തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. സംസ്ഥാനത്തിന്റെ വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മിഷന് ശിപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിനും ആ മാനദണ്ഡങ്ങള്‍ ബാധകമാണ്. നടപ്പുവര്‍ഷം അനുവദിച്ചത് 55,182 കോടിയാണ്. അതില്‍ നബാര്‍ഡ്, ലോണ്‍, ഇഎപി, എന്‍എസ്എസ്എഫ് ലോണ്‍ എന്നിവയില്‍ 5700 കോടി, ബജറ്റിന് പുറമെയുള്ള കടം 2500 കോടി, കഴിഞ്ഞ വര്‍ഷത്തെ അധിക കടമെടുപ്പ് 13284 കോടി, പബ്ലിക് അക്കൗണ്ടിലെ കടമെടുപ്പ് 13177 ഉള്‍പ്പെടെ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521 കോടിയാണ്. അതിലെ ആദ്യ മൂന്ന് പാദങ്ങളുടെ 15,390 കോടി അനുവദിച്ചു. ബാക്കി 5,131 കോടി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക. അതിനെ ‘വെട്ടിക്കുറയക്കല്‍’ ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെന്നും വി. മുരളീധരന് പറഞ്ഞു.
ആര്‍ബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി. തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകള്‍. അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ യൂറോപ്പും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക മാധ്യമ പ്രവര്‍ത്തകര്‍ പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പരിധിക്ക് പുറത്ത് ധൂര്‍ത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാല്‍ കേരളം ശ്രീലങ്കയാവും. അതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ട് നില്‍ക്കില്ല എന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: