തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിക്ക് വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന മട്ടിലാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അടുത്ത കാലങ്ങളായി കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ അതിനിശിത വിമര്‍ശനം നടത്തി വരികയായിരുന്നു അദ്ദേഹം. ഇതില്‍ അസ്വസ്ഥത പൂണ്ട പിണറായി സര്‍ക്കാര്‍ പി.സി. ജോര്‍ജിനെ കുരുക്കാന്‍ പിന്നാലെ നടക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു.
മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അവരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി മത നേതാക്കളുടെ പ്രസംഗം യുട്യൂബില്‍ ലഭ്യമാണ്. അതിലൊന്നും യാതൊരു അസ്വസ്ഥതയും തോന്നാത്ത പിണറായിയും കൂട്ടരും പി.സി. ജോര്‍ജ്ജിന്റെ പിന്നാലെ നടക്കുന്നത് ഇരട്ടത്താപ്പാണ്.
നാട്ടില്‍ നടക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍, തന്റെ സ്വതസിദ്ധ ശൈലിയില്‍ പി.സി. ജോര്‍ജ് ഹിന്ദു മഹാ സമ്മേളനത്തില്‍ പറഞ്ഞത് മത വിദ്വേഷമെങ്കില്‍ അതിലും തീവ്രതയോടെ ഹിന്ദുക്രിസ്ത്യന്‍ വിരോധം പ്രസംഗിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ലെന്നും കുമ്മനം രാജശേഖരന് വിമര്‍ശിച്ചു. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണം. ഒരേ നിയമം ചിലരെ മാത്രം ശിക്ഷിക്കാനുള്ള ചാട്ടവാറക്കാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതിനെതിരെ പ്രതിരോധം ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം നടത്തിയെന്നാണല്ലോ പി.സി. ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അങ്ങനെയെങ്കില്‍, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെയല്ലേ ആദ്യം നടപടി എടുക്കേണ്ടത്. ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പി.യെ പരനാറി യെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ്, പി.സി.ജോര്‍ജിന്റെ പ്രസംഗത്തില്‍ കുറ്റമാരോപിക്കുന്നത്, അതു തന്നെ വിചിത്രമായിരിക്കുന്നു.
നേരത്തെ ലവ് ജിഹാദിനെതിരെ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെയും പിണറായി സര്‍ക്കാര്‍ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗം എന്തെന്ന് ഈ സര്‍ക്കാര്‍ ആദ്യം നിര്‍വ്വചിക്കണം. മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം അഭിപ്രായസ്വാതന്ത്യമായിട്ടാണ് കാണുന്നതെങ്കില്‍ അതേ അവകാശം ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നല്കിയ ബിഷപ്പിനും പി.സി. ജോര്‍ജ്ജിനുമില്ലേ. പ്രസംഗമാണോ വിദ്വേഷ പ്രവൃത്തിയാണോ ആപത്ക്കരം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണാടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോ. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: