ന്യൂദല്‍ഹി : ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കില്‍ ഇന്ത്യയുടെ വൈദ്യുത വിതരണ ശൃംഖലയില്‍ നുഴഞ്ഞുകയറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യൂത വിതരണ കേന്ദ്രത്തിന്റെ ഭാഗമായ ഏഴോളം ലൈനുകള്‍ ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിനെ തങ്ങളുടെ കണ്ടെത്തലുകള്‍ അറിയിച്ചിരുന്നു. ഒമ്പത് മാസത്തോളം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും റെക്കോര്‍ഡ് ഫ്യൂച്ചര്‍ അറിയിച്ചു.
ലഡാക്കിലെ തന്ത്രപ്രധാനമായ മേഖലയിലെ വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് സൈബര്‍ ഹാക്കര്‍മാരെ ഉപയോഗിച്ചത്. ഇന്ത്യ- ചൈന തര്‍ക്ക പ്രദേശങ്ങളിലെ വൈദ്യുതി വിതരണം നടത്തിയിരുന്ന ഏഴ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്.
ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടി കൂടിയാണ് ചൈനീസ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരേന്ത്യയിലെ ഏഴ് ‘ലോഡ് ഡെസ്പാച്ച്’ കേന്ദ്രങ്ങളെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യ- ചൈന തര്‍ക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം നടക്കുന്ന കേന്ദ്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഷാഡോപാഡ് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചും ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ ഹാക്ക് ചെയ്ത് വിവരശേഖരണത്തിനും ശ്രമം നടന്നിട്ടുള്ളത്. ഷാഡോപാഡ് സോഫ്ട്വെയര് ചൈനീസ് സൈന്യവുമായി ബന്ധമുള്ളതാണെന്നും സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനും മാര്‍ച്ചിനും ഇടയിലുള്ള കാലയളവിലാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്തിട്ടുള്ളത്. ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ ‘റെഡ് എക്കോ’ ഹാക്കിങ് ഗ്രൂപ്പാണ് അന്ന് ഹാക്കിങ് ശ്രമം നടത്തിയത്. ഹാക്കര്‍മാര്‍ ഒരു ഇന്ത്യന്‍ ദേശീയ അടിയന്തര പ്രതികരണ സംവിധാനവും ഒരു മള്‍ട്ടിനാഷണല്‍ ലോഗിസ്റ്റിക്സ് കമ്പനിയുടെ അനുബന്ധ സ്ഥാപനവും ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറായിട്ടില്ല. ഹാക്കിങ് സംബന്ധിച്ച കാര്യങ്ങള്‍ ചൈന നിരസിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: