കുറിച്ചി: പഞ്ചായത്തിലെ എസ്സി പ്രമോട്ടര്‍ നിയമനത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കുറിച്ചി പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി എസ്സി പ്രമോട്ടര്‍ ഉണ്ടായിരുന്നില്ല. 2018 ല്‍ നിയമിതയായ പ്രമോട്ടര്‍ തല്‍സ്ഥാനം തുടരാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
ഇപ്പോള്‍ പ്രമോട്ടര്ക്കായി അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരുന്നു. പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ മാത്രമാണ് മറ്റ് പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് അവസരം നല്കാവു എന്നാണ് നിയമം. പ്രീ മെട്രിക്ക് ഹോസ്റ്റല്‍ ഉള്ള പഞ്ചായത്തില്‍ ഡിഗ്രി പാസ്സായവര്‍ക്കും ആ പഞ്ചായത്തില്‍ തന്നെ സ്ഥിര താമസം ഉള്ളവര്‍ക്കും മാത്രമാണ് നിയമനം.
എന്നാല്‍ ഈ നിയമം കാറ്റില്‍ പറത്തിയാണ് പുതിയ നിയമനം നടത്തിയത്. കഴിഞ്ഞ തവണ ഒഴിവായി പോയ ആളെ തന്നെ വീണ്ടും നിയമിച്ചതില്‍ വ്യാപകമായി അഴിമതിയുണ്ടെന്ന ആരോപണമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. 2018ല്‍ നിയമിതയായ ശേഷം പ്രമോട്ടര്‍ ആവശ്യമായ ഒരു പ്രവര്‍ത്തനവും എസ്സി വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പാക്കിയിട്ടില്ലെന്ന പരാതിയും വ്യാപകമാണ്.
മാത്രമല്ല 2018ലെ നിയമനത്തിലും ഇപ്പോഴും നിയമിക്കപ്പെട്ട ആള് കുറിച്ചി പഞ്ചായത്തില്‍ സ്ഥിര താമസമില്ലാത്ത ആളും വ്യാജ സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലി നേടിയതെന്നും പറയപ്പെടുന്നു.
അനധികൃത നിയമനത്തിനെതിരെ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ജില്ലാ പട്ടികജാതി വികസന വകുപ്പിലും മേലധികാരികള്‍ക്കും പരാതി നല്കി. നിയമനം റദ്ദാക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്.മഞ്ജീഷ്, ബിജെപി അംഗങ്ങളായ മഞ്ജു കെ.എന്‍, ആര്യമോള് പി രാജ്, ശൈലജ സോമന്, യുഡിഎഫ് അംഗങ്ങളായ ലൂസി ജോസഫ്, ബിന്ദു രമേശ് എന്നിവരാണ് പരാതികള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: