കൊച്ചി : പോലീസില്‍ പരാതി നല്‍കാനെത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ആലുവ എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീണാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതി നല്കാന് കഴിഞ്ഞ ദിവസം മോഫിയ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്ന മോഫിയയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സിഐക്കും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ കുറിപ്പിലുള്ളത്.
ഇവര്‍ കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ ഭര്‍ത്താവിനെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയശേഷം ഇവര്‍ മുറി അടച്ച് ഇരിക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എന്നാല്‍ ചര്‍ച്ചക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രതികരണം. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കെത്തിയപ്പോള്‍ മോഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സ്റ്റേഷനില്‍ വെച്ച് ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു. സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: