നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് ആലുവയ്ക്കടുത്തെ വെളിയത്തുനാട് തന്ത്രവിദ്യാപീഠം. ആത്മീയാചാര്യനും സാമൂഹ്യപരിഷ്കര്ത്താവുമായിരുന്ന പി. മാധവ്ജിയുടെ നേതൃത്വത്തില്‍ നടത്തിയ പാലിയം വിളംബരത്തെ തുടര്‍ന്ന് ജാതിഭേദമില്ലാതെ താന്ത്രിക പൂജാപഠനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട തന്ത്രവിദ്യാപീഠത്തില്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച്, പിന്നീട് അതിന്റെ കുലപതിയും അധ്യക്ഷനുമായി വളരെക്കാലം പ്രവര്‍ത്തിച്ചയാളാണ് ഇന്നലെ ഭൗതികദേഹം വെടിഞ്ഞ അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്. മാധവ്ജിയുടെ ശിഷ്യന്മാരിലൊരാളായി തന്ത്രശാസ്ത്രത്തില്‍ അവഗാഹം നേടുകയും, മറ്റുള്ളവര്‍ക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു ശാസ്തൃശര്‍മന്‍. തന്ത്രവിദ്യാപീഠത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചയില്‍ ഏറെ ശാരീരിക ക്ലേശങ്ങള്‍ സഹിച്ച് പ്രവര്‍ത്തിക്കാന്‍ മനസ്സ് കാണിച്ചയാളാണ്. ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും താന്ത്രിക പഠനത്തിലേക്ക് കടന്നുവരാന്‍ വഴികാണിച്ച് ആലുവ അദൈ്വതാശ്രമത്തില്‍ പൂജാപഠനത്തിന് നേതൃത്വംനല്‍കിയ ശാസ്തൃശര്‍മന്‍ പിന്നീട് ഇത്തരം നിരവധി ശിബിരങ്ങള്‍ സംഘടിപ്പിച്ചു. ശ്രദ്ധേയമായ ഇത്തരം സംഭാവനകളിലൂടെ ഹൈന്ദവ ജനതയിലും പൊതുസമൂഹത്തിലും പല മാറ്റങ്ങളുമുണ്ടായി. താന്‍ ഏറ്റെടുത്ത ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിരന്തരമായി പ്രവര്‍ത്തിക്കാനും, അതില്‍ വലിയ തോതില്‍ വിജയിക്കാനും കഴിഞ്ഞ വ്യക്തിത്വമായിരുന്നു. ജന്മഭൂമിയുമായി ആത്മബന്ധമുണ്ടായിരുന്ന ആചാര്യന് ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: