ഫീല്‍ഡ് ഹൈവെക്കായുള്ള ഭൂമി ഏറ്റെടുക്കലിനും നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഒമ്പത് വില്ലേജുകളിലെ വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം പൂര്‍ത്തിയാക്കുകയും അത് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതിക്കായി നല്‍കുകയും ചെയ്തു.
മുഴുവന്‍ വില്ലേജുകളുടെയും വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം ആഗസ്ത് 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. വ്യക്തിഗത നഷ്ടപരിഹാര വിലനിര്‍ണയം പൂര്‍ത്തിയായിട്ടുള്ള വില്ലേജുകളില്‍ എന്‍എച്ച്എഐയുടെ അനുമതി ലഭ്യമായ ഉടന്‍തന്നെ നഷ്ടപരിഹാര തുക വിതരണം ആരംഭിക്കും.
ഏറ്റെടുക്കുന്ന നിര്‍മിതികള്‍ക്ക് അവയുടെ കാലപ്പഴക്കം പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായ ഭൂമികളുടെ വിലയാധാരങ്ങളില്‍ ഏറ്റവും വില കൂടിയ ആധാരങ്ങളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് ഭൂമിക്ക് വില കണക്കാക്കുന്നത്. ഇപ്രകാരം വീടും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്കാന് സാധിക്കുമെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നല്‍കാവുന്നതാണോ എന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പുന:പരിശോധന നടത്തി തീരുമാനമെടുക്കണമെന്ന് വി.കെ. ശ്രീകണ്ഠന് എംപി നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശം പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാമെന്ന് എല്‍.എ.എന്‍.എച്ച്. ഡെപ്യൂട്ടി കളക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബി യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ. പ്രഭാകരന് എംഎല്‍എ, അഡ്വ. എന്‍. ഷംസുദ്ദീന് എംഎല്‍എ, വിവിധ ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ബിപിന്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: