കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ പുനര്‍നിയമനത്തില്‍ ഇടപെട്ടത് മുഖ്യമന്ത്രി നേരിട്ടെന്ന് സൂചന. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് സിപിഎം ആജ്ഞാനുവര്‍ത്തിയായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വിസിയാക്കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയതെന്നാണ് ആരോപണം.
സര്‍വ്വകലാശാലയില്‍ നിന്നും പടിയിറങ്ങിയ വിസിക്ക് പുനര്‍ നിയമനം ലഭിച്ചതോടെ നാലുവര്‍ഷത്തിലധികമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അക്കാദമിക്ക്-ഭരണതലങ്ങളില്‍ സിപിഎം ഇടപെടലുകള്‍ തുടരുമെന്നുറപ്പായി. കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിന് തടസ്സം നില്ക്കാതിരിക്കാന് ഗവര്‍ണറുടെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. യോഗ്യതയില്ലാത്തതിന്റെ പേരില്‍ വിവാദമായ നിയമനത്തിന് സിന്‍ഡിക്കേറ്റിന്റെയും വിസിയുടേയും അംഗീകാരം വേണമെന്നിരിക്കെ മറ്റൊരാള്‍ ചുമതലയില്‍ വന്നാല്‍ കാര്യങ്ങള്‍ തകിടംമറിയുമെന്നതാണ് തിരക്കിട്ട നിയമനത്തിന് പിന്നില്‍.
തന്റെ രണ്ടാംവരവിനു കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നു വിസി തന്നെ മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമനങ്ങള്‍ നടത്തുമ്പോള്‍ സമ്മര്ദ്ദങ്ങളുണ്ടാകുമെന്നും വിസിക്ക് ഇതിനുള്ള അധികാരങ്ങളുണ്ടെന്നും മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ മുമ്പോട്ടുപോകുന്നത് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചു മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറുപത് വയസ്സ് പൂര്‍ത്തിയായ, കാലാവധി കഴിഞ്ഞ വിസിക്ക് പുനര്‍നിയമനം നല്കിയ സംഭവം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയില്‍ നടക്കുന്നത്. വിഷയത്തില്‍ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ഫോറവും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ ജാമിയ മിലിയ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വൃത്തിയില്‍ തിരിച്ചുകയറേണ്ടതായിരുന്നു പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്. വിസി സ്ഥാനം ഒഴിയുന്നതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യാത്രയയപ്പ് സമ്മേളനവും കണ്ണൂരില്‍ ആര്‍ഭാട പൂര്‍വ്വം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: