തൃശൂര്‍: നാളെ സ്കൂള്‍ തുറക്കുമ്പോള്‍ പ്രവേശനോത്സവം ആഘോഷമാക്കാന്‍ സ്കൂളുകളില്‍ മുന്നൊരുക്കങ്ങള്‍ തകൃതി. ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ജിഎല്‍പിഎസ് ആന്‍ഡ് ജിഎച്ച്എസിലാണ് നടത്തുക. രാവിലെ 9.30ന് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ പറഞ്ഞു. മഴ വില്ലനായെങ്കിലും മിക്ക സ്കൂളുകളിലും ശുചീകരണവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയ്ക്ക് ആവശ്യമുള്ള 7,85,828 പാഠപുസ്തകങ്ങളില്‍ 42,846 എണ്ണം മാത്രമേ ഇനി ലഭിക്കാനുള്ളൂവെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പറഞ്ഞു.
സ്കൂള്‍ തുറക്കും മുന്‍പ് പരമാവധി കുട്ടികള്‍ക്ക് കൊവിഡ് വാക്സീന് നല്കാന് വാകസിനേഷന് യജ്ഞവുമായി ആരോഗ്യവകുപ്പും രംഗത്തുണ്ട്. 12 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്സീന് വിതരണമാണ് ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇതില്‍ 90 ശതമാനവും പൂര്‍ത്തിയായി. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായി. സ്കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി മോട്ടര്‍ വാഹനവകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
യാത്രാ കണ്സഷന് നിഷേധിച്ചാല്‍ നടപടി: ആര്‍ടിഒ
സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമോ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്സഷന് കാര്‍ഡിനു പകരമായി പരിഗണിക്കും. വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ കണ്സഷന് നിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ ആര്‍ടിഒ ടി.ജി ഗോകുല്‍ പറഞ്ഞു.
വിദ്യാര്‍ഥികളോടു മോശമായി പെരുമാറുക, കൃത്യമായി സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് മാറ്റിനിര്‍ത്തുക, കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതെ പോകുക, വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നിഷേധിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പ്രത്യേകമായി പരിശോധിക്കും. വിദ്യാര്‍ഥികളുടെ യാത്രാസംബന്ധമായ പരാതികള്‍ ആര്‍ടിഒയെ അറിയിക്കാം. 9188961008
പ്രതികരിക്കാൻ ഇവിടെ എഴുതുക: