ന്യൂദല്‍ഹി: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി കേന്ദ്രം. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തരുത് എന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ സെക്രട്ടറി ലവ് ആഗര്‍വാളാണ് കേരളത്തിന് കത്തയച്ചത്.
പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തത് കൊറോണ അവലോകനത്തെ ബാധിക്കുന്നുവെന്നും, ഏപ്രില്‍ 13 മുതല്‍ കേരളം കണക്കുകള്‍ അറിയിച്ചിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തില്‍ കൊറോണ പരിശോധനയും വിവരശേഖരണവും തുടരുമെന്നും കണക്കുകള്‍ ഇനിമുതല്‍ പുറത്തുവിടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.
2020 ജനുവരി 30 മുതലാണ് പ്രതിദിന കൊറോണ കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. രണ്ടര വര്‍ഷത്തോളം എല്ലാ ദിവസവും കൊറോണ കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇനിമുതല്‍ പരിശോധനകള്‍ തുടരുമെങ്കിലും കണക്കുകള്‍ പുറത്തുവിടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 214 പേര് കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് ദശാംശം മൂന്ന് ഒന്നില്‍ നിന്ന് ദശാംശം എട്ട് മൂന്ന് ശതമാനമായി കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: