ലഖ്നൗ : ഓരോ കുടുംബങ്ങളിലും ഒരാള്‍ക്ക് വീതമെങ്കിലും ജോലി വാഗ്ദാനം. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി. ഉത്തര്‍പ്രദേശില്‍ വാഗ്ദാന പെരുമഴയുമായി ബിജെപി. ഇന്ന് പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം അറിയിച്ചത്. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ലോക് കല്യാണ്‍ സങ്കല്പ്പ പത്രയെന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്.
ഒരു കുടുംബത്തിന് രണ്ട് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഹോളിക്കും ദീപാവലിക്കുമാണ് സിലിണ്ടര്‍ നല്‍കുക. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജനയുടെ ഭാഗമായിട്ടാണിത്. 60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി ഇരുചക്ര വാഹനം നല്‍കും. അടുത്ത അഞ്ച് വര്‍ഷം ഉത്തര്‍പ്രദേശില്‍ വികസനത്തിന്റെ വര്‍ഷങ്ങളാകുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പറയുന്നു.
കന്യക സുമംഗല യോജന പദ്ധതിയുടെ ഭാഗമായി നല്കുന്ന ആനൂകൂല്യം വര്‍ധിപ്പിക്കും. നിലവില്‍ 15000 രൂപയാണ് നല്‍കുന്നത്. ഇത് 25000 രൂപയാക്കി വര്‍ധിപ്പിക്കും. ലൗജിഹാദ് കേസില്‍ 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക 15 ദിവസത്തിനകം തന്നു തീര്‍ക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. സ്വാമി വിവേകാനന്ദ് യുവ ശശക്തീകരണ് യോജനയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ വിതരണം തുടരും. അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്ഷന് 800-ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. കുഴല്‍ക്കിണറുകള്‍, ജലസംഭരണികള്‍, കിണറുകള്‍ എന്നിവ കുഴിക്കുന്നതിന് കര്‍ഷകര്‍ക്ക് ഗ്രാന്റായി 5000 കോടി. വല്ലഭഭായ് പട്ടേല്‍ അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ കോള്‍ഡ് സ്റ്റോറേജുകള്‍, ഗോഡൗണുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ 25000 കോടി രൂപ. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയവയ്ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. സൗരോര്‍ജ്ജം മറ്റൊരു സ്രോതസ്സായി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക അവാര്‍ഡ്. ആറ് മെഗാ ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കും.
30,000 കോടി രൂപ ചെലവില്‍ ആറ് ധന്വന്തരി മെഗാപാര്‍ക്കുകള്‍ നിര്‍മിക്കും. എംഎസ്എംഇ മേഖലയില്‍ ആറ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍. ലതാ മങ്കേഷ്കര്‍ പെര്‍ഫോമിങ് ആര്‍ട് ഗാലറി സ്ഥാപിക്കും. 2017ല്‍ ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ വച്ച 117 വാഗ്ദാനങ്ങളില്‍ 92 ശതമാനവും പാലിച്ചുവെന്ന് ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശിനെ രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ നടത്തിയത്. ഇത് വെറും പ്രകടന പത്രികയല്ല. ഇവിടുത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയുടെ യുപി സഖ്യം നടത്തുന്ന പ്രതിജ്ഞയാണ്. അഞ്ച് വര്‍ഷം മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന 92 ശതമാനം കാര്യങ്ങളും ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു. തീരുമാനിച്ചത്. എന്നാല്‍ ലതാ മങ്കേഷ്കറിന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: