ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ബാറ്ററി വാഹനങ്ങള്‍ (ബഗ്ഗി കാറുകള്‍) കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഇത്തരത്തിലുള്ള നാലു വാഹനങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇതില്‍ രണ്ടെണ്ണത്തിനാണ് തകരാര്‍ സംഭവിച്ചത്.
മുന്‍ എംപി എളമരം കരീമിന്റെ 2018-19 വര്‍ഷത്തെ എംപി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജിലേക്ക് വാങ്ങിയതാണ് നാലു ബഗ്ഗി കാറുകള്‍. ഒരെണ്ണത്തിന് 10 ലക്ഷം രൂപയാണ് ചെലവ്. 2019ല്‍ വലിയ ആഘോഷത്തോടെയാണ് ഇത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ചില നിസാര തകരാറുകള്‍ മാത്രമേ ഉള്ളൂവെന്നും ഇത് പരിഹരിക്കുന്നതിന് കമ്പനിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ലയെന്നും ഇത് കാരണമാണ് വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കാലതാമസം വരുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍ ക്രമീകരിച്ചത്. പല സ്വകാര്യ ആശുപത്രികളിലും ഈ സംവിധാനം മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്ക തകരാര്‍ വന്നാല്‍ ധൃതഗതിയില്‍ ശരിയാക്കപ്പെടുന്നുമുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹനം വന്ന് ആദ്യ മാസങ്ങളില്‍ ഡ്രൈവറില്ലായിരുന്നു അതിനെ തുടര്‍ന്ന് ഓടിക്കുവാന്‍ കഴിയാതെ എറെ നാള് ഉപയോഗമില്ലാതെ കിടന്നു.
പിന്നീട് താത്ക്കാലിക ഡ്രൈവര്‍മാര്‍ നിയമിച്ച ശേഷമാണ് ബഗ്ഗി കാറിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കുവാന്‍ തുടങ്ങിയത്. ഇപ്പോള്‍ തകരാര്‍ മൂലം വാഹനം ഉപയോഗിക്കാതായിട്ട് മാസം പിന്നിട്ടിരിക്കുന്നു. ഇതിനാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എത്തിക്കുവാനോ, വിവിധ പരിശോധനകള്‍ക്ക് യഥാസമയം കൊണ്ടു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞാഴ്ച അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗികളുടെ ബന്ധുക്കളും, ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. അത്യാഹിത വിഭാഗത്തില്‍ നിന്നും രോഗികളെ വാര്‍ഡുകളിലേക്ക് സ്ട്രച്ചറുകളിലോ വീല്‍ ചെയറുകളിലോ പോകുകയാണ് നിലവിലെ രീതി. രോഗിയുടെ ആരോഗ്യനില മോശമാകുന്ന സന്ദര്‍ഭങ്ങളില്‍ ഇവരെ ബഗ്ഗിവാഹനങ്ങളിലാണ് വാര്‍ഡുകളിലെത്തിക്കുന്നത്. കൂടാതെ കോവിഡ് രോഗികളെ കൊണ്ടു പോയിരുന്നതും ഇതിലായിരുന്നു. നന്നാക്കുന്നതിനുള്ള കരാര്‍ എടുത്തിട്ടുള്ള കമ്പനി ആന്ധ്രയിലാണ്. ഇവിടെ നിന്നും വിദഗ്ദ്ധരെത്തി നന്നാക്കുന്നതു വരെ ലക്ഷങ്ങള്‍ വിലയുള്ള ബഗ്ഗി കാറുകള്‍ തുരുമ്പെടുത്തു നശിക്കും. ഇത് ഒഴിവാക്കുവാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: