കണ്ണൂര്‍: മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ചു പതിനൊന്നു വയസ്സുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. രോഗികളെ ആശുപത്രിയില്‍ പോകാന്‍ അനുവധിക്കാതെ ജപിച്ച് ഊതല്‍ നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍ പെട്ടുപോയ അനവധി കുടുംബങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഗുരുതര അസുഖങ്ങള്‍ ഉണ്ടായിട്ടും ആശുപത്രിയില്‍ പോകാതെ ഇമാമിന്റെ ജപിച്ചൂതലില്‍ അഭയം തേടിയവര്‍ ഇനിയുമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധി പേര്‍ക്ക് ഇമാം ഉവൈസ് ജപിച്ച് ഊതല്‍ ചികിത്സ നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പോയാല്‍ നരകത്തില്‍ പോകുമെന്നാണ് ഇയാള്‍ മറ്റുള്ളവരെ ഭയപ്പെടുത്തിയത്. കണ്ണൂര്‍ സിറ്റിയ നാലുവയല്‍ സത്താര്‍- സാബിറ ദമ്പതികളുടെ മകള്‍ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്നതിന്റെ തലേന്നാണ് ഫാത്തിമ പനി ബാധിച്ചു മരിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന് അന്നു പുലര്‍ച്ചെ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ചാണ് ഫാത്തിമ മരിച്ചത്. സ്വാഭാവിക മരണമെന്നാണെന്നും പോസ്റ്റുമാര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ കടുംപിടുത്തം പിടിച്ചെങ്കിലും പോലീസ് ഇടപെട്ട് പോസ്റ്റുമാര്‍ട്ടം നടത്തുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയും വിളര്‍ച്ചയുമാണ് മരണകാരണമെന്ന് പോസ്റ്റുമാര്ട്ടെത്തില് കണ്ടെത്തുകയായിരുന്നു.
2014 മുതല്‍ ഈ കാലയളവു വരെ അഞ്ചുപേര്‍ ഇയാളുടെ സ്വാധീനത്തില്‍ പെട്ട് വിശ്വാസത്തിന്റെ പേരില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. 2014ല്‍ പടിക്കല്‍ സഫിയ, 2016 ഓഗസ്റ്റില്‍ അഷ്രഫ്, 2017 ഏപ്രിലില്‍ നഫീസു, 2018 മേയില്‍ അന്‍വര്‍ എന്നിവരുടെ മരണത്തെക്കുറിച്ചാണ് പരാതി. അസുഖം ബാധിച്ചുള്ള സ്വാഭാവിക മരണം എന്ന് കാട്ടി പോസ്റ്റുമാര്‍ട്ടം നടത്താതെയാണ് ഇവരെയെല്ലാം സംസ്കരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട് ഇതെല്ലാം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണൂര്‍ സിറ്റിയിലെ ചില കുടുംബ വീടുകള്‍ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങള്‍ക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധിയെന്നാണ് അവകാശവാദം. ഖുറാനിലെ സൂക്തങ്ങള്‍ ചൊല്ലിയാല്‍ അസുഖം മാറും എന്നും ഇവര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: