പുല്ലൂര്‍: പണം കവര്‍ന്നശേഷം ബാഗിലുണ്ടായിരുന്ന രേഖകളെല്ലാം തിരിച്ചേല്‍പ്പിച്ച് കള്ളന്. പുല്ലൂരിലാണ് ഇത്തരത്തില്‍ വ്യത്യസ്തനായ കള്ളനുള്ളള്ളത്. ചൊവ്വാഴ്ച രാത്രി പൊള്ളക്കടയിലെ പലചരക്ക് വ്യാപരി എം. ഗോവിന്ദന്റെ പണമാണ് മോഷണം പോയത്.
ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് ഇയാളുടെ 4,800 രൂപയും പുതിയ വീടിന്റെ താക്കോലും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിക്കുകയായിരുന്നു. കടയില്‍ രാത്രി എട്ടുമണിയോടെ ബൈക്കിലെത്തിയവര്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു. രാത്രി ഒന്‍പതോടെ കട പൂട്ടാനൊരുങ്ങവെ വീണ്ടുമെത്തിയ അവര്‍ ഒരുകിലോ പഴം ആവശ്യപ്പെട്ടു. ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനിടെ സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത മോഷ്ടാക്കള്‍ കാസര്‍കോട് ഭാഗത്തേക്ക് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് പോവുകയായിരുന്നു.
നിര്‍മാണം നടക്കുന്ന പുതിയ വീടിന്റെ താക്കോല്‍കൂട്ടവും സൂക്ഷിച്ചുവെക്കേണ്ട ബില്ലുകളും ബാഗില്‍ ഉണ്ടായിരുന്നു. ബാഗ് നഷ്ടമായെന്ന് മനസ്സിലായ ഗോവിന്ദന് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു.
പിറ്റേന്ന് രാവിലെ കടയിലെത്തിയ ഗോവിന്ദന് കണ്ടത് ഇരുമ്പ് ഗ്രില്‍സിന്റെ വാതില്‍ പിടിയില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. ഇതിനുള്ളില്‍ മോഷ്ടിക്കപ്പെട്ട ബാഗും രേഖകളും അടങ്ങിയിരുന്നു. രാവിലെ പത്തരയോടെ ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ വീണ്ടുമെത്തുന്നതും കടയില്‍ കയറുന്നതും പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുമുണ്ട്. സംഭവത്തില്‍ അമ്പലത്തറ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: