വടക്കാഞ്ചേരി: മണ്ണിടിച്ചില്‍ ഭീതിയില്‍ ഇരട്ടക്കുളങ്ങര നിവാസികള്‍. പെരുമഴക്ക് നേരിയ ശമനമുണ്ടെങ്കിലും ദുരിതങ്ങളും, ദുരന്ത ആശങ്കയും വിട്ടൊഴിയുന്നില്ല. വടക്കാഞ്ചേരി നഗരസഭയിലെ ഇരട്ടക്കുളങ്ങര ഡിവിഷനിലെ ലക്ഷംവീട് കോളനിയിലുള്പ്പെട്ട എട്ടോളം കുടുംബങ്ങള്‍ ദുരന്തമുഖത്താണ് കഴിയുന്നത്. ഇവരുടെ വീടുകള്‍ക്ക് മുകളിലേക്ക് ഏത് നിമിഷവും 15 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുന്ന് ഇടിഞ്ഞ് വീഴുമെന്നതാണ് സ്ഥിതി.
ഇന്നലെയും കനത്ത മഴയില്‍ വലിയ തോതില്‍ കുന്നിന് ചെരുവില്‍ മണ്ണിടിഞ്ഞു. 2018 ലെ പെരുംപ്രളയ കാലത്ത് തുടങ്ങിയതാണ് ഈ ആശങ്ക. അന്ന് ഈ കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചു. ജനങ്ങളെ മാറ്റിപാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. ഏതാനും വീടുകള്‍ക്ക് ചെറിയ നാശ നഷ്ടത്തിലൊതുങ്ങി അന്നത്തെ ഇടിച്ചില്‍. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാണെന്ന് നാട്ടുകാര്‍ പറയുന്നു.
കുന്നിലെ മണ്ണ് ഏറെ ദുര്‍ബലാവസ്ഥയിലാണ്. ഏതാനും ഭാഗങ്ങള്‍ ഇടിഞ്ഞ് താഴേക്ക് പതിക്കാന്‍ തുടങ്ങി. നഗരസഭ ഡിവിഷന് കൗണ്‍സിലറുടെയും വീട് കുന്നിന് താഴെയാണ്. ആയുര്‍വേദ വിഷവൈദ്യ ആശുപത്രിയും ദുരന്തമുഖത്ത് തന്നെ. നഗരസഭ അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ലെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്.
റീബില്‍ഡ് കേരള പദ്ധതി: സംരക്ഷണ ഭിത്തി നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചു.
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര എച്ച്എംസി നഗറിലെ ഭീമന് കുന്ന് ഇടിഞ്ഞ് ജനവാസ മേഖലയിലേക്ക് വീഴുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ സ്തംഭിച്ചു. ഏതാനും മീറ്റര്‍ പിന്നിട്ടപ്പോള്‍ ഫണ്ട് കഴിഞ്ഞതാണ് നിര്‍മാണ സ്തംഭനത്തിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ ജനകീയ ആശങ്ക ഇല്ലാതാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അനാസ്ഥ വെടിഞ്ഞ് ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്. ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ബിജെപി
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര ഡിവിഷനിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ബിജെപി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിഷയത്തില്‍ നഗരസഭ ഉള്‍പ്പെടെയുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണം. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗറിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ജന. സെക്രട്ടറി എസ്. രാജു, ട്രഷറര്‍ രാമപ്രസാദ് ഇ. എം., കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമരനെല്ലൂര്‍, ഏരിയാ പ്രസിഡന്റ് കൃഷ്ണനുണ്ണി ഇ., സെക്രട്ടറി വിനയന് കെ. പി. എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: