കൊവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് ഭാരതം ഏറെക്കുറെ മോചനം നേടിയതില്‍ ആശ്വസിക്കാമെങ്കിലും അലസത പുലര്‍ത്താന്‍ പാടില്ലെന്നാണ് ചില സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളവും ദല്‍ഹിയും മഹാരാഷ്ട്രയുമുള്‍പ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചെറിയ തോതിലാണെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പതിനൊന്നു മാസമായി രാജ്യത്തെ രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതിനിടെയാണ് ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടത്. രാജ്യത്തെ രോഗബാധിതരുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളിലാണ്. കേരളം, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ രോഗികള്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഈ സാഹചര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്താണ്. ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദമാണോ വ്യക്തികളുടെ പ്രതിരോധ ശേഷി ദുര്ബലമാകുന്നതാണോ പുതിയ രോഗബാധയുണ്ടാവാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല. അവയും പരിശോധിച്ചുവരികയാണ്. എന്നാല്‍ മരണനിരക്ക് ഉയരുന്നില്ല എന്നത് ഇതിനിടെ ആശ്വസിക്കാവുന്ന ഒരു കാര്യമാണ്. എന്തായാലും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ചിത്രം തെളിയുകയും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരികയും ചെയ്യും.
രാജ്യത്ത് പുതിയ രോഗബാധയ്ക്ക് ഇടയാക്കുന്നത് ഒമിക്രോണ്‍ വൈറസ് തന്നെയോ അതിന്റെ വകഭേമായ ‘എക്സ് ഇ’ ആണോ എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. കഴിഞ്ഞ കുറെക്കാലമായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയതിനെത്തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ എക്സ് ഇ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. പല രാജ്യങ്ങളിലും ഉയര്‍ന്ന തോതിലുള്ള രോഗബാധ കാണപ്പെടുന്നതിനാല്‍ കൊവിഡിന് പുതിയ വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ വകഭേദങ്ങളെപ്പോലെ പുതിയ വകഭേദം രോഗം പരത്തില്ല എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിലാണ് എക്സ് ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. നേരത്തെയുള്ള വകഭേദങ്ങളെക്കാള്‍ ഇതിന്റെ വ്യാപനശേഷി പത്ത് ശതമാനം മാത്രമേയുള്ളൂ എന്നാണ് വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന അവിടുത്തുകാരിയായ ഒരു വനിതയിലാണ് മുംബൈയില്‍ എക്സ് ഇ വകഭേദം ഉള്ളതായി കണ്ടെത്തിയത്. ഈ വനിതയ്ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആര്‍ടിപിസിആറില്‍ നെഗറ്റീവാണ് കാണിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇങ്ങനെയൊരു പുതിയ വകഭേദം രാജ്യത്തുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എക്സ് ഇ വകഭേദത്തിന്റെ ചിത്രത്തില്‍ വൈറസിന് ജനിതകമാറ്റം വന്നതിന്റെ സൂചനകളില്ലെന്നത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് ശരിയാവാനാണ് എല്ലാ സാധ്യതയും. ഒമിക്രോണ്‍ വകഭേദം പോലെ തീവ്രമായ രോഗവ്യാപനം ഇല്ലാത്തത് ഇതിനാലാണെന്ന് കരുതാം.
കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ ഭാരതം ഏറെ മുന്നിലാണ്. രോഗമുക്തിയുടെ നിരക്ക് നൂറുശതമാനത്തോടടുത്തും. ഇതൊക്കെയാണെങ്കിലും ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കാതിരിക്കുന്നത് കുറ്റകരമല്ല എന്നൊരു നിര്‍ദേശം വന്നിരുന്നു. എന്നാല്‍ ഇതിനര്‍ത്ഥം ഇനി മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല എന്നല്ല. മാസ്ക് ഉപേക്ഷിക്കരുതെന്ന് ഐഎംഎ അഭിപ്രായപ്പെട്ടത് ഇവിടെ ഓര്‍ക്കാം. രോഗബാധ ക്ഷണിച്ചുവരുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ. സാമൂഹിക അകലം പാലിക്കാനും, കൂട്ടംകൂടുന്ന അവസരത്തില്‍ മാസ്ക് ധരിക്കാനും മടികാണിക്കരുത്. രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ ഇനി ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ആവശ്യമില്ലെന്ന നിലയിലേക്ക് ചിലര്‍ മാറിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ ഇത് ആശാസ്യമായി കാണുന്നില്ല. പലപ്പോഴും സംസ്ഥാന സര്‍ക്കാരുകളുടെ അലസതയും അനാസ്ഥയുമാണ് ജനങ്ങളിലേക്കും പടരുന്നത്. രോഗികളുടെ എണ്ണം ശരിയായി രേഖപ്പെടുത്തുന്നതില്പ്പോലും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വീഴ്ചവരുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ കുറപ്പെടുത്തുകയുണ്ടായല്ലോ. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍പ്പോലും ഫാസിസം കണ്ടെത്തിയവരാണ് കേരളം ഭരിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് ഒരു ഘട്ടത്തില്‍ ദേശീയതലത്തില്‍ രോഗവ്യാപനത്തിന്റെ പകുതിയും കേരളത്തിലാവുന്ന സ്ഥിതി വന്നത്. കരുതല്‍ കൈവിടാന്‍ ഇനിയും കാലമായിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ മഹാമാരിയെ മടക്കി വിളിക്കുന്നതിന് തുല്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: