ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തില്‍ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീല്‍ചെയറുകളോ ഇല്ലാത്തതിനാല്‍ തുടര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ എത്തുന്ന രോഗികള്‍ ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താന്‍ കഴിയാതെ മണിക്കുറുകളോളം ഇവര്‍ വരുന്ന വാഹനത്തില്‍ തന്നെ കഴിയേണ്ടി വരുന്നു. അതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ക്ക് ഡോക്ടറെ കണ്ട് ഒരു ദിവസം കൊണ്ട് ചികിത്സ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയും അടുത്ത ദിവസം തന്നെ വീണ്ടും വരേണ്ട സ്ഥിതിയുമാണുള്ളത്. കൂടാതെ ഒപി രജിസ്ട്രേഷന് കൗണ്ടറിന് മുന്പില് വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ വാഹനത്തില്‍ എത്തുന്ന രോഗികളെ, വാഹനത്തില്‍ നിന്നിറക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവില്‍.
സ്ട്രെച്ചറുകളിലോ വീല്‍ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണമെങ്കില്‍ ഇവ ലഭ്യമാകണം. ഇതു ലഭിക്കാതെ വരുമ്പോള്‍, രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്ട്രേഷന് ബ്ലോക്കിന്റെ മുന്‍വശം റോഡില്‍ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗത്തിലേയ്ക്കും, കാര്‍ഡിയോളജി ,ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാകുകയും ചെയ്യുന്നു.
രണ്ടാഴ്ച മുന്‍പ് അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ, ആംബുലന്‍സില്‍ നിന്ന് ഇറക്കി ബന്ധപ്പെട്ട വിഭാഗത്തിലെത്തിക്കാന്‍, സ്ട്രച്ചറുകള്‍ ലഭിക്കാതെ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗികളുമായി അധികനേരം ആംബുലന്‍സ് റോഡില്‍ കിടക്കേണ്ടി വരുകയും രോഗികളുടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. അതേ സമയം നിരവധി വീല്‍ ചെയറുകളും സ്ട്രെച്ചറുകളും നിസ്സാരമായ തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് കുട്ടി ഇട്ടിരിക്കുകയാണ്. ഇവയുടെ തകരാറുകള്‍ പരിഹരിച്ചെടുത്താല് തന്നെ പ്രശ്നങ്ങള്‍ക്കു ഒരളവു വരെ പരിഹാരമാകും. ആശുപത്രി അധികൃതര്‍ അതിനു തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: