പാരീസ്: റൊളന്‍ഡ് ഗാരോസിലെ കളിമണ്‍ പ്രതലത്തില്‍ ഒരിക്കല്‍ കൂടി ഇഗ രാജ്ഞിയായി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിലെ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വെറ്റെക്കിന്. അമേരിക്കന്‍ യുവതാരം കൊക്കൊ ഗഫിനെ പരാജയപ്പെടുത്തിയാണ് (6-1, 6-3) ഇഗയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയതിന് ശേഷം ഇഗയുടെ ആദ്യ ഗ്രാന്ഡ്സ്ലാമാണിത്. 2020ലും ഇഗ ഇവിടെ കിരീടമുയര്‍ത്തിയിരുന്നു.
കിരീടത്തിനൊപ്പം മറ്റൊരു റിക്കാര്‍ഡും ഇഗ നേടി. താരത്തിന്റെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. ആധുനിക ടെന്നീസില്‍ പരാജയമറിയാതെ 35 മത്സരങ്ങള്‍ പിന്നിടുന്ന രണ്ടാമത്തെ താരമായി ഇതോടെ ഇഗ. നേരത്തെ 2000ല്‍ വീനസ് വില്യംസ് തുടരെ 35 വിജയങ്ങള്‍ നേടിയിരുന്നു.
മത്സരത്തില്‍ ഇഗയ്ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. ആദ്യ സെറ്റില്‍ ഏകപക്ഷീയമായാണ് ഇഗ കളിച്ചത്. ഒരിക്കല്‍ പോലും ഇഗയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗഫിന് കഴിഞ്ഞില്ല. 18-ാം സീഡായ ഗഫിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.
റഷ്യയുടെ ഡാരിയ കസാത്ക്കിനയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഇഗ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. സെമിയില്‍ 64 മിനിട്ട് മാത്രം നീണ്ട് നിന്ന് പോരാട്ടത്തിനൊടുവില്‍ 6-2, 6-1 എന്ന സ്കോറിനായിരുന്നു ഇഗയുടെ വിജയം. അതേസമയം ഗഫ് ഇറ്റലിയുടെ മാര്‍ട്ടിന ട്രെവസസെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. സ്കോര്‍: 6-3, 6-1. കഴിഞ്ഞ 18 വര്‍ഷത്തിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: