മാഹി: പിടികിട്ടാപ്പുള്ളിയായ സിപിഎം നേതാവ് അറസ്റ്റില്‍. നിരവധി കേസുകളിലായി രണ്ട് അറസ്റ്റ് വാറണ്ട് നിലവിലുള്ള മാഹി മഞ്ചക്കലിലെ മുഹമ്മദ് സാദിഖിനെ(42)യാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് മാഹി പോലീസ് പിടികൂടിയത്. മാഹിയിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐ യുടെയും മുന്‍നിര നേതാവാണ് ഇയാള്‍.
2005 ല്‍ സിവില്‍ സ്റ്റേഷന് പരിസരത്ത് വെച്ച് മാഹി പോലീസിനെ ആക്രമിച്ച കേസിലും, മാഹി പുത്തലം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ ആളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. 2018 ല്‍ പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ വെച്ച് പോലീസ് ജീപ്പ് കത്തിച്ചത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. ഇരട്ടപ്പിലാക്കൂലിലെ ബിജെപി ഓഫീസ് ആക്രമിച്ച് നിരവധി സാധന സാമഗ്രികള്‍ കത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ഇരട്ടപ്പിലാക്കൂലിലെ ദയാനന്ദന്റെ വീട് ആക്രമിക്കുകയും നിരവധി വസ്തുക്കള്‍ നാശനഷ്ടം വരുത്തിയതും ഇയാളുടെ നേതൃത്വത്തിലായിരുന്നു. ഇരട്ടപ്പിലാക്കൂലിലെ നിരവധി കടകള്‍ ആക്രമിച്ച് തകര്‍ക്കുകയും ചെയ്തതുള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയിലാണ് മാഹി പോലീസിന്റെ പിടിയിലായത്.
മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. യാതൊരു ശാരീരിക പ്രശ്നവുമില്ലാത്ത പ്രതിയ്ക്ക് കോടതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉടനെ മാഹി ഗവ: ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: