ആലപ്പുഴ: മകള്‍ക്കൊപ്പം സുരക്ഷിതമായി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയണമെന്ന വിധവയായ വീട്ടമ്മയുടെ ആഗ്രഹം അധികൃതരുടെ അനാസ്ഥയില്‍ നീണ്ടു പോകുന്നു. ആര്യാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് തുമ്പോളി വടക്കാലശേരി വീട്ടില്‍ വിമലകുമാരിയും മകള്‍ സുര്യഗായത്രിയുമാണ് ദുരിത ജീവിതം നയിക്കുന്നത്. സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രി. മൊബൈല്‍ ഫോണ്‍ കേടായതിനാല്‍ പഠനവും പ്രതിസന്ധിയിലാണ്.
ഭര്‍ത്താവ് പത്തു വര്‍ഷം മുന്‍പ് മരിച്ച വിമലകുമാരി മകള്‍ക്കൊപ്പം രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസം. പല തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഭവന പദ്ധതിയില്‍ ഒന്നും ഉള്‍പ്പെടുത്താതെ അവഗണിക്കുകയായിരുന്നു. കേന്ദ്രപദ്ധതിയായ പിഎംഎവൈയില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചെങ്കിലും തുടര്‍നടപടിയില്ല. അന്വേഷിക്കുമ്പോള്‍ വിവിധ കാരങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ്.
രണ്ടര വര്‍ഷമായി കഴിയുന്ന കൂരയ്ക്ക് നമ്പര്‍ നല്കാന് പഞ്ചായത്ത് തയ്യാറാകാതിരുന്നതിനാല്‍ വൈദ്യുതി പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നമ്പര്‍ നല്‍കിയത്. കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്മ ഇടപെട്ട് വൈദ്യുതി കണക്ഷന് നല്കി. കക്കൂസ് ഇല്ലാത്തതിനാല്‍ അയല്‍വീടുകളെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ ഇടപെട്ട് കക്കൂസ് സൗകര്യം ഒരുക്കി നല്കി. നാമമാത്രമായ തയ്യല്‍ ജോലിയില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. കോവിഡിനെ തുടര്‍ന്ന് വരുമാനം പോലും പ്രതിന്ധിയിലായി. സുരക്ഷിതമായി കഴിയുന്നതിന് വീട്, മകളുടെ പഠനത്തിന് അത്യാവശ്യം ഫോണ്‍, പട്ടിണിയില്ലാതെ കഴിയുന്നതിന് സ്ഥിരവരുമാനം എന്നതാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: