അഭയാര്‍ത്ഥികളുടെ നോവും വേവും നൊമ്പരങ്ങളും എഴുത്തില്‍ നിറച്ചാണ് അബ്ദുള്‍ റസാഖ് ഗുര്‍ണ തന്റെ നിലപാട് പ്രഖ്യാപിച്ചത്. വര്‍ണവെറിയും വംശീയാധിപത്യവും വിതച്ച രക്തരൂക്ഷിത കാലങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളോടായിരുന്നു ഗുര്‍ണയ്ക്ക് പ്രിയം. ഗുര്‍ണ എഴുതിയതത്രയും കോളനിവാഴ്ചയിലെ ജീവിതങ്ങളെക്കുറിച്ചായിരുന്നു. അതില്‍ ഇന്ത്യയിലെ ജീവിതങ്ങളും പെടുന്നു.
‘കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം’ അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.
‘പാരഡൈസ്’ എന്ന വിഖ്യാത നോവലിലൂടെ ഗുര്‍ണ വരച്ചിട്ട യൂസഫ് എന്ന കുട്ടിയുടെ ജീവിതചിത്രം ലോകം ചര്‍ച്ച ചെയ്തതാണ്. ഗുര്‍ണ പിറന്ന ടാന്‍സാനിയയില്‍ നിന്നുതന്നെയാണ് യൂസഫും വന്നത്. കാവ എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് യൂസഫ് പിറന്നത്. ഒരു സാധാരണ ഹോട്ടല്‍ വ്യവസായിയുടെ മകന്. കടം കയറിയപ്പോള്‍ അച്ഛന് അവനെ സമ്പന്നനായ അറബിക്ക് പണയപ്പെടുത്തി. വേതനമില്ലാത്ത വേലക്കാരനായി അവന് പണിയെടുത്തു. അടിമവേലയ്ക്കിടെ അറബിക്കൊപ്പം കിഴക്കന്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയ്ക്കിടയില്‍ അവന് കണ്ട കാഴ്ചകളില്‍ അന്നത്തെ രാഷ്ട്രീയമുണ്ടായിരുന്നു. കോംഗോയിലും മറ്റുും നടന്ന ജര്‍മ്മന്‍ അധിനിവേശത്തിന്റെ കാഴ്ചകള്‍. അബ്ദുള്‍ റസാഖ് ഗുര്‍ണ യൂസഫിലൂടെ പകര്‍ത്തിയത് കാലത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞ മായാത്ത കാഴ്ചകളായിരുന്നുവെന്ന് സാഹിത്യലോകം വിലയിരുത്തി.
ടാന്‍സാനിയയിലെ സാന്‍സിബര്‍ ദ്വീപില്‍ ബാല്യമുപേക്ഷിച്ച് ഗുര്‍ണ 1968ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സാന്‍സിബറിലെ കാറ്റും കാല്‍പെരുമാറ്റങ്ങളുമായിരുന്നു ഇംഗ്ലണ്ടിലെ ജീവിതത്തിലും ഗുര്‍ണയ്ക്ക് ഊര്‍ജ്ജമായത്. ലണ്ടന്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് കോളജിലായിരുന്നു പഠനം. കെന്റ് സര്‍വകലാശാലയില്‍ നിന്ന് 1982ല്‍ പിഎച്ച്ഡി. 80 മുതല്‍ 82 വരെ നൈജീരിയയിലെ ബയേറോ സര്‍വകലാശാലയില്‍ അധ്യാപകന്.
ഇരുപത്തൊന്നാം വയസ്സില്‍ എഴുതാന്‍ തുടങ്ങിയതാണ് ഗുര്‍ണ. പത്ത് നോവലുകള്‍, അസംഖ്യം ചെറുകഥകള്‍. ബുക്കറിന്റെ വക്കില്‍ രണ്ടുതവണ. ആഫ്രിക്കന്‍ ജീവിതത്തെയും എഴുത്തിനെയും ലോകത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു ഗുര്‍ണ. നൊബേലിന്റെ തലപ്പൊക്കത്തില്‍ അബ്ദുള്‍ റസാഖ് ഗുര്‍ണ ഇടം പിടിക്കുമ്പോള്‍ സാന്‍സിബറിലെ സാധാരണജീവിതാനുഭവങ്ങളും ലോകം കാണുകയാണ്. ഒരു തരത്തില്‍ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത് അങ്ങനെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: