കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് തീവ്ര പരിചരണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ട്. കൈ പൊക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉയര്‍ത്തുവാന്‍ ശ്രമിച്ചു.ഇത് പുരോഗതിയുടെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ നിലയിലുമാണ്. പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 20 ശതമാനം മാത്രമായിരുന്ന രക്തസമ്മര്‍ദ്ദം. ഇപ്പോള്‍ സാധാരണ നിലയിലായി.വാവ സുരേഷിന്റെ ചികിത്സയ്ക്ക് ആശുപത്രി സൂപ്രണ്ടും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവിയുമായ ഡോ റ്റി .കെ ജയകുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ദരുടെ ഒരു സംഘത്തെ തന്നെ ഇന്നലെ നിയോഗിച്ചിരുന്നു.
കാര്‍ഡിയോളജി വിഭാഗംമേധാവി ഡോ വി എല്‍ ജയപ്രകാശ്, മെഡിസിന് മേധാവി ഡോ സംഗമിത്ര, തീവ്ര പരിചരണ വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോ രതീഷ് കുമാര്‍, ന്യൂറോ സര്‍ജറി മേധാവി ഡോ പി.കെ ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്. ഡോക്ടര്‍മാരുടെ സംഘം ഇന്നു പുലര്‍ച്ചെ മൂന്നു വരെ സുരേഷിന്റെ സമീപത്തു തന്നെ ഇരുന്ന് ഓരോ മണിക്കൂറിലും ഉണ്ടാകുന്ന പുരോഗതി വിലയിരുത്തി. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട മുഴുവന്‍ അധികൃതരേയും അറിയിച്ചിട്ടുണ്ടെന്ന് ഡോ രതീഷ് പറഞ്ഞു.
സുരേഷിന്റെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ ചെലവുകളും സര്‍ക്കാരും, ആശുപത്രി വികസന സമിതിയും വഹിക്കുമെന്ന് ഇന്നലെ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിക്കുവാന് ഒപ്പമുണ്ടായിരുന്ന സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു വീഴ്ചയും കൂടാതെ നല്ല പരിചരണവും, ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: