തിരുവനന്തപുരം: ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള പോലീസ് തസ്തികകള്‍ വെട്ടിക്കുറച്ച് പകരം നിയമോപദേശകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ക്രൈംബ്രാഞ്ചിലെ നിലവിലുള്ള 11 തസ്തികകള്‍ നിര്‍ത്തലാക്കിയാണ് പുതിയ നിയമനങ്ങള്‍. നിലവില്‍ കേസന്വേഷണങ്ങള്‍ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തപ്പോഴാണ് ഉദ്യോഗസ്ഥ തസ്തികകള്‍ നിര്‍ത്തലാക്കി പകരം ലക്ഷങ്ങള്‍ ചെലവഴിച്ച് പാര്‍ട്ടി അഭിഭാഷകര്‍ക്ക് ഇടം നല്കാന് പുതിയ നിയമോപദേശ തസ്തികകള്‍ സൃഷ്ടിച്ചത്. സിബിഐ, എന്‍ഐഎ പോലുള്ള കേന്ദ്ര ഏജന്‍സികളിലും വിജിലന്‍സിലും ഉള്ള മാതൃക പിന്തുടരനാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വാദം.
ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഒരു ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയ്ഞ്ചുകളിലെ ക്രൈംബ്രാഞ്ച് ഐജി ഓഫീസുകളില്‍ ഓരോ അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തിക വീതവുമാണ് പുതുതായി സൃഷ്ടിച്ച് ഉത്തരവായത്. ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയുടെ ശമ്പള സ്കെയില്‍ 51,400-1,10,300 രൂപയും അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തികയുടെ ശമ്പള സ്കെയില്‍ 45,600-95,600 രൂപയുമാണ്. ക്രൈംബ്രാഞ്ചിലെ രണ്ട് അസിസ്റ്റന്റ് എസ്ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളാണ് നിര്‍ത്തലാക്കിയത്.
ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത നിയമബിരുദവും ക്രിമിനല്‍ അഭിഭാഷകവൃത്തിയിലുള്ള ഏഴു വര്‍ഷത്തെ പരിചയവും അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്കുള്ള യോഗ്യത നിയമബിരുദവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ അസിസ്റ്റ് ചെയ്തവരെ അധികയോഗ്യതയുള്ളവരായി പരിഗണിക്കുമെന്നുമുണ്ട്. നിയമനങ്ങള്‍ പിഎസ്സി മുഖേനയോ നിയമ സെക്രട്ടേറിയറ്റ്, കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നുള്ള അന്യത്ര സേവനവ്യവസ്ഥ മുഖേനയോ നടത്താമെന്ന് ഉത്തരവില്‍ പറയുന്നു.
എന്നാല്‍ നിലവില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സേവനം നിയമവുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിന് ഉപയോഗിക്കാമെന്നിരിക്കെ പ്രത്യേക ഉപദേശാക്കളുടെ കാര്യമെന്തെന്ന ചോദ്യം ഉയരുന്നു. മാത്രവുമല്ല, അന്വേഷണം പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കേസുകളില്‍ പ്രതിഭാഗവും സര്‍ക്കാര്‍ ഭാഗവും ഉയര്‍ത്തുന്ന വാദങ്ങള്‍ കേട്ടാണ് കോടതി വിധി പറയുക. എന്നാല്‍ ക്രൈംബ്രാഞ്ചിനും നിയമോപദേശകര്‍ വന്നാല്‍ പോലീസിന് താല്പര്യമുള്ള കേസുകളില്‍ മുന്‍കൂട്ടി നിയമോപദേശപ്രകാരം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും തെളിവുകള്‍ സൃഷ്
ടിക്കാനും സാഹചര്യമൊരുങ്ങുമെന്നും പറയുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കുന്നവര്‍ക്ക് അധികയോഗ്യത എന്ന നിബന്ധന രാഷ്ട്രീയ നിയമനങ്ങളിലൂടെ കടന്നു വന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. പോലീസില്‍ തന്നെ അഭിഭാഷകവൃത്തിയില്‍ നിന്നും പോലീസ് രംഗത്തേക്കും നിയമബിരുദം കഴിഞ്ഞും കടന്നുവന്ന നിരവധി പേരുണ്ട്. ഇവരുടെ പട്ടിക തയാറാക്കി സൗജന്യ നിയമസേവനം അധികചെലവില്ലാതെ ആവശ്യപ്പെടാമെന്നിരിക്കെയാണ് പുതിയ നിയമോപദേശക തസ്തികകള്‍ സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: