ഏറ്റുമാനൂര്‍: മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് പൂര്‍ണ്ണമായും കിടപ്പിലായ യുവതിക്കു 33 വര്‍ഷമായി ഡിസബിലിറ്റി പെന്ഷന് നിഷേധിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. ഏറ്റുമാനൂര്‍ വടക്കേനട അശ്വതി നിലയത്തില്‍ ആശ നായര്‍ക്കാണു (49) പെന്ഷന് ലഭിക്കാത്തത്. അശ്വതിയുടെ അച്ഛന് പരേതനായ കെ.എസ്. രാമചന്ദ്രന് നായര്‍ കോട്ടയം ടെക്സ്റ്റൈല്‍സിലെ ജീവനക്കാരനായിരുന്നു. 1998ല്‍ രാമചന്ദ്രന് നായര്‍ പെന്‍ഷനായി. അന്നു മുതല്‍ ലഭിക്കേണ്ട പെന്‍ഷനാണു അധികൃതരുടെ അനാസ്ഥയില്‍ ഇന്നും ലഭിക്കാത്തത്.
മൂന്ന് വയസ്സില്‍ പോളിയോ കുത്തിവയ്പ് എടുത്ത ശേഷം തുടര്‍ച്ചയായി അപസ്മാരം ഉണ്ടാകുകയും തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മാനസിക വൈകല്യം ഉണ്ടായി. പിന്നീട് പൂര്‍ണമായും ശരീരം തളര്‍ന്ന് കിടപ്പിലായ അവസ്ഥയിലായി ആശ. ഡിസബിലിറ്റി പെന്ഷന് ലഭിക്കുന്നതിനായി ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിച്ച ശേഷവും രാമചന്ദ്രന് നായര്‍ പിഎഫ് ഓഫീസില്‍ നിരന്തരം കയറി ഇറങ്ങിയെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
2015ല്‍ ആശയുടെ അമ്മ കെ. ഇന്ദിരാ ദേവി മരിച്ചു. തളര്‍ന്നു കിടക്കുന്ന മകള്‍ക്കു പെന്ഷന് ലഭിക്കുന്നതിനു പിഎഫ് ഓഫീസ് കയറിയിറങ്ങിയ രാമചന്ദ്രന് നായര്‍ 2016ല്‍ മരിച്ചു. 1999 സെക്ഷന്‍ 14 പ്രകാരം ഗവണ്മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ ആശയുടെ ലീഗല്‍ ഗാര്‍ഡിയനായി അനിയത്തിയായ ശ്രീകല നായരെ നിയമിച്ചു. വര്‍ഷങ്ങളായി പെന്ഷന് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിവരാവകാശ നിയമ പ്രകാരം 2010 ഒക്ടോബര്‍ 20നു ശ്രീകല അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് മാസത്തിനു ശേഷം 2021 മാര്‍ച്ച് 16 നു മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ആശയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഹാജരാകണമെന്നു വിവരാവകാശ നിയമ പ്രകാരം അയച്ച അപേക്ഷയുടെ മറുപടിയായി ലഭിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു 2003ല്‍ അനുവദിച്ച പെര്‍മനന്റ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിലനില്ക്കുമ്പോഴാണു എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് വീണ്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ആശയെ വീണ്ടും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചു. സര്‍ട്ടിഫിക്കറ്റ് ഡിഎംഒ ഓഫിസില്‍ നിന്ന് 2021 ഏപ്രില്‍ 30ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് റീജനല്‍ പിഎഫ് കമ്മിഷണര്‍ക്കു അയയ്ക്കുകയും ചെയ്തു.
നാളിതുവരെ ആശയ്ക്ക് പെന്ഷന് ലഭിച്ചു തുടങ്ങിയിട്ടില്ല. കൂടാതെ ആശയെ പരിചരിക്കുന്ന ശ്രീകലക്കു ആശ്വാസ കിരണം പദ്ധതി പ്രകാരം ലഭിക്കേണ്ട പെന്‍ഷനും നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ചു ഏറ്റുമാനൂര്‍ ഐസിഡിഎസില്‍ സമര്‍പ്പിച്ച അപേക്ഷ കുമാരനല്ലൂര്‍ കോട്ടയം സോഷ്യല്‍ സെക്യൂരിറ്റി മിഷന് കോ ഓര്‍ഡിനേറ്റര്‍ക്കു നല്‍കിയതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ രേഖാമൂലം മറുപടി നല്‍കിയെങ്കിലും നാളിതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ശ്രീകലയുടെ ഭര്‍ത്താവും മൃദംഗ അധ്യാപകനുമായ പി.കെ. വിജയകുമാറിനു ലഭിക്കുന്ന ഫീസ് കൊണ്ടായിരുന്നു ആശയുടെ ചികിത്സയും വീട്ടിലെ ചെലവുകളും കഴിഞ്ഞു പോയിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ച സ്ഥിതിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: