കോട്ടയം: കോട്ടയത്തെ ഷാന്‍ കൊലപാതകക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാനിനെ കാണാനില്ലെന്ന് പരാതി ലഭിച്ചയുടന്‍ തന്നെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. പോലീസിനെതിരായ വിമര്‍ശനം ശരിയല്ല. അഞ്ച് പ്രതികളാണുള്ളത്.
കൊല്ലപ്പെട്ട ഷാന്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്നും പാലക്കാട് വച്ച് 30 കിലോ കഞ്ചാവ് കടത്തിയതിന് ഷാനിനെ പിടികൂടിയിരുന്നതായും അവര്‍ പറഞ്ഞു. ജോമോന്റെ സുഹൃത്തായ രണ്ടാം പ്രതി പുല്‍ച്ചാടി ലുധീഷിനെ ഷാനിന്റെ കൂട്ടുകാരന് മര്‍ദ്ദിക്കുന്ന ദൃശ്യത്തിന് ഷാന്‍ കമന്റിട്ടതാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറയുന്നു. ഇതിനു പക തീര്‍ക്കാന്‍ ഷാനിനെ കൊല്ലണമെന്ന പദ്ധതിയിട്ടാണ് സംഘം ഷാനിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയത്.
നഗര പരിധിയിലെ മാങ്ങാനത്തെ വിജനമായ സ്ഥലത്ത് വച്ചാണ് ഷാനിനെ മര്‍ദ്ദിച്ചു കൊന്നത്. ജോമോനെതിരെ 15 കേസുകളും മറ്റ് പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.
മണര്‍കാട് സ്വദേശി പുല്‍ച്ചാടി ലുധീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് പ്രതിയായ ജോമോന്. കൊല്ലപ്പെട്ട ഷാന്‍ബാബു ജോമോന്റെ ഉറ്റ സുഹൃത്തായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ലുധീഷിനെ തൃശൂരില്‍വച്ച് സൂര്യനും സംഘവും മര്‍ദിച്ചിരുന്നു. പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുധീഷും ജോമോനും പോലീസിന്റെ പിടിയിലായി. ഇവരെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി. ഒറ്റാണ് പോലീസ് പിടികൂടാന്‍ കാരണമെന്ന് വിശ്വസിച്ച ജോമോന് ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: