ന്യൂദല്‍ഹി : ലോകത്ത് എവിടെ കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയാതാലും ജാഗ്രത പുലര്‍ത്തേണ്ടതാണ്. എന്നിരുന്നാലും കോവിഡ് നാലാം തരംഗത്തിന് സധ്യതയില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ.എന്‍.കെ. അറോറ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന് അതിര്‍ത്തികളില്ല. ലോകത്ത് എവിടെ പുതിയ വകഭേദം വന്നാലും ജാഗ്രത അനിവാര്യമാണ്. പുതിയ കോവിഡ് വകഭേദം പടര്‍ന്നു വ്യാപിക്കുമ്പോഴാണ് നാലാം തരംഗത്തിന് സാധ്യത. രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെങ്കിലും ജാഗ്രത പുലര്‍ത്തണം. കോവിഡ് വ്യാപനം തടയുന്നതിനായി പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറോറ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കോവിഡ് കണക്കുകളുടെ എണ്ണം വീണ്ടും ഉയരുകയാണ്. മഹാരാഷ്ട്ര കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. കേരളത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും ശക്തമായ ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകളും പുറത്ത് വരുന്നത്.
കഴിഞ്ഞ മെയ് 26 ന് കേരളത്തില്‍ 723 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനവും കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.01 ശതമാനവുമായിരുന്നു. രണ്ട് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി. ശനിയാഴ്ച 1544 കേസുകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. നാല് പേര് കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.02 ശതമാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: