തിരുവനന്തപുരം: മോഹന്‍ലാല്‍, പ്രിയദര്ശന് കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വിദേശത്ത് പുതിയ റെക്കോര്ഡുകളിടുന്നു. യുഎഇയില്‍ ആദ്യദിനം 2.98 കോടി രൂപ കളക്ഷന്‍ നേടിയാണ് പുതിയ റെക്കോര്‍ഡിട്ടത്. നേരത്തെ ദുര്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രമായിരുന്നു ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരുന്ന ചിത്രം. 2.40 കോടി രൂപയാണ് കുറുപ്പ് നേടിയത്. യുഎഇയില്‍ 368 ഷോകളിലായി 35879 അഡ്മിറ്റുകളാണ് മരക്കാറിന് ലഭിച്ചത്.
മലയാള സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഒരു മാര്‍ക്കറ്റാണ് ഗള്‍ഫ് രാജ്യങ്ങള്‍. ബോളിവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കുന്ന റെക്കോര്‍ഡ് കളക്ഷനുകളാണ് മലയാള ചലച്ചിത്രങ്ങള്‍ നേടിയിട്ടുള്ളത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കാണ് കൂടുതലും കളക്ഷന്‍ റെക്കോര്‍ഡുകള്‍. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി എത്തിയ മോഹന്‍ലാല്‍ ചിത്രം മരക്കാറും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.
ഓസ്ട്രേലിയയിലും ആദ്യദിനത്തില്‍ പുത്തന്‍ റെക്കോര്‍ഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ സമയം രാത്രി 8 മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്ട്രേലിയന്‍ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യന്‍ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്ട്രേലിയന്‍ ഡോളര്‍ (12 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാര്‍ പിന്നിലാക്കിയത്.
അതിനിടയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മരക്കാര്‍ ഹൗസ്ഫുള് ഷോകളുമായി പ്രദര്‍ശനം തുടരുകയാണ്. പ്രിയദര്ശന് രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളില്‍ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ, മൂന്നു ദേശീയ അവാര്‍ഡുകളും മൂന്നു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: