ഭാരതത്തിലെ കൊവിഡ് മരണങ്ങള് ഔദ്യോഗിക കണക്കിനെക്കാള്‍ പത്തിരട്ടി കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ശക്തമായി രംഗത്തുവന്നിരിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്രയിലെയും പഞ്ചാബിലെയുമൊക്കെ ആരോഗ്യമന്ത്രിമാര്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഭാരതത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ അത് അവഗണിച്ച് സുതാര്യമല്ലാത്ത വിവരങ്ങളെ ആശ്രയിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. പതിനേഴ് സംസ്ഥാനങ്ങളിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് ചില വെബ്സൈറ്റുകളും മാധ്യമങ്ങളും പുറത്തുവിട്ട വിവരങ്ങള്‍ വച്ചുള്ള കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടന നടത്തിയത്. കണക്കു കൂട്ടുന്ന രീതിയേയും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്നതിനെതിരായ ഭാരതത്തിന്റെ ആശങ്കയും എതിര്‍പ്പും മാനിക്കാതെയാണ് രാജ്യത്ത് യഥാര്‍ത്ഥ കൊവിഡ് മരണങ്ങള് പത്തിരട്ടി കൂടുതലാണെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ശരിയല്ലാത്ത സ്ഥിതിവിവര കണക്കും അശാസ്ത്രീയമായ വിവരശേഖരണവുമാണ് ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തം. ഇത് ഈ സംഘടന തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഇതിലെ വിരോധാഭാസം.
കൊവിഡ് വ്യാപനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ മരണങ്ങളുണ്ടായപ്പോള്‍ അത് പെരുപ്പിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. വിദേശ മാധ്യമങ്ങളിലെ ഭാരതവിരുദ്ധരായ ചിലരും അവരുടെ നാടന്‍ കൂട്ടാളികളുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നതിന്റെ ദൃശ്യങ്ങളും മറ്റും പുറത്തുവിട്ടത് ഇതിന്റെ ഭാഗമായിരുന്നു. ആഗോളതലത്തില്‍ ഇത് പ്രചരിപ്പിച്ചു. ദീര്‍ഘമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുള്ളതിനാല്‍ സ്വാഭാവികമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സമയമെടുത്തു. ഇതാണ് ശ്മശാനങ്ങളില്‍ ഇടമില്ലെന്ന് ഇക്കൂട്ടര്‍ പ്രചരിപ്പിക്കാന്‍ കാരണം. ലോകത്ത് ജനസംഖ്യയില്‍ രണ്ടാമതു നില്ക്കുന്ന രാജ്യമാണ് ഭാരതം. അതിനാല്‍ കൊവിഡ് ബാധിതരുടെ എണ്ണവും കൂടുതലായിരുന്നു. ജനസംഖ്യ വച്ചു നോക്കുമ്പോള്‍ മരണസംഖ്യ കുറച്ചുകൊണ്ടുവരുന്നതില്‍ വലിയ വിജയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചത്. വാക്സിനേഷന് ഉള്‍പ്പെടെ കൊവിഡ് പ്രതിരോധം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ ലോകത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ കാഴ്ചവച്ചു. അമേരിക്കയ്ക്കുള്‍പ്പെടെ മരുന്നുകളും കൊവിഡ് വാക്സിനും നല്‍കുന്നതിലും ഭാരതം യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഇതിന്റെയൊക്കെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് പോകുന്നതിനാല്‍ ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരായിരുന്നു. അവര്‍ കള്ളം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഈ പ്രചാരണത്തെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് വിദേശ മാധ്യമങ്ങള്‍ കൊവിഡ് മരണങ്ങള് വളരെ കൂടുതലാണെന്ന കള്ളക്കണക്കുകള്‍ അവതരിപ്പിച്ചത്.
ഭാരതത്തിനെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ പെരുപ്പിച്ചു കാട്ടുന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനു പിന്നിലുള്ളത്. മറ്റ് ചില രാജ്യങ്ങളുടെ പേരും ഈ പട്ടികയിലുണ്ടെങ്കിലും ഭാരതത്തെയാണ് ഉന്നംവയ്ക്കുന്നത്. ഭാരതത്തിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തി ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കൊവിഡിന്റെ ഉറവിടം തന്നെ ചൈനയാണ്. അത് ഒരു ജൈവായുധമാണോ എന്നുപോലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ പരിശോധന നടത്താന്‍ പോലും അവിടുത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടം അനുവദിച്ചില്ല. ചൈനയുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊവിഡ് ഒരു മഹാമാരിയാണെന്ന് പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന വൈകിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. Â ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ മേധാവി ചൈനയുടെ കളിപ്പാവയാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ ഈ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പോലും അമേരിക്ക നിര്‍ത്തിവയ്ക്കുകയുണ്ടായി. കൊവിഡ് മഹാമാരിയെ വിജയകരമായി തരണം ചെയ്ത് ഭാരതം മുന്നോട്ടുപോകുന്നത് ഒട്ടും സഹിക്കാത്ത രാജ്യമാണ് ചൈന. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭാരതം പരാജയപ്പെട്ടു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. തങ്ങള്‍ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചാല്‍ അത് വിലപ്പോവില്ലെന്ന് ചൈനയ്ക്കറിയാം. അതിന് ലോകാരോഗ്യ സംഘടനയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമാണ് ഭാരതത്തിന് അപകീര്‍ത്തികരമായ ഒരു റിപ്പോര്‍ട്ടുമായി ഈ രാജ്യാന്തര സംഘടന രംഗത്തുവന്നിട്ടുള്ളതെന്നു വേണം വിശ്വസിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: