പൗരാണികമായ ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നു. മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായി നടത്തുന്ന ഈ നിര്‍മാണം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാവും. ഒന്നാംഘട്ട വികസനത്തിന്റെ ഉദ്ഘാടന ചടങ്ങ് നാല്‍പ്പത് രാജ്യങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തത് ലോകമെമ്പാടുമുള്ള ഭക്തരെ, പ്രത്യേകിച്ച് ശിവഭക്തരെ ആനന്ദിപ്പിച്ചു. എണ്ണൂറ്റിയന്പത് കോടിയോളം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുന്നത്. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ ഇനി മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്ര സങ്കേതം മുഴുവന്‍ മഹാദേവ മന്ത്രം മുഴങ്ങിയ പവിത്രമായ അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങ് നിര്‍വഹിച്ചത്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും, ചടങ്ങുകളില്‍ പങ്കെടുത്തതിനും ശേഷം രുദ്രാക്ഷംകൊണ്ട് നിര്‍മിച്ച ഒരു ശിവലിംഗം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മഹാകാല്‍ ക്ഷേത്ര ഇടനാഴി രാഷ്ട്രത്തിന് സമര്‍പ്പിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തൊള്ളായിരം മീറ്ററില്‍ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇടനാഴിയാണിത്. നന്ദിദ്വാര്, പിനാകി ദ്വാര്‍ എന്നപേരില്‍ തുടക്കത്തില്‍ തന്നെയുള്ള രണ്ട് കവാടങ്ങളിലൂടെ ഭക്തര്‍ക്ക് മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാല്‍പ്പത്തിയേഴ് ഹെക്ടര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കും.
മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ നവീകരിക്കപ്പെടുന്ന മൂന്നാമത്തെ ജ്യോതിര്‍ലിംഗമാണ് മഹാകാല്‍ ക്ഷേത്രം. കാശിവിശ്വനാഥ ക്ഷേത്രവും കേദാര്‍നാഥ് ക്ഷേത്രവുമാണ് മറ്റ് രണ്ടെണ്ണം. രണ്ട് ഘട്ടമായുള്ള നവീകരണം അടുത്തവര്‍ഷം പൂര്‍ത്തിയാകുന്നതോടെ മഹാകാല്‍ ക്ഷേത്ര സങ്കേതം എട്ടുമടങ്ങ് വിസ്തൃതമാകും. ഒരേസമയം പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ക്ഷിപ്രാ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന മഹാകാല്‍ ക്ഷേത്രത്തില്‍ സ്വയംഭൂ ശിവലിംഗത്തെയാണ് ആരാധിക്കുന്നത്. ഇവിടുത്തെ ദേവന്റെ ദര്‍ശനം തെക്കുഭാഗത്തേക്കായതിനാല് ദക്ഷിണാമൂര്ത്തിയെന്നും അറിയപ്പെടുന്നു. സാക്ഷാല്‍ ബ്രഹ്മാവ് നിര്‍മിച്ച ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റ് ജ്യോതിര്‍ലിംഗങ്ങളെ അപേക്ഷിച്ച് പതിനെട്ട് ശക്തിപീഠങ്ങളിലൊന്നാണ് മഹാകാല്‍ ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. മഹാകവി കാളിദാസന്റെ കൃതിയായ മേഘദൂതില്‍ മഹാകാലേശ്വര ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഈ ക്ഷേത്രത്തിന്റെ പ്രാചീനതയ്ക്ക് തെളിവാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ഉജ്ജയിനി ആക്രമിച്ച ഷംസുദ്ദീന് ഇല്‍ത്തുമിഷ് ക്ഷേത്രം തകര്‍ത്തതായാണ് ചരിത്രം പറയുന്നത്. മുഹമ്മദ് ഗോറിയുടെ നിര്‍ദേശപ്രകാരം കാശിവിശ്വനാഥ ക്ഷേത്രം ആക്രമിച്ച ഇയാള്‍ കുത്തബ്ദ്ദീന്‍ ഐബക്കിന്റെ മരുമകനുമായിരുന്നു. മറാത്ത സേനാധിപനായിരുന്ന റാണോജി ഷിന്‍ഡെയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ മഹാകാല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചത്.
കൊളോണിയലിസത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ പലപ്പോഴും ബ്രിട്ടീഷ് ഭരണകാലത്തെ മാത്രമാണ് കണക്കിലെടുക്കാറുള്ളത്. ഇതിനു മുന്‍പ് കുറഞ്ഞത് അഞ്ച് നൂറ്റാണ്ട് ഇസ്ലാമിക-മുഗള്‍ ആക്രമണകാരികളുടെ പടയോട്ടക്കാലമായിരുന്നു. മതപരമായ അസഹിഷ്ണുതകൊണ്ട് ഇവര്‍ നടത്തിയിട്ടുള്ള ക്ഷേത്രധ്വംസനങ്ങളുടെയും മതംമാറ്റങ്ങളുടെയും വിവരങ്ങള്‍ ഇന്നുപോലും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ പൂര്‍ണതയിലേക്ക് സഞ്ചരിക്കുന്ന ഒരു ജനതയ്ക്ക് ഈ അടിമത്വകാലത്തിന്റെ ഓര്‍മകളോടു പോലും പൊരുത്തപ്പെടാനാവില്ല. സമ്പൂര്‍ണമായി തകര്‍ക്കുകയും കയ്യടക്കുകയുമൊക്കെ ചെയ്ത ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുകയെന്നത് ഭാരത ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ രാജ്യത്തെ ഒരു പ്രമുഖ പത്രപ്രവര്ത്തകന് ആ സംഭവത്തെ വിശേഷിപ്പിച്ചത് ആയിരം മൈല്‍ താണ്ടിയ യാത്ര എന്നായിരുന്നു. ആ യാത്ര തുടരുകയാണ്. കാശിവിശ്വനാഥ ക്ഷേത്രവും മഥുര ശ്രീകൃഷ്ണ ക്ഷേത്രവും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ മഹാക്ഷേത്രം ഉയരുന്നത് വലിയൊരു പ്രചോദനമാണ്. തങ്ങള്‍ ശരിയുടെ പക്ഷത്താണ്. ആരുടെയും ഒന്നും പിടിച്ചെടുക്കുകയല്ല, അപഹരിക്കപ്പെട്ടത് വീണ്ടെടുക്കുകയാണെന്ന ഉറച്ച ബോധ്യമാണ് ഇക്കാര്യത്തില്‍ ഹിന്ദുക്കളെ നയിക്കുന്നത്. ഇതില്‍നിന്ന് ഒരു പിന്‍വാങ്ങല്‍ ഇനി ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: