കോഴിക്കോട്: കടക്കെണിയില്‍ കര്ഷകന് ജീവനൊടുക്കിയതിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ കൃഷി ഉപേക്ഷിച്ച് സമരത്തിന് കര്‍ഷകര്‍. നാളെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചങ്ങനാശേരിയ്ക്കടുത്ത് ഓടേറ്റി തെക്ക് പാടശേഖരക്കമ്മിറ്റി കര്‍ഷകരുടെ യോഗം വിളിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മഴയില്‍ വാഴപ്പള്ളി കൃഷിഭവന്റെ പരിധിയിലുള്ള വലിയ പ്രദേശത്ത് കൃഷിനാശം സംഭവിച്ചു. ഇതിനെ തുടര്‍ന്ന് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കാന് കൃഷിഭവന് ഉദ്യോഗസ്ഥര്‍ യോഗം വിളിച്ചു.
ചങ്ങനാശേരി വാഴപ്പള്ളി കൃഷിഭവനു കീഴിലുള്ള നെല്‍കൃഷിക്കാരുടെ പാടശേഖരക്കമ്മറ്റികളുടെ യോഗം ഇന്ന് രാവിലെ വാഴപ്പള്ളി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള കൃഷിഭവനിലാണ് നടന്നത്. പഞ്ചായത്ത് ഹാളില്‍ അവരുടെ അനുമതിയില്ലാതെ യോഗം ചേരാന്‍ കൈയേറിയത് വിവാദമായി. പഞ്ചായത്ത് അധികൃതര്‍ എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് യോഗത്തില്‍ കാര്‍ഷിക വിളനാശം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടോ നഷ്ടപരിഹാരം കിട്ടാന്‍ ചെയ്യേണ്ട കാര്യങ്ങളോ ഒന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. പകരം അടുത്ത തവണ കൃഷിയിറക്കാന്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചുമാണ് വിവരിച്ചത്. ഇപ്പോള്‍ സംഭവിച്ച നാശത്തിന് എന്താണ് പരിഹാരമെന്ന് മറുപടി പറയാന്‍ അധികൃതര്‍ക്കായില്ല. തുടര്‍ന്ന് കര്‍ഷകര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു.
സര്‍ക്കാര്‍ ഉറപ്പു നല്‍കാതെയും വ്യവസ്ഥകള്‍ വ്യക്തമാക്കാതെയും അടുത്ത തവണ കൃഷിയിറക്കാന്‍ ഇല്ലെന്ന് ഓടേറ്റി തെക്ക് പാടശേഖരക്കമ്മറ്റി പ്രഖ്യാപിച്ചു. വാഴപ്പള്ളി കൃഷിഭവനു കീഴില്‍ കുട്ടനാട്ടിലെ വാലടി, മുളയ്ക്കാം തുരുത്തി, ചങ്ങനാശേരി ഭാഗംവരെയുള്ള വിശാലമായ പാടശേഖരമാണ് ഓടേറ്റി തെക്ക്. ഒമ്പതുമണിക്കാണ് യോഗം. ഈ യോഗത്തില്‍ പ്രദേശത്തെ മുഴുവന്‍ കര്‍ഷകരേയും പങ്കെടുപ്പിക്കുന്നുണ്ട്. ഇവര്‍ കൈക്കൊള്ളാന്‍ പോകുന്ന തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ ഉറപ്പും സംരക്ഷണവുമില്ലാതെ അടുത്ത കൃഷിയിറക്കാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കലാണ്. ഈ തീരുമാനം മറ്റ് പാടശേഖരക്കമ്മറ്റികളും തുടര്‍ന്നാല്‍ 30,000 ഹെക്ടറിലേറെ വരുന്ന കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ അടുത്ത കൃഷിയിറക്കുന്നത് മുടങ്ങിയേക്കും. ഓടേറ്റി തെക്ക് പാടശേഖര കമ്മിറ്റിയുടെ തീരുമാനം മുഴുവന്‍ കര്‍ഷകരും രാഷ്ട്രീയ കക്ഷിഭേദമില്ലാതെ ഏറ്റെടുക്കണമെന്നും കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കാന്‍ ഇതേയുള്ളു മാര്‍ഗമെന്നും കര്‍ഷകര്‍ അഭ്യര്‍ഥിക്കുന്നു.
കഴിഞ്ഞ ദിവസമാണ് കടക്കെണിയില്‍പ്പെട്ട നെല്ക്കര്ഷകന് പാടശേഖരത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. നിരണത്തുതടം പാടശേഖരത്തില്‍ പാട്ടക്കൃഷി ചെയ്തിരുന്ന നിരണം വടക്കുംഭാഗം കാണാത്രപ്പറമ്പ് വീട്ടില്‍ രാജീവന് (51) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കെ റെയിലിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോഴാണ് വിളനാശത്തിനു ന്യായമായ നഷ്ടപരിഹാരം പോലും ലഭിക്കാതെ കര്ഷകന് ജീവനൊടുക്കേണ്ടി വന്നത്.
പത്തേക്കറിലായിരുന്നു ഇദ്ദേഹം പാട്ടക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ എട്ടേക്കറിലെ കൃഷി പൂര്‍ണമായി നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയിലും കൃഷി നശിച്ചു രാജീവനു ലക്ഷങ്ങള്‍ നഷ്ടമുണ്ടായി. എന്നാല്‍ നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് വെറും 2000 രൂപ മാത്രമാണ്. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും പ്രദേശത്തെ പുരുഷ സ്വാശ്രയ അയല്‍ക്കൂട്ടത്തില്‍ നിന്നും വലിയ തുക വായ്പയെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ സംഭവിച്ച ഭീമമായ നഷ്ടം ഇത്തവണത്തെ പുഞ്ചക്കൃഷിയിലൂടെ നികത്തി ലാഭമുണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് വീണ്ടും കൃഷിയിറക്കിയത്. എന്നാല്‍, അപ്രതീക്ഷിത വേനല്‍മഴയില്‍ ഇദ്ദേഹത്തിന്റെ പാടശേഖരം വെള്ളത്തില്‍ മുങ്ങി. വിളവെടുപ്പിന് പാകമായ നെന്മണികള് നശിച്ചു. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു രാജീവന്.
ആറു ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. പണം ഉടന്‍ തിരിച്ചടയ്ക്കണമെന്ന് സ്വാശ്രയ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. സ്വാശ്രയ സംഘം അധികൃതരെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇടതു നേതൃത്വത്തിലുള്ളതാണ് സ്വാശ്രയ സംഘം.
വായ്പാത്തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ കൃഷി നാശത്തില്‍ ധനസഹായമായി 2000 രൂപ മാത്രം നല്കിയ സംസ്ഥാന സര്‍ക്കാരിനെതിരേ രാജീവന് ഉള്‍പ്പെടെയുള്ള പ്രദേശത്തെ 10 കര്‍ഷകര്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കാത്തതിനാല്‍ കേസ് നീണ്ടുപോയിരുന്നു. രാജീവിന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍ക്കാരിനെതിരേ കര്‍ഷകരുടെ രോഷം കടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: