കൊറോണ മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കിയ ‘ഡോക്ടര്‍’ കേരളത്തിലേക്ക്. ഒക്ട്ടോബര്‍ 25 കേരളത്തിലെ തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് ചെയ്യുന്നത് ശിവകാര്ത്തികേയന് സിനിമയായ ഡോക്ടറായിരിക്കും. നൂറിലധികം സ്ക്രീനുകളിലാണ് ഡോക്ടര്‍ റിലീസാകുന്നത്.
തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്ത്തികേയന് ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. റിലീസ് ദിവസം 8.2 കോടി രൂപയും പിറ്റേ ദിവസം 10.4 കോടി രൂപയുമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നു ലഭിച്ചത്. ഇന്നലെ 9.4 കോടി രൂപയാണ് സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. കൊറോണയുടെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയാണ് ഡോക്ടര്‍.
റിലീസ് ദിവസം രാവിലെ ആറു മണിക്ക് പ്രത്യേക ഷോ നടത്തിയിരുന്നു. ശിവകാര്ത്തികേയന്, സംവിധായകന് നെല്‍സണ്‍, സംഗീത സംവിധായകന് അനിരുദ്ധ് എന്നിവര്‍ ചെന്നൈയിലെ വെട്രി തിയറ്ററില്‍ ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു.
നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്ത്തികേയന് നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്, അരുണ്‍ അലക്സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വരവില്‍ അതും നീട്ടിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: