കുറിച്ചി: ഗ്രാമ പഞ്ചായത്ത് കമ്മിറ്റികള്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും ചുരുളി സിനിമാ മോഡല്‍ വാഗ്ദ്ധോരണിയാണെന്ന് ബിജെപി, യൂഡിഎഫ് പ്രതിപക്ഷ അംഗങ്ങളുടെ പരാതി. എസ്സി പ്രമോട്ടര്‍ നിയമനത്തിലെ അഴിമതിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണകക്ഷി അംഗങ്ങളെയും ചൊടിപ്പിച്ചത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുറിച്ചി. പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയത് മുതല്‍ പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും അശ്ലീല ചുവയുള്ള സംസാരം തുടങ്ങി. പഞ്ചായത്തിലെ അഴിമതിയെ ചോദ്യം ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഭരണകക്ഷിയുടെ അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ സംഘടിതമായ ആക്രമണമാണ് പ്രസിഡന്റും ഭരണകക്ഷി അംഗങ്ങളും നടത്തുന്നത്.
ഓരോ കമ്മിറ്റി കഴിയുമ്പോഴും മിനിറ്റ്സ് ക്ലോസ് ചെയ്യണം. എന്നാല്‍ ഒരു വര്‍ഷമായി കുറിച്ചി പഞ്ചായത്തിലെ മിനിറ്റ്സ് ക്ലോസ് ചെയ്തിട്ടില്ല.കമ്മിറ്റി മിനിറ്റ്സിന്റെ കോപ്പികള്‍ നല്‍കിയിട്ട് കമ്മിറ്റിയുടെ അജന്‍ഡകള്‍ ചര്‍ച്ച ചെയ്യ്താല്‍ മതിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പുച്ഛിച്ച് തള്ളി ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കമ്മറ്റി നടപടികള്‍ നടത്തിക്കുകയാണ് പ്രസിഡന്റും കൂട്ടരും ചെയ്തത്.
ഒച്ചപ്പാടും ബഹളവും തുടര്‍ന്നപ്പോള്‍ പ്രസിഡന്റ് എണീറ്റ് കമ്മിറ്റിയിലെ അജന്‍ഡകള്‍ എല്ലാം പാസ്സാക്കി എന്നും കമ്മിറ്റി അവസാനിച്ചു എന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും ഭരണപക്ഷ അംഗങ്ങളും ഇറങ്ങി പോയി. ഒരു ചര്‍ച്ച പോലുമില്ലാതെയാണ് അജന്‍ഡകള്‍ പാസാക്കിയത്. നിരുത്തരവാദപരമായി പെരുമാറിയ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ധാര്‍ഷ്ട്യത്തിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. മാത്രമല്ല അസ്വാഭാവികമായ കമ്മിറ്റി നടപടികള്‍ക്ക് എതിരായി ഡിഡിപിയ്ക്ക് പരാതിയും നല്കി. ബിജെപി പഞ്ചായത്തംഗങള് പ്രതിഷേധിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്.മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ മഞ്ജു കെ.എന്‍, ആര്യമോള് പി രാജ്, ബിജെപി നേതാക്കളായ ബിനീഷ് വിജയനാഥ്, സതീശ് വാര്യവീട്, ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: