ഡോ. അബേഷ് രഘുവരന്
പണ്ട് നമുക്കൊരു കാലമുണ്ടായിരുന്നു. ‘അകലെയുള്ള പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തെഴുതി, അത് പോസ്റ്റോഫീസില്‍ കൊണ്ടുചെന്നു വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ചു, ചുവന്ന ഗ്യാസ് സിലിണ്ടര്‍ പോലെയുള്ള പെട്ടിയില്‍ നിക്ഷേപിക്കും. നമ്മുടെ ജോലി അതോടെ കഴിയും. അവിടെ നിന്നങ്ങോട്ട് കത്തിലെ സന്ദേശം എവിടെ വഴിയൊക്കെയോ പറക്കുകയാണ്. ഒടുവില്‍ ആ വിലാസക്കാരന് അതുകിട്ടാന്‍ മൂന്നുനാലു ദിവസമെടുക്കും. അതോടെ കഴിഞ്ഞില്ല, അയാള്‍ അത് വായിക്കുമ്പോള്‍ ഇവിടെ എഴുതിയ ആള് മനസ്സുകൊണ്ട് തൊട്ടറിയും. അയാള്‍ അതിന്റെ മറുപടി മറ്റൊരു കത്തില്‍ ചേര്‍ത്തുവയ്ക്കും. അതും മേഘസന്ദേശമായി പോസ്റ്റുമാന് നമ്മുടെ കൈകളിലെത്തിക്കും. സ്നേഹം പേറുന്ന, എണ്ണിയാലൊടുങ്ങാത്ത വിശേഷങ്ങള്‍ പേറുന്ന ചെറിയ കത്ത്.
മനുഷ്യന്റെ ഗൃഹാതുരത്വം പേറുന്ന ഓര്‍മ്മകളില്‍ മുമ്പനാണ് നാമെഴുതിത്തീര്ത്ത കത്തുകള്‍. വികസനത്തിന്റെ പിറകെ നാം നിര്‍ത്താതെ ഓടിയപ്പോള്‍ നമുക്ക് കൈമോശം വന്നത് കത്തുകളുടെ ഊഷ്മളതയായിരുന്നു. കത്തുകള്‍ നല്കിയ മൃദുല വികാരങ്ങളൊന്നും ഇ-മെയിനോ, വാട്സ്ആപ് സന്ദേശങ്ങള്‍ക്കോ നല്കാന് കഴിഞ്ഞിട്ടില്ല.
കത്തുകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കെത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നിരുന്നു. ഇന്ന് വാര്‍ത്താവിനിമയത്തിന് സെക്കന്‍ഡുകള്‍ മതി. എന്നാല്‍ കത്തുകളുടെ ആ സുന്ദരകാലത്തിന്റെ മധുരവും, നൊമ്പരവും ആയിരുന്നു ആ കാത്തിരിപ്പുകള്‍. ഈ തപാല്‍ ദിനത്തിലും ആ ഗൃഹാതുരത്വത്തെയല്ലാതെ മറ്റൊന്നും നമുക്ക് ഓര്‍ക്കുവാനാവില്ല.
കൊവിഡ് കാലം നമ്മുടെ നാടിനെ എല്ലാ അര്‍ത്ഥത്തിലും നിശ്ചലമാക്കിയപ്പോഴും തപാല്‍ വകുപ്പ് വിശ്രമമില്ലാതെ ജോലിചെയ്യുന്നുണ്ടായിരുന്നു. വാക്സിനുള്‍പ്പെടെയുള്ള മനുഷ്യന്റെ ജീവല്‍ മരുന്നുകളും മറ്റും തപാല്‍വകുപ്പിന്റെ കീഴില്‍ ആവശ്യക്കാര്‍ക്കായി എത്തിക്കൊണ്ടിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു തപാല്‍ വകുപ്പിലും വികസനത്തിന്റെ സ്ഫുലിംഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്. പക്ഷേ, അതിന്റെ ജനകീയ മനസ്സിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഈ തപാല്‍ ദിനം തപാല്‍ സംവിധാനത്തിലും, മനുഷ്യന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിയിലും തപാല്‍ വകുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.
1969 ല്‍ ടോക്യോയില്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് കോണ്‍ഗ്രസില്‍ ആണ് എല്ലാ ഒക്ടോബര്‍ ഒന്‍പതാം തീയതിയും ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ‘വീണ്ടെടുക്കലിനായി നവീകരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ തപാല്‍ദിന മുദ്രാവാക്യം. കൊവിഡ് നഷ്ടപ്പെടുത്തിയ സമസ്ത മേഖലയുടേയും വീണ്ടെടുക്കലിന് തപാല്‍ വകുപ്പുകൂടി ഭാഗമാവുകയും, അതിന്റെ മുന്നോടിയായി സ്വയം നവീകരിക്കുകയുമാണ് ചെയ്യുന്നത്.
നമുക്ക് പൂര്‍ണ്ണമായും തപാല്‍ യുഗത്തിലേക്ക് മടങ്ങാനാവില്ല. പക്ഷെ, തപാലിനെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കത്തുകള്‍ അയയ്ക്കുന്നത് ഇന്ന് നന്നേ കുറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ കത്തിടപാടുകള്‍ മുഴുവന്‍ നിര്‍വ്വഹിക്കുന്നത് തപാല്‍ വകുപ്പാണ്. കൂടാതെ, പാഴ്സല്‍ സര്‍വീസ്, സാമ്പത്തിക സമ്പാദ്യ സ്കീമുകള്‍ തുടങ്ങി പല വിധ സര്‍വീസുകള്‍ ഇന്ന് തപാല്‍ വഴി നല്‍കുന്നുണ്ട്. ഇന്നും ഒരു കത്ത് നമ്മെ തേടിയെത്തുമ്പോള്‍, ഒരു പാഴ്സല്‍ പോസ്റ്റ്മാന് കൊണ്ടുവരുമ്പോള്‍ അറിയാതെ നമുക്ക് തോന്നുന്ന സന്തോഷവും, ആകാംക്ഷയും തന്നെയാണ് ഈ ദിനത്തിന്റെ സൗന്ദര്യവും, പ്രാധാന്യവും.
(കുസാറ്റില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
9946199199
പ്രതികരിക്കാൻ ഇവിടെ എഴുതുക: