തിരുവനന്തപുരം : മഴ ശക്തിയാര്‍ജിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398.32 അടിയിലേക്ക് എത്തിയിനെ തുടര്‍ന്നാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. 2398.03 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും, 2399.03 അടിയിലേക്ക് എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കണമെന്നാണ്.
തുലാവര്‍ഷം ശക്തിപ്രാപിക്കുകയം ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തെ മഴ കനത്തതോടെ ജലസംഭരണിയുടെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 20ാം തീയതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം.
അതിനിടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളില്‍ നാളേയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. വടക്കന്‍ തമിഴ്നാടിന് മുകളിലുള്ള ന്യൂന മര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: