ന്യൂദല്‍ഹി: ചൈന ഇപ്പോള്‍ ഗ്രാമം സ്ഥാപിച്ചിട്ടുള്ളത് 1959ല്‍ പിടിച്ചെടുത്ത അസം റൈഫിള്‍സ് പോസ്റ്റുണ്ടായിരുന്ന പ്രദേശത്താണെന്ന് ഇന്ത്യ. അതേ സമയം അരുണാചലിലെ കയ്യേറ്റം ഇന്ത്യ അംഗീകരിക്കുകയോ ചൈനീസ് വാദം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയുടെ വിദേശ കാര്യവക്താവ് അരിന്ദാം ബാഗ്ചി പറഞ്ഞു. “പെന്റഗണ്‍ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തിപ്രദേശത്ത് ചൈന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ അനധികൃതമായി കയ്യടക്കിയപ്രദേശവും ഉള്‍പ്പെടുന്നു.”- അരിന്ദാം ബാഗ്ചി പറയുന്നു.
എന്തായാലും ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട പെന്റഗണ്‍ പുറത്തുവിട്ട വിവാദ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ വക്താവ്.
അതിർത്തിത്തർക്കമുള്ള അപ്പർ സുബൻസിരി ജില്ലയിലെ ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. ചൈന വർഷങ്ങളായി ഇവിടെ സൈനിക പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. 60 കൊല്ലമായി ചൈന കൈവശംവെക്കുന്ന സ്ഥലത്താണ് അവർ ഗ്രാമം പടുത്തുയർത്തിയതെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ ലോങ്ജുവിലൂടെ 1959ൽ ചൈന പിടിച്ചെടുത്ത അസം റൈഫിൾസ് പോസ്റ്റുണ്ടായിരുന്ന പ്രദേശത്താണ് ഇപ്പോൾ ഗ്രാമം സ്ഥാപിച്ചിട്ടുള്ളതെന്നും സൈനികവൃത്തങ്ങൾ പറയുന്നു.
നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്ത് റോഡുകളും പാലങ്ങളും പണിത് ഇന്ത്യയും അടിസ്ഥാന സൗകര്യം ശക്തമാക്കിയിട്ടുണ്ട്.-അരിന്ദം ബാഗ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: