കൊല്‍ക്കത്ത: സംഗീത പരിപാടി കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഹോട്ടലില്‍ കുഴഞ്ഞുവീണു മരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മൃതദേഹം ഇന്നു പോസറ്റ്മോര്‍ട്ടം ചെയ്യും. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ കെകെയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. അതേസമയം, പരിപാടി നടന്ന ഹാളില്‍ എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ചൂട് മൂലം കെകെ അസ്വസ്ഥനായിരുന്നെന്നും ബംഗാളിലെ ബിജെപി നേതാക്കള്‍ ആരോപിച്ചു.
കെകെ കുഴഞ്ഞുവീണ ഹോട്ടല്‍ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ സംഘാടകരെയും കെകെ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജില്‍ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെകെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്ത് . കെ.കെ. എന്നപേരില്‍ എന്നപേരില്‍ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാല് നൂറ്റാണ്ടിലധികം ഇന്ത്യന്‍ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്. തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണ് കെകെ ജനിച്ചത്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്.
പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണര്‍ത്തിയ കെ കെ എന്നും ഓര്‍മ്മകളില്‍ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: