കോട്ടയം: കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. വാഴൂരില്‍ ചാമംപതാലിനടുത്ത് ചേര് പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഡാര്‍ലിക്കും കാളയുടെ കുത്തേറ്റു. പരിക്കേറ്റ ഡാര്‍ലിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു കാളയുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയ കാളയ്ക്ക് വെള്ളം കൊടുക്കാന്‍ ചെന്നപ്പോഴാണ് കുത്തേറ്റത്. റെജിയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് ഡാര്‍ലിക്ക് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജിയെ രക്ഷിക്കാനായില്ല.
റെജിക്ക് നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഡാര്‍ലിക്ക് കാലിലാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.
കാളയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: