അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും നടത്തുന്ന അനധികൃത പണപ്പിരിവിന്റെ വിവരങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരിക്കുകയാണല്ലോ. ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ ജൂണ്‍ ഒന്‍പത് മുതല്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാള്‍ക്ക് 82 ലക്ഷം രൂപ ഈടാക്കുന്നു എന്ന വിവരം ഒരേസമയം സംസ്ഥാനത്തെ നാണംകെടുത്തുകയും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയുമാണ്. സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗോള്‍ഡന്‍ പാസിനാണ് ഇത്രയും ഭീമമായ തുക വാങ്ങുന്നത്. ഇതിനുപുറമെ 41 ലക്ഷത്തിന്റെ സില്‍വര്‍ പാസും 20 ലക്ഷത്തിന്റെ ബ്രോണ്‍സ് പാസുമുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാമെന്നും ഊണു കഴിക്കാമെന്നും, ആഡംബര ഹോട്ടലില്‍ തങ്ങാമെന്നുമൊക്കെ പരസ്യം വഴി വാഗ്ദാനം നല്‍കിയാണ് ഈ പണപ്പിരിവ് നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്നു എന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര മോശമായ പെരുമാറ്റം മറ്റൊരു മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായിട്ടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണാധികാരി ഇത്ര തരംതാഴുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാനുമാവില്ല. പക്ഷേ പിണറായിയായതുകൊണ്ട് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. പിണറായിയുടെ ഏഴുവര്‍ഷത്തെ ഭരണചരിത്രം പരിശോധിക്കുമ്പോള്‍ എന്തൊക്കെ അരുതായ്കകളാണ് നടന്നിട്ടുള്ളതെന്ന് കാണാന്‍ കഴിയും. തനിക്ക് ഇതിനൊക്കെ അധികാരമുണ്ടെന്നും, ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് പിണറായിയെ നയിക്കുന്നത്.
സംഭവം പുറത്തായതോടെ ചോദ്യങ്ങളുയരുകയും, അവിടെയും ഇവിടെയും തൊടാതെ മറുപടി പറയുകയുമാണ് സര്‍ക്കാര്‍ വക്താക്കള്‍ ചെയ്യുന്നത്. ചെലവു വഹിക്കുന്നത് അമേരിക്കയിലെ പ്രാദേശിക സംഘാടക സമിതിയാണെന്നും, സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് അവര്‍ പണം കണ്ടെത്തുന്നതെന്നുമുള്ള നോര്‍ക്ക വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്റെ വിശദീകരണം പ്രത്യക്ഷത്തില്‍ത്തന്നെ പലതും മറച്ചുപിടിക്കുന്നു. ശ്രീരാമകൃഷ്ണന് ഇൗ പറയുന്നത് എല്ലാവര്ക്കും അറിയാം. അനധികൃത പണപ്പിരിവിനെക്കുറിച്ചാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. ലോക കേരളസഭാ സമ്മേളനം സര്‍ക്കാരിന്റെ പരിപാടിയാണ്. അതുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കാര്യത്തില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. ആ നിലയ്ക്ക് തന്റെ അനുമതിയോടെയാണോ പണം പിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്നാല്‍ ഇതിന് മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ഇതിനുപകരം സര്‍ക്കാര്‍ വക്താക്കളെക്കൊണ്ടും സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളെക്കൊണ്ടും ആരോപണമുന്നയിക്കുന്നവരെ വിമര്‍ശിക്കുകയും അപമാനിക്കുകയുമാണ്. കയ്യയച്ച് സഹായിക്കാന്‍ ആളുണ്ടെങ്കില്‍ പണം പിരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മുന്‍മന്ത്രിയും പിണറായിക്ക് വേണ്ടപ്പെട്ടവനുമായ എ.കെ. ബാലന് ചോദിക്കുന്നു. ലോകകേരള സഭയെ വിമര്‍ശിക്കുന്നവരെ ഉത്തര കൊറിയന്‍ മോഡല്‍ ഹൈവോള്‍ട്ട് കറന്റടിപ്പിക്കണമെന്നും ബാലന് പറഞ്ഞിരിക്കുന്നു. സര്‍ക്കാരിന്റെ ഇത്തരം ചെയ്തികളെക്കുറിച്ച് ബാലന് ഇങ്ങനെയൊക്കെ പറഞ്ഞേ മതിയാവൂ. അനധികൃത പണപ്പിരിവിനെ ന്യായീകരിക്കേണ്ടത് ബാലന്റെ ആവശ്യമാണെന്നും, അതൊരു കുടുംബപ്രശ്നമാണെന്നും കേള്‍ക്കുന്നുണ്ട്.
ഇടതുമുന്നണി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടു നടത്തുന്ന ലോക കേരളസഭ യഥാര്‍ത്ഥത്തില്‍ ഒരു മറയാണ്. ഇതുകൊണ്ട് പറയത്തക്ക യാതൊരു പ്രയോജനവും കേരളത്തിന് ലഭിച്ചതായി തെളിവില്ല. നിക്ഷേപത്തിന്റെയും വികസനത്തിന്റെയുമൊക്കെ പേരുപറഞ്ഞ് പ്രവാസികളെ പിഴിഞ്ഞെടുക്കാനും, അനധികൃത പണമിടപാടുകള്‍ നടത്താനുമാണെന്ന ആക്ഷേപം വളരെ മുന്‍പേ ഉയര്‍ന്നിട്ടുള്ളതാണ്. ഇതിലൊന്നാണ് മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പറുദീസയായ അമേരിക്കയില്‍ നടക്കുന്നത്. പണം കിട്ടുമെങ്കില്‍ മുതലാളിത്തവും സാമ്രാജ്യത്വവുമൊന്നും പിണറായി വിജയന് ഒരു പ്രശ്നമേയല്ല. സിപിഎമ്മിലെ ആര്‍ക്കും ഇത് ചോദ്യം ചെയ്യാനുമാവില്ല. പാര്‍ട്ടിയിലെ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്. അമേരിക്കയും ഗള്‍ഫ് നാടുകളുമൊക്കെ പിണറായിക്ക് പ്രിയപ്പെട്ട രാജ്യങ്ങളാണ്. അടിക്കടി ഇവിടങ്ങളില്‍ പര്യടനം നടത്താന്‍ പിണറായി കാണിക്കുന്ന താല്പര്യത്തിനു പിന്നില്‍ അറിയപ്പെടാത്ത രഹസ്യങ്ങളുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. വിദേശ സന്ദര്‍ശനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വല്ലാതെ ക്ഷുഭിതനാവുന്നത് ഇതുകൊണ്ടാണത്രേ. ഒരു കാര്യത്തില്‍ സംശയം വേണ്ട. ലോക കേരളസഭയുടെ പേരില്‍ അനധികൃതമായി പണം പിരിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെതന്നെയായിരിക്കും. ചില അനുചരന്മാരെവച്ച് എല്ലാം അനൗദ്യോഗികമായി തീരുമാനിക്കുകയാണ്. ആരോപണങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന് പറയാനാണിത്. പക്ഷേ പണം പിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പിരിച്ചിരിക്കും. അഴിമതിയുടെ പിണറായി മോഡലാണിത്. ആരൊക്കെ എങ്ങനെയൊക്കെ എതിര്‍ത്താലും ഭരണ കാലാവധി അവസാനിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: