ടോക്കിയോ: കൊറോണ മഹാമാരിയെ ശക്തമായി നേരിട്ടതില്‍ ഇന്ത്യയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ചൈനയെക്കാള്‍ മികച്ച രീതിയിലാണ് കൊറോണയെ ഇന്ത്യ നേരിട്ടത്. മഹാവ്യാധിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.ടോക്കിയോയില്‍ ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ വാക്കുകള്‍.
ഭൂമിയിലുളളതിലും ഏറ്റവും അടുപ്പമുളളതാക്കി ഇന്ത്യ യുഎസ് ബന്ധത്തെ മാറ്റാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ബൈഡന് പറഞ്ഞു. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും വാക്സിന് വിതരണം കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ ഗതി തിരിച്ചുവിടുന്നതായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ രാജ്യങ്ങള്‍ക്ക് പലതും നടപ്പിലാക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം തെളിയിക്കുന്നത്. ജനാധിപത്യ രാജ്യങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ ദൈര്‍ഘ്യമേറിയ ജനാധിപത്യ രീതികള്‍ പിന്തുടരേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ ചൈനയും റഷ്യയും പോലുളള സേച്ഛാധിപത്യ രാജ്യങ്ങള്‍ക്കാണ് ദ്രുതഗതിയില്‍ മാറുന്ന ലോകരാജ്യങ്ങളെ നിയന്ത്രിക്കാനാകുകയെന്നുമുളള മിഥ്യാധാരണയാണ് ഇതിലൂടെ തിരുത്തപ്പെട്ടതെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ശക്തമായ സാമ്പത്തിക സഹകരണവും ജനങ്ങള്‍ തമ്മിലുളള ബന്ധവും ഇന്ത്യ -യുഎസ് ബന്ധത്തെ സമാനതകള്‍ ഇല്ലാത്തതാക്കി മാറ്റുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര നിക്ഷേപ ബന്ധങ്ങളും മുന്നോട്ടു കുതിക്കുകയാണ്. പക്ഷെ ഇരുരാജ്യങ്ങളുടെയും പൂര്‍ണശേഷിയിലേക്ക് ഇത് എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: