ഡോ. രാധാകൃഷ്ണന് ശിവന്
ഗൃഹനിര്‍മ്മാണത്തിന്റെ ജ്യോതിഷ നിയമങ്ങളില്‍ പ്രതിപാദിച്ച ഉചിതനക്ഷത്രങ്ങളില് അശ്വതി, മകം, മൂലം രേവതി, ആയില്യം, തൃക്കേട്ട നക്ഷത്രങ്ങളുടെ സന്ധി ഗണ്ഡാന്തസമയമാകുന്നു. അശ്വതി തുടങ്ങിയ നാളുകളുടെ ആദ്യ പതിനഞ്ചു നാഴികയും രേവതി തുടങ്ങിയവയുടെ അന്ത്യ പതിനഞ്ചു നാഴികയും അതിനാല്‍ മുഹൂര്ത്തത്തിനു വര്‍ജ്യമാണ്. ഇത് കൂടാതെ ധനു, മീനം, ചിങ്ങം രാശികളുടെ അന്ത്യം അര നാഴികയും വൃശ്ചികം, മേടം, കര്‍ക്കിടകം രാശികളുടെ ആദ്യ അര നാഴികയും ഗണ്ഡാന്തമാകുന്നു. ഇപ്രകാരം നന്ദ പൂര്‍ണ തിഥികള്‍ക്കും ഗണ്ഡാന്തം അറിഞ്ഞു കൊള്ളണം.
ഇത് കൂടാതെ ഗൃഹാരംഭത്തിനായി പ്രതിപദം, ചതുര്‍ത്ഥി, സപ്തമി, അഷ്ടമി, നവമി, ചതുര്ദശി, കറുത്ത വാവ്, എന്നീ തിഥികള്‍ വര്‍ജിക്കുന്നതും ഉചിതം.
ദിവസങ്ങളില്‍ ഞായറും, ചൊവ്വയും ഒഴിവാക്കണം. ശനിയാഴ്ച ഉത്തമമായിട്ട് സ്വീകരിക്കാന്‍ വയ്യ. മൃത്യു യോഗമുള്ള നക്ഷത്ര ചേര്‍ച്ചകളും നന്നല്ല. ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും ചേര്‍ന്നാല്‍ അത് മൃത്യുയോഗം ആകുന്നു.
പ്രതിപദം, ഷഷ്ഠി, ഏകാദശി എന്നീ തിഥികളോട് ഞായര്‍, ചൊവ്വ ആഴ്ചകള്‍ ചേര്‍ന്നാലും ദ്വിതീയ, സപ്തമി, ദ്വാദശി എന്നിവകളോട് തിങ്കള്‍, വെള്ളി ആഴ്ചകള്‍ ചേര്‍ന്നാലും തൃതിയ, അഷ്ടമി, ത്രയോദശി എന്നിവകളോട് ബുധനാഴ്ച ചേര്‍ന്ന് വന്നാലും ചതുര്‍ത്ഥി, നവമി, ചതുര്ദശി വ്യാഴാഴ്ചയോട് ചേര്‍ന്നാലും പഞ്ചമി, ദശമി, വാവ് എന്നിവകള്ക്കോപ്പം ശനിയാഴ്ച ചേര്‍ന്ന് വരുന്നതും മൃത്യു യോഗമാകുന്നു. അതിനാല്‍ മുഹൂര്‍ത്തത്തിനായി ഇവകളെ ഒഴിവാക്കണം.
ഞായറും ദ്വാദശിയും, തിങ്കളും ഏകാദശിയും ചൊവ്വയും പഞ്ചമിയും ബുധനും ദ്വിതീയയും വ്യാഴവും ഷഷ്ഠിയും വെള്ളിയും അഷ്ടമിയും ശനിയും നവമിയും ചേര്‍ന്നാല്‍ അത് ദഗ്ധയോഗമാകുന്നു. ഇത് എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്യമാകുന്നു.
വെളുത്ത പക്ഷത്തിലെ വാവ്, സപ്തമി, അഷ്ടമി, ചതുര്ദശി ആദ്യ 15 നാഴികയും ഏകാദശി, ചതുര്‍ത്ഥി, കറുത്ത പക്ഷത്തിലെ ദശമി, തൃതീയ, അവസാന 15 നാഴികയും വിഷ്ടി കാലമാണ്. വിഷ്ടി കാലം ശിലാസ്ഥാപനത്തിനും മറ്റു ശുഭകാര്യങ്ങള്‍ക്കും വര്‍ജ്യമാണ്.
സ്ഥാനക്കുറ്റി തറക്കുകയോ, കല്ലിടുകയോ ആണ് സാമാന്യമായി ഗൃഹാരംഭം എന്ന് വ്യവഹരിക്കുന്നത്. ഇതിനായി മുഹൂര്ത്തദിനമനുസരിച്ചു സ്ഥാനം കാണുന്ന രീതിയും പ്രസിദ്ധമാണ്. വാസ്തു പുരുഷന്റെ ചരണസ്ഥാനമാകുന്ന കന്നിമൂലയില്‍ കല്ലിടുകയും കുറ്റിയടിക്കുകയും സര്‍വത്ര പഥ്യമാകിലും, ഉദയ രാശിയുടെ പത്താം രാശിയില്‍ മുഹൂര്‍ത്തനാളില്‍ എത്ര ചെന്നിടം കണ്ട് കല്ലിടുന്ന വിധവും പ്രശസ്തമാണ്. ഇതിനായി ഗൃഹത്തെ രാശിചക്രമായി ഗണിക്കേണ്ടതാകുന്നു.
ഗൃഹാരംഭസമയമാകുന്ന മുഹൂര്‍ത്തരാശിയില്‍ നിന്ന് നാലാം രാശി ശുദ്ധമാകുകയും ലഗ്നത്തില്‍ വ്യാഴവും ആറില്‍ സൂര്യനും ഏഴില്‍ ബുധനും നാലില്‍ ശുക്രനും മൂന്നില്‍ ശനിയും നില്ക്കുമ്പോള് ആരംഭിക്കുന്ന ഗൃഹം ഏറ്റവും ഐശ്വര്യമാകുന്നു. ലഗ്നത്തില്‍ ശുക്രനും പത്തില്‍ ബുധനും പതിനൊന്നില്‍ ആദിത്യനും കേന്ദ്രത്തില്‍ വ്യാഴവും നില്ക്കുന്ന മുഹൂര്‍ത്തം, നാലാം ഭാവത്തില്‍ വ്യാഴം നില്‍ക്കുകയും പത്തില്‍ ചന്ദ്രനും പതിനൊന്നില്‍ ചൊവ്വയും ശനിയും നില്ക്കുന്ന മുഹൂര്‍ത്തവും, ലഗ്നത്തില്‍ വ്യാഴവും നാലില്‍ ശുക്രനും എഴില്‍ ബുധനും മൂന്നില്‍ ശനിയും ആറില്‍ ആദിത്യനും നില്ക്കുന്ന മുഹൂര്‍ത്തവും, ലഗ്നത്തില്‍ ശുക്രനും അഞ്ചില്‍ വ്യാഴവും ആറില്‍ ശനിയും പത്തില്‍ സൂര്യനും നില്ക്കുന്ന മുഹൂര്‍ത്തവും ഐശ്വര്യദായകം തന്നെ. കര്‍ക്കിടകമോ, ഇടവമോ ലഗ്നമായി വരികയും ലഗ്നത്തില്‍ ചന്ദ്രന് നാലിലോ ഏഴിലോ പത്തിലോ വ്യാഴം വരികയും ചെയ്യുന്ന മുഹൂര്‍ത്തവും ഉത്തമമാകുന്നു.
പൂയം, ഉത്രം, മകയിരം, ഓണം, ആയില്യം പൂരാടം, നക്ഷത്രങ്ങളില്‍ ഒന്നിനോടുകൂടെ വ്യാഴാഴ്ച വരുന്ന ദിവസം കര്‍ക്കിടകം ലഗ്നത്തില്‍ വ്യാഴം വരുന്ന കാലം ശിലസ്ഥാപനം ചെയ്താല്‍ ആ ഗൃഹം സല്പുത്രസമ്പല് സമൃദ്ധിയോടെ വളരെ കാലം ശോഭിക്കുന്നു.
ഗൃഹാരംഭം ചെയ്യുന്ന ലഗ്നരാശിയുടെ ശത്രുവായ ഗൃഹം ലഗ്നത്തിന്റെ ഏഴിലോ പത്തിലോ ബലവാനായി നിന്നാല്‍ ആ ഗൃഹം കൈവിട്ട് പോകുമെന്ന് ആചാര്യന്മാര്ക്ക് അഭിപ്രായമുണ്ട്. മൂലം, രേവതി, കാര്‍ത്തിക നക്ഷത്രങ്ങളില്‍ ചൊവ്വാഴ്ച വരുന്ന ദിവസം ഗൃഹാരംഭം ചെയ്താല്‍ ആ ഗൃഹം നശിച്ചു പോകുമെന്നുമുള്ളതിനാല് ഈ ദിനങ്ങള്‍ വര്ജിക്കേണ്ടതാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: