ഈ ജൂണ്‍ 17, 18, തീയതികളില്‍ കൊച്ചിയിലെ ഭാസ്കരീയത്തില്‍ സംഘത്തിന്റെ ഈ വര്‍ഷത്തെ പ്രാന്തീയ ബൈഠക് നടന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി പലതരം അസുഖങ്ങള്‍ ശല്യപ്പെടുത്തിയതിനാല്‍ പുറത്ത് യാത്ര കൂടാതെ കഴിഞ്ഞുവെങ്കിലും സുപ്രധാനമായ ഈ പരിപാടിയില്‍ പങ്കെടുത്തു. സംഘത്തില്‍ കാര്യക്രമങ്ങള്ക്കിടയില് ധാരാളം വിശ്രമ സമയം നല്കപ്പെടാറുണ്ട്. ഉച്ചഭക്ഷണശേഷം ഒരു ഉറക്കത്തിനുകൂടി അത് പ്രയോജനപ്പെടുമല്ലൊ. പ്രായമായവര്‍ക്ക് വളരെ പ്രയോജനകരമാണത്. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഒരു നൂറ്റാണ്ടു തികയാന്‍ പോകുന്ന ഈ ഘട്ടത്തില്‍ അതിനെ എങ്ങനെ പ്രയോജനപ്പെടുത്തി പരമവൈഭവ പ്രാപ്തി നേടാമെന്ന ചര്‍ച്ചകളാണ് മിക്കവാറും നടന്നത്. അറുപതും എഴുപതും വര്‍ഷങ്ങളായി അചഞ്ചലനിഷ്ഠയോടെ പ്രവര്‍ത്തിച്ചുവരുന്നവരും പരിപാടിയിലുണ്ടായിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം വിശ്രമത്തിനു സമയമെടുക്കാതെ വേദിക്കു സമീപം സംസാരിച്ചിരിക്കാമെന്ന ചിന്തയോടെ ഇരുന്നപ്പോള്‍ മുതിര്‍ന്ന പ്രചാരകനായ ഓ.കെ. മോഹനന് ‘നവീന പര്വ കേലിയേ നവീന പ്രാണ ചാഹിയേ’ എന്ന പാട്ടിലെ വരികള്‍ പാടാന്‍ ശ്രമിച്ചു. അത് ഒട്ടേറെ ആവേശകരമായ ഓര്‍മകളെ ഉണര്‍ത്തി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ (സംസദ് ഭവന്റെ)സമുദ്ഘാടന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം കണ്ടവരായിരുന്നു അപ്പോള്‍ അവിടെ സന്നിഹിതരായിരുന്നവരെല്ലാം തന്നെ. ഞാന്‍ എന്റെ വീട്ടിലും അതു കണ്ടു ഒറ്റയ്ക്ക്. അതിരാവിലെ ആരംഭിച്ച ചടങ്ങുകളൊക്കെ കണ്ടിരിക്കാന്‍ എനിക്കു കഴിഞ്ഞു. തഞ്ചാവൂരിലെ തിരുവാവാടുതുറൈ അധീനത്തിലെ ആചാര്യന്മാര് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണമനുസരിച്ച് ദല്‍ഹിയില്‍ എത്തിയതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോള സാമ്രാജ്യത്തിന്റെ ആദ്ധ്യാത്മികചാര്യന്മാരായിരുന്ന അവരുടെ പരമ്പര സുപ്രസിദ്ധമാണ്. കേരളത്തിലെ സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛന്‍ ആത്മീയ വിഷയങ്ങളില്‍ അറിവു നേടാന്‍ 13 വര്‍ഷം തിരുവാവാടുതുറൈയില് താമസിച്ചിരുന്നുവത്രേ. രാമായണ, മഹാഭാരത ഗ്രന്ഥങ്ങള്‍ കേരളീയര്‍ക്കു സുഗമമായി അറിയാന്‍ തക്കവിധം മലയാളത്തിലാക്കിയത് അദ്ദേഹമായിരുന്നല്ലൊ. അതിന്റെ വായനയ്ക്കു അന്നു മലയാളത്തിനുണ്ടായിരുന്ന അക്ഷരമാല അപര്യാപ്തമായതിനാല്‍ സംസ്കൃതത്തിലേതുപോലെയുള്ള, അക്ഷരമാല എഴുത്തച്ഛന് തയാറാക്കി അതിനു കേരളം മുഴുവന്‍ അംഗീകാരവും സമ്പാദിച്ചു. പ്രസിദ്ധ സാഹിത്യകാരന് സി.രാധാകൃഷ്ണന് എഴുതിയ ‘തീക്കടല്‍ കടഞ്ഞു തിരുമധുരം’ എന്ന ആഖ്യായിക എഴുത്തച്ഛന്റെ ആ ജീവിതകഥയാണ്. സി.വി.രാമന് പിള്ളയുടെ ഇതിഹാസാഖ്യായിക രാമരാജാബഹദൂറിന്റെ ഗണത്തില്‍ കൂട്ടാവുന്ന പുസ്തകമാണത്. അദ്ദേഹം തന്നെ തിരുവാവാടുതുറൈ അധീനത്തെ പരിചയപ്പെടുത്തി ജന്മഭൂമിയില് ലേഖനം എഴുതിയത് മിക്കവരും വായിച്ചിരിക്കും.
സംസദ്ഭവനിലെ ആചാരപരമായ ചടങ്ങുകള്‍ അവസാനിക്കുന്നതിനു മുന്‍പ് ലോക്സഭയിലെ സഭാധ്യക്ഷ വേദിയില്‍ മാന്യസ്ഥാനത്ത് സംസദിന്റെ പരമാധികാര പ്രതീകമായ ചെങ്കോല്‍ സ്ഥാപിക്കുകയുണ്ടായി. ഭാരതത്തിന്റെ ഭരണാധികാരം ഇംഗ്ലണ്ടിലെ രാജസ്ഥാനം കയ്യൊഴിഞ്ഞതിന്റെ പ്രതീകമായി വൈസ്രോയി മൗണ്ട് ബാറ്റന് പ്രഭു ചെങ്കോല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഏല്‍പ്പിക്കുകയായിരുന്നു. സി. രാജഗോപാലാചാരിയായിരുന്നു ഇത്തരം ചടങ്ങ് പുരാതനകാലത്തു തമിഴകത്തുണ്ടായിരുന്ന വിവരം നേതാക്കന്മാരെ അറിയിച്ചത്.
ചടങ്ങുകളുടെ അവസാനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ബോധകമായ പ്രഭാഷണമുണ്ടായി. അതദ്ദേഹം ആരംഭിച്ചത് ”നവീനപര്വേ കേലിയേ നവീന രാഹ് ചാഹിയേ” എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു. പുതിയ കാലഘട്ടത്തിന് പുതിയ പാത ആവശ്യമാണ് എന്നാണല്ലോ ആ വരികളുടെ താല്പര്യം. എഴുപതില്‍പ്പരം വര്‍ഷങ്ങള്‍ക്കപ്പുറം തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയിലെ ഒരു സാംഘിക്കില്‍ കൃഷ്ണമൂര്‍ത്തി എന്ന സ്വയംസേവകന് പാടിത്തന്ന ഗണഗീതം അപ്പോള്‍ ഓര്‍മവന്നു. ഇന്നദ്ദേഹം എവിടെയാണെന്നറിയില്ല. വഴുതക്കാട് മുക്കിനടുത്താണ് അദ്ദേഹം താമസിച്ചിരുന്നതെന്നോര്ക്കുന്നു. 1948 ലെ സംഘസത്യഗ്രഹത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിച്ചിരുന്നു. പട്ടം ശാഖയുടെ ശിക്ഷക് ആയിരുന്നു. ‘ഭാരതീ സംഗീത വിദ്യാലയം’ നടത്തിവന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരിയുടെയും പിതാവിന്റെയും കൂടെയായിരുന്നു വാസം. സംഗീതമയമായ അന്തരീക്ഷം. മൂര്‍ത്തി ചൊല്ലിത്തന്ന് കാണാപ്പാഠമായ ‘നവീന പര്‍വ് കേലിയേ’ ഗീതം ഒരാഴ്ചകൊണ്ടാണ് മനഃപാഠമായത്. സ്വാതന്ത്ര്യലബ്ധിയെയാണ് നവീന ‘പര്‍വം’കൊണ്ടുദ്ദേശിക്കുന്നതെന്നു അതിന്റെ അര്‍ഥം വിശദീകരിച്ചയാള്‍ പറഞ്ഞുതന്നു. പിന്നീട് പലപ്പോഴും സംഘശിക്ഷാവര്‍ഗ്ഗുകളിലും മറ്റും അത് ആലപിച്ചുകേട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഗൃഹപ്രവേശാവസരത്തില്‍ പ്രധാനമന്ത്രി ആ ഗാനം വ്യക്തിഗീതമായി ആലപിച്ചത് അര്‍ഥവത്തായി. ആ രംഗം ദൂരദര്‍ശനില്‍ കണ്ടപ്പോള്‍ സമീപത്താരുമുണ്ടാകാത്തതിനാല് ഒരു വിങ്ങല്‍ അനുഭവപ്പെട്ടു.
എനിക്ക് ഗണഗീതങ്ങള്‍ എഴുതിവെക്കുന്ന ഒരു പുസ്തകം ഉണ്ടായിരുന്നു. 1967 ല്‍ ഭാരതീയ ജനസംഘത്തിന്റെ ചുമതല നല്കപ്പെട്ടശേഷം കോഴിക്കോട്ടെത്തിയപ്പോള്‍ യാദൃച്ഛികമായി, ആയിടെ പ്രചാരകനായ ഒരു സ്വയംസേവകന് അതു കാണുകയും ‘തട്ടിയെടുക്കുക’യുമായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെുലുഗു, മറാഠി ഭാഷകളിലുള്ള അറുപതിലേറെ ഗാനങ്ങള്‍ പുസ്തകത്തിലുണ്ടായിരുന്നു. അച്ചടിച്ച ഗാനാഞ്ജലി, സരളസഹഗാന്, ആഹ്വാന്‍ മുതലായ പുസ്തകങ്ങള്‍ ലഭ്യമായതോടെ ഗാനങ്ങള്‍ എഴുതി സൂക്ഷിക്കുന്ന സ്വഭാവം കൈമോശം വന്നതായി കാണുന്നു. ഗാനങ്ങള്‍ പാടാന്‍ ഒട്ടും പറ്റാത്തവനാണു ഞാന്‍. ഭാസ്കര്‍റാവുജി എന്നെ ശാഖകളില്‍ പാട്ടുപാടുന്നതും പഠിപ്പിക്കുന്നതും പാടില്ലെന്നു വിലക്കിയിട്ടുമുണ്ട്. എന്നിട്ടും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രചാരക ബൈഠകിലെ അനൗപചാരിക വേളയില്‍ ഒരു പാട്ടുപാടാന്‍ നിര്‍ബന്ധിതനായി. ആ വേളയിലെ അവസാനത്തെതായിത്തീര്ന്ന ആ പാട്ട് വഞ്ചിപ്പാട്ട് നതോന്നത രീതിയിലുള്ളതായിരുന്നു. ആദ്യകാലത്തെ ഒന്നോ രണ്ടോ ഗാനാഞ്ജലികളില് അതുണ്ടായിരുന്നു. പിന്നീട് ഔചിത്യപൂര്‍വം ഉപേക്ഷിക്കപ്പെട്ടു. ഓര്‍മയില്‍നിന്ന് ഒരു ചരണം ഉദ്ധരിക്കുന്നു.
ഹിന്ദുസ്ഥാനമുയരുവാന്‍ ഹിന്ദുധര്മമുണരുവാന്
ഹിന്ദുക്കള്‍ക്കു സംഘശക്തി വളര്‍ന്നിടുവാന്‍
ഓരോ ഹിന്ദു സ്വയംസേവകായി മാറി പ്രവര്‍ത്തിപ്പിന്‍
ഓരോ ഹിന്ദുസോദരനും വീരരായ് മാറിന്-
(അവസാനത്തേത്-)
മാര്‍ത്തട്ടില്‍ തന്നോമനയെ ശയിപ്പിച്ചു
പൊരുതിയ
ഝാന്‍സിറാണി ഓര്‍ക്കുന്നില്ലേ ഊരുക നീ വാള്.
പുണ്യശ്ലോകനായ ടി.എന്‍. ഭരതന് പാടിത്തന്നപ്പോള്‍ അത്യന്തം ആവേശകരമായിരുന്നു ഈ ഗീതം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവാത്മകമായിത്തന്നെ ഗാനത്തിന്റെ രണ്ടു ചരണങ്ങള്‍ ചൊല്ലിയശേഷം തന്റെ പ്രഭാഷണം തുടര്‍ന്നു. വൈദേശികതയുടെ ഛായപോലും തുടച്ചുനീക്കുന്നതായിരുന്നു ആ വാക്കുകള്‍. സുവര്‍ണലിപികളില്‍ ആലേഖനം ചെയ്ത അത് പുസ്തകരൂപത്തില്‍ എല്ലാ ഭാഷകളിലും രാജ്യമെങ്ങും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ചടങ്ങുകളില്‍നിന്ന് സങ്കുചിത രാഷ്ട്രീയകാരണങ്ങളാല്‍ വിട്ടുനിന്നവരെപ്പറ്റി സഹതപിക്കാനല്ലാതെ എന്തു ചെയ്യാനാകും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗണഗീതമായി ശാഖകളില്‍ ആലപിച്ചുവന്നതാണത് എന്നറിഞ്ഞ പുതിയ കാര്യകര്‍ത്താക്കള്‍ ആവേശഭരിതരായി തങ്ങളുടെ നാട്ടിലെ സ്വയംസേവകരുമായി ആശയം പങ്കുവെക്കുന്നുണ്ടായിരുന്നു. ഒ.കെ. മോഹനനാകട്ടെ തൃതീയ വര്ഗശിക്ഷണത്തിനു പോയ നാഗ്പൂരിലുള്ളവരെ വിവരമറിയിച്ചു. അവിടെ മോഹനന്റെ സന്ദേശം കിട്ടിയപ്പോഴാണ് കാര്യം പ്രചരിച്ചത്.
ഗീതത്തിന്റെ കരുത്ത് അങ്ങേയറ്റം വശീകരണശക്തിയുള്ളതാണ്. കോഴിക്കോട് ഭാരതീയ ജനസംഘത്തിന്റെ 15-ാം വാര്‍ഷിക സമ്മേളനം 1968 ആദ്യം സമാപിച്ചു. സമാപനസത്രത്തില് പുതിയ അധ്യക്ഷന്‍ പണ്ഡിത് ദീനദയാല്‍ ഉപാധ്യായ സന്ദേശം നല്കുന്നതിനു മുന്‍പ് തലശ്ശേരിയിലെ ഏറ്റവും മുതിര്‍ന്ന സ്വയംസേവകന് സി. ചന്ദ്രശേഖരന് ”ദര്‍ശനീയാ പൂജനീയാ, മാതൃശതശത വന്ദനാ” എന്നു തുടങ്ങുന്ന ഗാനം അത്യന്തം ഭാവഗംഭീരമായി പാടി. പ്രതിനിധികളും മറ്റുമായി സ്ഥലത്തുണ്ടായിരുന്ന ഇരുപതിനായിരത്തോളം ജനങ്ങള്‍ സ്തബ്ധരായി നിന്ന് അതു ശ്രവിച്ചു. ഭാവഗംഭീരമായിരുന്നു പ്രധാനമന്ത്രിയുടെ ഗാനാലാപനം. അതു (ശശി തരൂരടക്കം) കേട്ടവരുടെയൊക്കെ മനസ്സിനെ സ്വാധീനിച്ചിരിക്കും, സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: