ന്യൂദല്‍ഹി: ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ 288 ആയി. 803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി, ഉന്നതതല അന്വേഷണത്തിനു തീരുമാനിച്ചു. റെയില്‍വെ തെക്കുകിഴക്കന്‍ സര്‍ക്കിള്‍ സുരക്ഷാ കമ്മിഷണര്‍ എം.എം. ചൗധരിയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വെ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഒഡീഷ ബാലാസോറിലെ ബഹനാഗ ബാസാര്‍ സ്റ്റേഷനിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ചെന്നൈക്കു വരികയായിരുന്ന 12841 കൊറോമാന്‍ഡല്‍ എക്സ്പ്രസ് ട്രാക്ക് മാറിക്കയറി ചരക്കുവണ്ടിയുടെ പിന്നിലിടിച്ച് മറിയുകയായിരുന്നു. 22 കോച്ചുകളില്‍ 12 എണ്ണവും പാളം തെറ്റി. ഇവ, ബെംഗളൂരുവില്‍ നിന്ന് ഹൗറയ്ക്കു പോകുകയായിരുന്ന 12864 ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കോച്ചുകളിലേക്കാണ് മറിഞ്ഞത്. ഈ രണ്ടു കോച്ചുകളും പാളം തെറ്റി. രണ്ടു ട്രെയിനുകളുടെയുമായി 14 കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ തകര്‍ന്ന് നാമാവശേഷമായി. സ്ഥലത്തെ ട്രാക്കുകളും തകര്‍ന്നു.
അപകടം നടന്നയുടന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കുകയും ദുരന്ത നിവാരണ സേനയെ അയയ്ക്കുകയും അവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവരെ അടിയന്തരമായി ബാലാസോര്‍ ജില്ലാ ആശുപത്രിയിലും കട്ടക്ക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികിത്സിക്കാനുമായി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, ട്രാക്കുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് 45 ട്രെയിനുകള്‍ റദ്ദാക്കി, 39 എണ്ണം വഴിതിരിച്ചുവിട്ടു.ഒഡിഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ വീണ്ടും ഉയര്‍ന്നു, 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: