ശ്രീഎം
അറിവിന്റെയും കലയുടെയും സംസ്കാരത്തിന്റെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും നാടാണ് ഇന്ത്യ. മാനവികതയുടെയും ആഗോള സമാധാനത്തിന്റെയും പാതയാണു നൂറ്റാണ്ടുകളായി ഈ നാട് ലോകത്തിനു കാണിച്ചുകൊടുക്കുന്നത്. ‘വസുധൈവ കുടുംബകം’ എന്നത് അതിന്റെ കാതലാണ്.
വേദകാലം മുതല്‍ നമ്മുടെ പുണ്യഭൂമി കടന്നുകയറ്റക്കാരില്‍ നിന്ന് വിവിധ അതിക്രമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ സമ്പന്നമായ നമ്മുടെ കലയും സംസ്കാരവും മതവും, ജ്ഞാനം, തത്വചിന്ത, ശാസ്ത്രം, സാഹിത്യം തുടങ്ങി പുരാതനമായ അമൂല്യശേഖരങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ മഹദ് സംന്യാസിമാരുടെയും ഋഷിവര്യന്മാരുടെയും മാര്‍ഗദര്‍ശനത്തിന്റെ കരുത്തില്‍ ഈ അതിക്രമങ്ങളെ അതിജീവിച്ചു.
ചെറുപ്പം മുതല്‍ ഞാന്‍ സത്യത്തെയും അനശ്വരതയെയും ആത്മീയതയുടെ ശക്തിയെയും തേടുകയാണ്. ജനിച്ചത് ഒരു മുസ്ലീം കുടുംബത്തിലാണെങ്കിലും, ഏതോ ദിവ്യമായ ഇടപെടല്‍, വയസ്സ് പതിനെട്ടായപ്പോള്‍ എന്നെ ഹിമാലയത്തിലെത്തിച്ചു. സത്യത്തിനും പ്രബുദ്ധതയ്ക്കുമായുള്ള തിരച്ചിലില്‍ ഹിമാലയത്തെ ഞാന്‍ വാസസ്ഥലമാക്കി. പല അവസരങ്ങളിലും പവിത്രമായ കേദാര്‍നാഥ് ധാം സന്ദര്‍ശിച്ചിട്ടുണ്ട്. മറാത്ത രാജ്ഞി ദേവി അഹല്യഭായ് ഹോള്‍ക്കര്‍ എങ്ങനെയാണ് ഗംഗോത്രി മുതല്‍ രാമേശ്വരം വരെയും ദ്വാരക മുതല്‍ ഗയ വരെയുമുള്ള പവിത്രകേന്ദ്രങ്ങളെയും ക്ഷേത്രങ്ങളെയും പുനരുജ്ജീവിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തത് എന്ന അത്ഭുതചരിത്രം ഞാന്‍ അറിയുന്നത് ഇവിടെവച്ചാണ്. കേദാര്‍നാഥ് ധാം, ശ്രീ ഓംകാരേശ്വര്‍, കാശി വിശ്വനാഥ്, ജഗന്നാഥപുരി, സോമനാഥ് എന്നിവ ദേവി അഹല്യഭായ് ഹോള്‍ക്കറുടെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ചിലതാണ്.
മറാത്ത രാജ്ഞി പുതുക്കിപ്പണിയുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത നിരവധി ക്ഷേത്രങ്ങളില്‍ ഞാന്‍ ചെന്നു. ആത്മീയതയുടെ ലോകത്തേക്ക് ആഴ്ന്നിറങ്ങാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും സ്വയമറിയാനും പുരാതനമായ അറിവുകള്‍ ഗ്രഹിക്കാനുള്ള അന്വേഷണവുമാണ് കാശി വിശ്വനാഥന്റെ അരികിലേക്ക് എന്നെ എത്തിച്ചത്. ആത്മീയോര്‍ജ്ജത്തിന്റെ പുതിയ മാനങ്ങള്‍ക്ക് ഞാന്‍ അവിടെ തുടക്കം കുറിച്ചു.
വൈദേശിക ആക്രമണകാരികളാല്‍ കൊള്ളയടിക്കപ്പെട്ട, നമ്മുടെ ധര്‍മ്മത്തിന്റെയും ആത്മീയതയുടെയും മഹദ് കേന്ദ്രങ്ങളായിരുന്ന, പുരാതന ക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്ത അഹല്യഭായ് ഹോള്‍ക്കറുടെ മഹത്തായ പാരമ്പര്യം ആരാണു മുന്നോട്ടുകൊണ്ടുപോവുക എന്ന് കാശിയില്‍ വസിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു. മതപരവും ആത്മീയവുമായ പൈതൃകവും പുരാതനമായ കലയും സംസ്കാരവും ഹിന്ദുമതത്തിന്റെ മഹത്തായ കേന്ദ്രങ്ങളും ക്രമേണ അധഃപതിക്കുകയാണ് എന്ന ചിന്ത എന്നെ ഉലച്ചു.
എന്നാലിപ്പോള്‍, അനശ്വര നഗരമായ കാശിയിലെ നവീകരിച്ച ബാബ വിശ്വനാഥ് ധാം ലോകത്തിനു സമര്‍പ്പിക്കുന്നതിന് സാക്ഷിയാകുമ്പോള്‍, മഹത്തായ സനാതനധര്‍മ്മത്തെയും ആത്മീയോര്‍ജ്ജ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ ഈ മണ്ണിന്റെ യഥാര്‍ത്ഥ പുത്രന്മാര് ഇപ്പോഴും ഉണ്ട് എന്നു തിരിച്ചറിയുന്നു. നാം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, രാജ്യം അതിന്റെ ഭൗതികവും ആത്മീയവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മുന്നേറുകയാണ്. കാശി വിശ്വനാഥ് ധാമില്‍ നിന്ന് ഗംഗാമാതാവിന്റെ ദര്‍ശനം ലഭിക്കുമെന്ന ചിന്ത എന്നിലുണ്ടാക്കുന്ന സന്തോഷത്തിന് അതിരില്ല.
ആത്മീയതയുടെയും ധര്‍മ്മത്തിന്റെയും മഹത്തായ കേന്ദ്രങ്ങളുടെ പരിവര്‍ത്തനവും പുനരുജ്ജീവനവും ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ധീരയായ അഹല്യാബായി ഹോള്‍ക്കറുടെ കാലടികള്‍ പിന്തുടരുകയാണ്. കേദാര്‍നാഥ് ധാമിന്റെ പുനര്‍നിര്‍മ്മാണത്തിനും നവീകരണത്തിനും മാത്രമല്ല, ആദിശങ്കരാചാര്യരുടെ ‘സമാധി സ്ഥല’ത്തിന്റെ പുനഃസ്ഥാപനത്തിനുകൂടി സാക്ഷിയായതുകൊണ്ടാണ് ഞാനിത് പറയുന്നത്.
അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രതിസന്ധി ഇത്ര സൗഹാര്‍ദ്ദപരമായും സുഗമമായും പരിഹരിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നു. ആര്‍ക്കാണ് ഇതിന്റെ ഖ്യാതി നല്‍കേണ്ടത്? വിദേശത്തുപോലും നിരവധി ആത്മീയ-മതകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും നരേന്ദ്രമോദി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഓര്‍ക്കണം.
നമ്മുടെ പ്രാചീനശാസ്ത്രമായ ‘യോഗ’യ്ക്കു ലഭിച്ച ആഗോള അംഗീകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന സംഭാവനകളിലൊന്ന്. നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയ ജീവിതശൈലിയുടെയും അവിഭാജ്യഘടകമായ യോഗ ഇന്ന് വിദേശത്തുള്ള കോടിക്കണക്കിനാളുകളെ സുഖപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതരീതിയായി ഇതു മാറിയിരിക്കുന്നു. ആത്മീയതയുടെ പാത പിന്തുടരാത്തവര്‍ക്കുപോലും അത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗമായി മാറി. ആധുനിക ശാസ്ത്രം പോലും യോഗയുടെ ഗുണങ്ങള്‍ അംഗീകരിച്ചു.
പത്ത് വയസ്സുള്ളപ്പോഴാണ് ഞാന്‍ യോഗയും പ്രാണായാമവും ചെയ്യാന്‍ തുടങ്ങിയത്. അതു കൊണ്ടാണ് ഇന്നും ശാരീരികമായും മാനസികമായും എനിക്ക് മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത്. മഹാമാരിക്കാലത്ത് ഇതിന്റെ യഥാര്‍ത്ഥശക്തി ആളുകള്‍ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്തു. വെല്ലുവിളിയേറിയ ഘട്ടങ്ങളില്‍ രോഗശാന്തിക്കും മാനസിക-ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതിനും ഇതു ജനങ്ങളെ സഹായിച്ചു. അന്താരാഷ്ട്ര യോഗാദിനം പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചുകൊണ്ട്, യോഗാശാസ്ത്രം പുനരവതരിപ്പിക്കാനുള്ള മോദിയുടെ പ്രയത്നങ്ങള്‍ക്ക് രാജ്യവും ലോകവും എന്നും കടപ്പെട്ടിരിക്കും.
സാംസ്കാരികവും ആത്മീയവുമായ പരിവര്‍ത്തനത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന് കി ബാത്തില്‍’, മോദി ബ്രസീലിലെ ജോനാസ് മസെറ്റിയെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. റിയോ ഡി ജനീറോയ്ക്ക് സമീപം വേദാന്തത്തെയും ഭഗവദ് ഗീതയെയും കുറിച്ച് പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും എടുത്തുപറഞ്ഞു. ആഗോള സമാധാനത്തിലും ഇന്ത്യന്‍ ധാര്‍മ്മികതയും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും തങ്ങളുടെ പങ്ക് വഹിക്കണമെന്ന് പ്രവാസി ഇന്ത്യക്കാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
കടുത്ത വെല്ലുവിളികളുടെയും പ്രയാസങ്ങളുടെയും ഇടയിലും പ്രധാനമന്ത്രി മോദി തന്റെ വിവിധ സംരംഭങ്ങളിലൂടെ കോടിക്കണക്കിന് ഭാരതീയരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനം ചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തും. പാവപ്പെട്ടവര്‍ക്കു വേണ്ടത്ര ശുചിമുറികള്‍ ലഭ്യമാക്കല്‍, സ്വച്ഛ് ഭാരത് അഭിയാന്, ഉജ്ജ്വല യോജന, ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ജലസംരക്ഷണം, നമാമി ഗംഗ തുടങ്ങി നിരവധി സംരംഭങ്ങള്‍. ഈ പരിപാടികളുടെ മഹത്തായ വിജയം രാജ്യത്തെ പൗരന്മാരുടെ സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ പുനരുജ്ജീവനത്തില്‍ കുറഞ്ഞ് മറ്റൊന്നുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: