കുറിച്ചി: കൈനടി കരുമാത്രക്ഷേത്രത്തിലെ കര്‍ക്കടകവാവ് ഉത്സവത്തിന് 23ന് തുടക്കമാകും. രാവിലെ 10ന് ക്ഷേത്രം തന്ത്രി തോറ്റയ്ക്കാട്ട് കല്ലമ്പള്ളി ഇല്ലം കേശവന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സര്പ്പക്കാവില് വിശേഷല്‍ പൂജയും കലശവും നടക്കും. 27ന് രാവിലെ ഭാഗവത പാരായണം, നാമജപം, 6.30ന് ദീപാരധന, നീലംപേരൂര്‍ പുരുഷോത്തമ ദാസിന്റെ സോപാന സംഗീതം, തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. രാത്രി 9ന് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട വെള്ളംകുടി വെയ്പ് വഴിപാട് നടക്കും. രണ്ടു നടകളിലും ഉണ്ണിയപ്പം പ്രസാദ നിവേദ്യവും പ്രത്യേക പൂജകളും നടക്കും. തുടര്‍ന്ന് അടയ്ക്കുന്ന ക്ഷേത്ര ശ്രീകോവില്‍ 31ന് രാവിലെ 5ന് തുറന്ന് കര്‍ക്കടകവാവ് ദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് വെള്ളം കുടിക്ക് നിവേദിച്ച ഉണ്ണിയപ്പ പ്രസാദ വിതരണം ആരംഭിക്കും. ഉണ്ണിയപ്പം സേവിക്കുന്നത് ഒരു വര്‍ഷത്തെ സകല ദോഷവും മാറി ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം.
പരമശിവന്റെ അവതാര പുരുഷനായി കണക്കാക്കുന്ന കരുമാത്ര ഇട്ടിയച്ചന് എന്നറിയപ്പെടുന്ന ഗുരുനാഥന്റെയും അമ്മയുടെയും നാമധേയത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും, വിഗ്രഹാരധനയില്ലാത്തതുമായ ഈ ക്ഷേത്രം. വിഷരോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ജാതി മത ഭേദമന്യേ ഭക്തജനങ്ങള്‍ ആശ്രയിക്കുന്ന ദേവസ്ഥാനം കൂടിയാണ് ഇവിടം. തൃകാലജ്ഞാനിയായിരുന്ന ഇട്ടിയച്ചന് മാന്ത്രിക ശക്തിയാല്‍ നാഗരാജാവിനെയും, നാഗയക്ഷിയെയും വിളിച്ചു വരുത്തി ഭക്തര്‍ക്ക് രക്ഷകരായി സര്‍പ്പക്കാവിന്റെ കന്നിമൂലയില്‍ കുടിയിരുത്തിയെന്നാണ് വിശ്വാസം.
ശ്രീകോവിലിന്റെ തെക്കേനടയില്‍ ഇട്ടിയച്ചനും വടക്കേനടയില്‍ അദ്ദേഹത്തിന്റെ അമ്മയും ജീവിച്ചിരുന്നതായും ഇരുമുറികളിലും വേദമന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന താളിയോല ഗ്രന്ഥങ്ങള്‍ നിറഞ്ഞിരുന്നതായും വിശ്വസിക്കുന്നു. ഭഗവാന് ഉപയോഗിച്ചിരുന്ന പീഠങ്ങളും, ഉടവാളും, ചൂരല്‍ വടി, മെതിയടി, നാരായം ഇവയൊക്കെ ക്ഷേത്ര നടകളില്‍വച്ചു പൂജ നടത്തിവരുന്നു. അമൂല്യ ഗ്രന്ഥങ്ങളും മറ്റും അവകാശികളായ ശിഷ്യര്‍ക്ക് നല്‍കിയശേഷം തന്റെ സാന്നിധ്യവും ചൈതന്യവും ഈ മണ്ണില്‍ത്തന്നെ നിലനില്‍ക്കുമെന്നും തലമുറകള്‍ കൈമാറി രോഗികള്‍ക്ക് ആശ്വാസവും, നാടിന് ഐശ്വര്യവും ലഭിക്കുമെന്ന് അരുളിയശേഷം ഇട്ടിയച്ചനും അമ്മയും അപ്രത്യക്ഷരായി എന്നാണ് ഐതിഹ്യം.
ഇട്ടിയച്ചന്റെ തല മുറയിലെ പുല്ലംപ്ലായില്‍ കുടുംബത്തിലെ മുഖ്യ പുരോഹിത ആയിരുന്ന ഭവാനിയമ്മ 2010ല്‍ ദിവംഗതയായശേഷം കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പൂജകളും ക്ഷേത്ര ഭരണവും നടന്നു വരുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്.കാര്‍ഷിക വിളവെടുപ്പിന് ശേഷമുള്ള കറുത്ത വാവ് ആയതിനാല്‍ കൃഷിക്കാര്‍ വഴിപാടായി നെല്ല് സമര്‍പ്പിക്കുന്ന പ്രത്യേകതയുമുണ്ട്. കോട്ടയം-ചങ്ങനാശ്ശേരി എംസി റോഡില്‍ കുറിച്ചി ഔട്ട് പോസ്റ്റ് ജങ്ഷനില്‍ നിന്ന് കൈനടി-കാവാലം റൂട്ടില്‍ 8കിലോമീറ്റര്‍ പടിഞ്ഞാറു മാറി കൈനടി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എ സി റോഡില്‍ കിടങ്ങറ, വാലടിയില്‍ നിന്നും ഈര വഴിയും കാവാലം വഴിയും ക്ഷേത്രത്തില്‍ എത്തിച്ചേരാം. ഉത്സവത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക ബസ്, ബോട്ട് സര്‍വീസുകളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: