ന്യൂദല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാത്തതിനെ തുടര്‍ന്ന് കേരളത്തിന് കത്തയച്ച് കേന്ദ്രം. ഒരു മാസത്തോളമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്. കേരളത്തിനെ കൂടാതെ കോവിഡ് കണക്കുകളില്‍ മുന്നില്‍ നില്ക്കുന്ന ആറ് സംസ്ഥാനങ്ങള്‍ക്ക് കൂടി കേന്ദ്രം കത്ത് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ അഞ്ച് ജില്ലകളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പുകള് നല്‍കിയിട്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറയുന്നില്ല, മാറ്റമില്ലാതെ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നുണ്ട്. 1364 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണ്. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.
സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്കി. ഡിപിആര്‍ കൂടിയ ഇടങ്ങള്‍, രോഗ ക്ലസ്റ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: