ജയപ്രകാശ് അങ്കമാലി
അമ്പതു വര്‍ഷം മുന്‍പ് അന്തര്‍ധാനം ചെയ്ത ഒരു മഹാസാഹിത്യകാരന്റെ സര്‍ഗ്ഗ സാന്നിദ്ധ്യം സര്‍വ്വകലാശാലയിലെ ഗവേഷണ കേന്ദ്രം മുതല്‍ ഗ്രാമാന്തരത്തിലെ വായനശാലയില്‍ വരെ ഇന്നും കണ്ടെന്നു വരും. എന്നാല്‍ അമ്പതുവര്‍ഷം മുന്‍പ് അസ്തമിച്ച ഒരു ചലച്ചിത്രതാരത്തിന്റെ നാട്യസാന്നിദ്ധ്യം സിനിമാശാലകളിലോ ടിവി ചാനലുകളിലോ പ്രേക്ഷക മനസ്സുകളിലോ ഇന്നുണ്ടാവുക എന്നത് പ്രയാസമാണ്. സാഹിത്യം വളരെ പതുക്കെ മാത്രം നവീകരിക്കപ്പെടുന്നതാണെങ്കില് സിനിമ ദ്രുതഗതിയില്‍ പുതുക്കപ്പെടുന്നു എന്നതാകാം ഒരു കാരണം. സാഹിത്യദൃശ്യങ്ങള് മനസ്സുകൊണ്ടു മാത്രം കാണാനാവുന്ന സൂക്ഷ്മകലയാണെങ്കില് ചലച്ചിത്ര ദൃശ്യങ്ങള്‍ കണ്ണുകള്‍കൊണ്ടു തന്നെ കാണേണ്ട സ്ഥൂലകലയാണ് എന്നതിനാല്‍ സിനിമയുടെ ആസ്വാദനതലം പ്രത്യക്ഷവും ദ്രുതവ്യാപകവുമാണെന്നതും കാരണമാകാം.
അങ്ങനെയിരിക്കെ അമ്പതാണ്ടു മുന്‍പ്, കത്തിജ്ജ്വലിക്കുന്ന കലാജീവിത മദ്ധ്യാഹ്നത്തില്‍ അസ്തമിച്ച സത്യന് എന്ന നടന് ഇന്നും സിനിമയുടെ രാജവീഥികളിലൂടെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവരുടെ അഭിനയരഥങ്ങള്ക്കിടയിലൂടെ, കീരിടമഴിച്ചുവച്ചെങ്കിലും ചക്രവര്ത്തിത്തലയെടുപ്പിന് കുറവില്ലാതെ, ഏകാകിയായി നടന്നുവരുന്നതു കാണാനാവുന്നുണ്ടെങ്കില്‍ ആ നടന് സവിശേഷമായ എന്തെങ്കിലും കാലാതീത ശക്തി ഉണ്ടാകണം. സത്യന്റെ സിനിമകള്‍ തീയേറ്ററുകളിലോ ടിവി ചാനലുകളിലോ ഉണ്ടാകാറില്ലെങ്കിലും യുട്യൂബിലും മറ്റും തലമുറഭേദമില്ലാതെ പതിനായിരങ്ങള്‍ കാണുന്ന ദൃശ്യസാന്നിദ്ധ്യമായി നിലനില്‍ക്കുന്നുണ്ട്. പുതിയ തലമുറയും സത്യന്റെ അഭിനയത്തില്‍ ആകൃഷ്ടരായി അദ്ദേഹത്തിന്റെ ആരാധകരാവുന്നുണ്ട്.
അവിശ്വസനീയം എന്നുതന്നെ പറയാവുന്നതാണ് ഒരു സിനിമാനടന്റെ, കലയിലൂടെയുള്ള ഈ മരണാനന്തര ജീവിതം. 1980 നു ശേഷം സിനിമയിലുണ്ടായ രൂപപരവും ആവിഷ്കാരപരവുമായ മാറ്റങ്ങള്‍, പ്രേക്ഷകനെ ആസ്വാദനത്തിന്റെ ഉന്നതതലം വരെയെത്തിച്ചു എന്നത് ഓര്‍ക്കണ്ടതാണ്. ഏതു വിരസതയും സരസമാക്കുന്ന വിധം, ഒരു നിമിഷം പോലും പ്രേക്ഷക ശ്രദ്ധയുടെ ഇതള്‍ ചിമ്മിപ്പോകാത്ത മട്ടില്‍, രസനീയതയോടെ സീനുകള്‍ ആരചിക്കാനുള്ള വൈഭവം ഇക്കാലഘട്ടത്തില്‍ ഏറ്റവും പ്രകടമായിരുന്നു. കലാമൂല്യമുള്ള സിനിമകളുടെ സ്രഷ്ടാവ് എന്ന നിലയില്‍ പ്രഖ്യാതനായ ഒരു മലയാള ചലച്ചിത്ര സംവിധായകന്, തനിക്കേറ്റവും ഇഷ്ടപ്പെട്ട ദിലീപ് സിനിമ ‘സിഐഡി മൂസ’യാണെന്ന് പറഞ്ഞതോര്‍ക്കുന്നു. പലപ്പോഴും നിശ്ശബ്ദവും വചോശൂന്യവുമായ കഥാ സന്ദര്‍ഭങ്ങളും മന്ദഗതിയിലുള്ള ആഖ്യാനവുമുള്ള ഇദ്ദേഹത്തിന്റെ സിനിമകള്‍ സാധാരണ പ്രേക്ഷകന് സ്വയം പിടിച്ചിരുത്തി കാണേണ്ടി വരും. എന്നാല്‍ സിഐഡി മൂസ പോലുള്ള സിനിമകള്‍ ഇത്തരം സംവിധായകരെ പോലും പിടിച്ചിരുത്തുന്നുവെങ്കില്‍, ഏതുതരം സിനിമയാണു കലാമൂല്യം എന്നു സംശയിച്ചു പോകും. രസമാണ് കലയുടെ ജീവന് എന്ന ആപ്തവാക്യം ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
ഇത്രയും പറഞ്ഞ് സത്യന്റെ കാലഘട്ടത്തിലെ സിനിമക്ക് ആധുനിക സിനിമയുടേതായ രസനീയ ഗുണങ്ങള്‍ താരതമ്യേന കുറവായിരുന്നു എന്ന് ഓര്‍ത്തുകൊണ്ടാണ്. കൃത്രിമ സെറ്റുകളിലെ ചിത്രീകരണം, നടീനടന്മാരുടെ അഭിനയത്തിലെ നാടകസ്വാധീനം, വര്ണപ്പൊലിമയില്ലായ്മ, കുറച്ചൊക്കെ ഇഴഞ്ഞു നീങ്ങുന്ന കഥാഖ്യാനം, ക്യാമറ കൊണ്ടുള്ള കലാവൈഭവം പ്രകടമാക്കുന്ന ദൃശ്യവൈവിധ്യങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഇന്നത്തെ സിനിമാ പ്രേക്ഷകന് അറുപതുകളിലെ സിനിമ കാണുക എന്നത് അരോചകമാകാം. സിനിമയ്ക്കുവേണ്ടിയെഴുതുന്ന കഥകളുമല്ല അന്ന് ഭൂരിഭാഗവും സിനിമയായി വന്നത്. സാഹിത്യ ഗ്രന്ഥങ്ങള്‍ സിനിമയാക്കുമ്പോള്‍ ഉണ്ടാക്കുന്ന രൂപാന്തര നിര്‍മിതി ക്ലേശങ്ങള്‍ വലുതാണ്. പുസ്തകത്തോട് നീതി പുലര്ത്തുന്നതായില്ല അതില്‍നിന്നുണ്ടായ സിനിമ എന്ന പരാതി ഗ്രന്ഥകര്‍ത്താവിനു മുതല്‍ വായനക്കാരന് കൂടിയായ പ്രേക്ഷകനു വരെ ഉണ്ടാകും. ഇത്തരം ക്ലിഷ്ടതകളില്‍ നിന്നും രൂപപ്പെട്ട പഴയ സിനിമകള്‍ക്ക് അതിന്റേതായ രസലോപങ്ങളും ഉണ്ടാകുന്നതില്‍ എങ്ങനെ കുറ്റം പറയും?
ഇങ്ങനെ പല പോരായ്മകളുമുള്ള സിനിമകളില്‍ ജീവിച്ച സത്യന്റെ അഭിനയകല, പശ്ചിമതീരത്തു കൂടിനിന്ന് ഗ്രഹണം കഴിഞ്ഞ് തെളിഞ്ഞുവരുന്ന പൂര്‍ണചന്ദ്രനെ കാണുന്ന ജനങ്ങളുടെ ഹര്‍ഷത്തോടെ, ഇന്നത്തെ പ്രേക്ഷകരും ആസ്വദിക്കുന്നുണ്ടെങ്കില്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ ആ നടനകലയുടെ ശക്തി ഊഹിക്കാനാകും.
ഇപ്പോള്‍ ആറാം ക്ലാസില്‍ ‘ഓടയില്‍ നിന്ന്’ നോവലിന്റെ ഒരു ഭാഗം പാഠ്യവിഷയമാണ്. പഠനസഹായത്തിനായി വിദ്യാര്‍ത്ഥികള്‍ ‘ഓടയില്‍ നിന്ന്’ എന്ന സിനിമ കാണാറുണ്ട്. 1964 ല്‍ നിര്‍മിച്ച ആ സിനിമ, ഭാര്‍ഗ്ഗവ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരം മുതല്‍ വടക്കെ ഗോപുരംവരെ നിരന്നിരുന്ന് 2021ലും കാണുന്ന പത്തു വയസ്സുള്ള ബാലികാബാലന്മാര് ധനുസ്സ് കടലില്‍ സമര്‍പ്പിച്ച് ദേഹം വെടിഞ്ഞുപോയ ഇതിഹാസ പുരുഷനെ എന്നപോലെ സത്യനെ നിഷ്കളങ്കമായി പ്രശംസിക്കുന്നു. അത് താരാരാധന കൊണ്ടൊ, അറിവില്ലായ്മ കൊണ്ടോ ഉണ്ടായ പ്രശംസയല്ല. റിക്ഷാക്കാരന് പപ്പുവിന്റെ വിവിധ ജീവിതഘടകങ്ങള്‍ ആ നടനിലൂടെ കടന്നുപോകുമ്പോഴുണ്ടായ കലയുടെ മിന്നല്‍ പ്രകാശം നേരെ ഇളംഹൃദയങ്ങളില്ച്ചെന്നു പതിച്ച്, സ്വാഭാവികമായി സംഭവിച്ചതാണ്.
സത്യന്റെ അഭിനയ സിദ്ധാന്തം വളരെ ലളിതമായിരുന്നു എന്നാല്‍ മഹത്തുമായിരുന്നു. ജീവിതത്തിലില്ലാത്ത ഒരു രീതിയും സിനിമയില്‍ കാണിക്കരുത് എന്നതായിരുന്നു അത്. അതുകൊണ്ടാണ് വാക്കിലും പെരുമാറ്റത്തിലും സത്യന്റെ അഭിനയത്തിന് സ്വാഭാവികതയുണ്ടായത്. കഥാപാത്രത്തിന്റെ വംശീയവും ദേശീയവും സ്വഭാവപരവുമായ പ്രത്യേകതകളെല്ലാം ഉള്‍ക്കൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. മുക്കുവനായി അഭിനയിക്കുമ്പോല്‍ മുക്കുവന്റെ എല്ലാ രീതികളും തന്നില്‍ ഉള്‍ക്കൊള്ളിച്ച് പ്രകാശിപ്പിക്കാന്‍ സത്യന് ശ്രദ്ധിച്ചു. ഒപ്പം ആ കഥാപാത്രത്തിന്റെ പ്രത്യേക സ്വഭാവ രീതികളും.
റിക്ഷാക്കാരനാകുമ്പോള് തനി റിക്ഷാക്കാരന്. ഒരിക്കല്‍ കൊല്ലം ജംഗ്ഷനില്‍ ‘ഓടയില്‍ നിന്നി’ന്റെ ഷൂട്ടിങ് കാണാന്‍ എത്തിയ കേശവദേവ്, ഒരാള്‍ ഗൗരവത്തോടെ റിക്ഷ വലിച്ചു വന്ന് മറ്റു റിക്ഷകളുടെ കൂട്ടത്തിലിട്ട്, അതിന്റെ കൈപ്പിടിയിലിരുന്ന് ബീഡി കത്തിച്ചുവലിക്കുന്നത് കണ്ട് കൗതുകത്തോടെ അതാരാണെന്ന് അന്വേഷിച്ചു. അത് സത്യനാണെന്ന് കേട്ടപ്പോള്‍ കരാര്‍ ഉറപ്പിക്കാന്‍ തന്നോട് സംസാരിച്ച സത്യനെ പപ്പുവിന്റെ വേഷത്തില്‍ വന്നപ്പോള്‍ ദേവിന് തിരിച്ചറിയാനായില്ല. വ്യക്തിയില്‍നിന്ന് കഥാപാത്രത്തിലേക്ക് പരിണമിക്കുമ്പോള്‍ സത്യന് പൂര്‍വശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നതുപോലെ അടിമുടി മാറുമായിരുന്നു.
ഇതേ മാതിരിയുള്ള പാത്രാനുഭവത്തില്നിന്നാണ്, ഒരു വിദേശി ചെമ്മീന്‍ കണ്ടിട്ട്, പളനിയായി അഭിനയിച്ചത് യഥാര്‍ത്ഥ മുക്കുവന് തന്നെയല്ലേ എന്നു ചോദിച്ചതും.
‘ഒരു പെണ്ണിന്റെ കഥ’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പേരെഴുതി കാണിക്കുകയല്ല, സിനിമയിലെ നായകനായ സത്യന് വന്ന് അവരെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. പരിചയപ്പെടുത്തല്‍ കഴിഞ്ഞ് ‘ഇനി ഞാന്‍ മേക്കപ്പ് ചെയ്തു വരട്ടെ’ എന്നു പറഞ്ഞു മറഞ്ഞ സത്യന്, സിനിമയില്‍ മാധവന് തമ്പിയായി കടന്നുവന്നപ്പോള്‍, ഇത് സത്യന് തന്നെയാണോ എന്ന് തീയേറ്ററില്‍ സദസ്സ് സംശയിക്കുന്നതു കേട്ടിട്ടുണ്ട്.
പല നടന്മാരാണ് ഓരോ സിനിമയിലും അഭിനയിച്ചത് എന്നു തോന്നുംവിധം സത്യന്റെ വേഷങ്ങള്‍ എല്ലാം രൂപഭാവങ്ങളില്‍ പരസ്പരം വ്യത്യസ്തമായിരുന്നു. ഒരേ പ്രകൃതക്കാരായ കഥാപാത്രങ്ങള്‍ പോലും സത്യനിലെത്തുമ്പോള് പരസ്പരം ബന്ധമില്ലാത്തവിധം സവിശേഷ വ്യക്തിത്വമുള്ളവരായിത്തീരുന്നു. കടല്‍പ്പാലം, ത്രിവേണി, ഒരു പെണ്ണിന്റെ കഥ എന്നീ സിനിമകളില്‍ സത്യന് സമൂഹത്തില്‍ മാന്യതയുള്ള, ധനികരായ മൂന്നു വൃദ്ധ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മറ്റു നടന്മാര് അഭിനയിച്ചാല്‍ ഈ മൂന്നു വൃദ്ധവേഷങ്ങളും ഒരേപോലെയിരിക്കും. പക്ഷേ സത്യന് ഈ മൂന്നു വൃദ്ധകഥാപാത്രങ്ങളിലേക്ക് ആത്മപ്രവേശം നടത്തിയപ്പോള്‍ ആകാരത്തിലും പ്രകാരത്തിലും എന്തിനു ഭാഷണശൈലിയില്‍ വരെ ഓരോ പാത്രവും വിഭിന്നങ്ങളായിത്തീര്ന്നു. മറ്റു ചില നടന്മാരുടെ വൃദ്ധ കഥാപാത്രങ്ങളെ നോക്കുക. ഏതു സിനിമയിലെയാണ് എന്ന് വേര്‍തിരിച്ചറിയാനാവാത്ത വിധം അവരുടെ വേഷങ്ങള്‍ എല്ലാ സിനിമയിലും ഒരേപോലെയിരിക്കും. വേണമെങ്കില്‍ അവര്‍ക്ക് എല്ലാ സിനിമയുടെ സെറ്റിലും ഒരേ മേക്കപ്പോടെ ചെന്ന് അഭിനയിക്കാം. അഥവാ അങ്ങനെയാണ് അവര്‍ അഭിനയിച്ചതെന്നു തോന്നും.
പഴയ നടീനടന്മാരുടെ അഭിനയത്തെക്കുറിച്ചുള്ള വലിയ പരാതി അവരുടേത് അമിതാഭിനയമാണെന്നത്രേ. തെലുങ്ക്, തമിഴ് സിനിമകളിലെ പോലെയുള്ള കൃത്രിമാഭിനയം അന്ന് മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മലയാളത്തില്‍ കലകള്‍ക്കും സാഹിത്യത്തിലും സ്വതഃസിദ്ധമായ ലാളിത്യവും മാധുര്യവുമുണ്ട്. ഭാഷയുടെയും ദേശത്തിന്റെയും പ്രത്യേകതകള്‍ കൊണ്ടുകൂടിയാകാമത്. തച്ചോളി ഒതേനന് വീരപുരുഷനാണെങ്കിലും അദ്ദേഹത്തിന്റെ ആകൃതിപ്രകൃതികള്‍ തമിഴിലെ വീരപാണ്ഡ്യകട്ടബൊമ്മനെ പോലെയാകില്ല. മലയാള സിനിമയില്‍ അത്തരം ലളിതമായ അഭിനയശൈലി തന്നെയാണുണ്ടായിരുന്നത്. ചില വികാരഭരിത രംഗങ്ങളില്‍ ചില നടീനടന്മാരുടെ ഭാവഭാഷണങ്ങളില് അല്‍പ്പം ആധിക്യം കണ്ടേക്കുമെന്നു മാത്രം. അത് പിന്നീടുവന്ന സിനിമകളിലും മറ്റു തരത്തില്‍ കാണാവുന്നതാണ്. ജീവിതത്തില്‍, മനുഷ്യര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പെരുമാറുകയും പറയുകയും ചെയ്യുന്ന പോലെയല്ല ഏതു കാലത്തെ സിനിമയിലും കഥാപാത്രങ്ങള്‍ വര്‍ത്തിക്കുന്നത്. അത് ഒരു സിനിമാശൈലിയിലാണ്. ചലനങ്ങള്‍, ഭാവപ്രകടനങ്ങള്‍, സംഭാഷണങ്ങള്‍ എല്ലാം. സംശയമുണ്ടെങ്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ നടന്മാരുടെ ഏതെങ്കിലും വികാരവിക്ഷുബ്ധമായ അഭിനയ സന്ദര്‍ഭം നിരീക്ഷിച്ചിട്ട്, തത്സമമായ ജീവിതസന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ വീട്ടിലും പുറത്തും ആ വിധത്തിലാണോ പറയുകയും പെരുമാറുകയും ചെയ്യുന്നതെന്ന് ആലോചിച്ചു നോക്കിയാല്‍ മതി. അല്ലെങ്കില്‍ നടീനടന്മാര് സിനിമയില്‍ കാണിക്കുന്ന പോലെ മനുഷ്യര്‍ പെരുമാറിയാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചാല്‍ മതി.
ഇനി ഇക്കൂട്ടത്തില്‍ സത്യന്റെ അഭിനയ ശൈലിയിലേക്കു വന്നാലോ? അക്കാലത്തു തന്നെ സ്വാഭാവികാഭിനയം കാഴ്ചവച്ച നടന് എന്നതാണ് അദ്ദേഹത്തിന്റെ കീര്‍ത്തി. ഇപ്പോള്‍ അമേരിക്കന്‍ നിവാസിനിയായ പഴയ നടി അംബികയോട് ഒരു സംഭാഷണത്തിനിടയ്ക്ക് ഒരാള്‍ ചോദിച്ചു.
”അന്നത്തെ അമിതാഭിനയക്കാരായ നടീനടന്മാര്ക്കിടയില് സത്യന് യഥാതഥാഭിനയം കാഴ്ചവച്ചിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലേ.”
ഇല്ല എന്നായിരുന്നു അംബികയുടെ മറുപടി. ഒരുപക്ഷേ അന്നത്തെ അഭിനേതാക്കള്‍ സത്യന്റെ അഭിനയം പാഠാമാക്കിയിരുന്നെങ്കില് കുറെക്കൂടി സ്വാഭാവിക തലത്തിലേക്ക് അവരുടെ നടനം എത്തുമായിരുന്നു.
നാടകമല്ല സിനിമ എന്ന വിവേകം സത്യന് നന്നായുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ സത്യന്റെ ചലച്ചിത്ര നാട്യശാസ്ത്രം ‘ജീവിത സാധാരണമല്ലാത്ത ഒന്നും അഭിനയത്തില്‍ ഉണ്ടാവരുത് എന്നാണല്ലൊ. നടന് രാഘവന് പറഞ്ഞ ഒരു കാര്യം ഇവിടെ സ്മരണീയമാണ്. രാഘവന് സത്യന്റെ കൂടെ ആദ്യമായി വീട്ടുമൃഗം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തന്നേക്കാള്‍ മുമ്പേ സെറ്റിലെത്തി മേക്കപ്പിട്ട് ഒരുങ്ങിയിരിക്കുന്ന മഹാനടന്റെ മുന്പില് ഭയാദരസംശയങ്ങളോടെ ചെന്നുനിന്നു. സംവിധായകന് പരിചയപ്പെടുത്തി. ഉടനെ സത്യന് രാഘവനെ കൈപിടിച്ച് അടുത്തിരുത്തി സ്നേഹവാത്സല്യങ്ങളോടെ പറഞ്ഞു.
”നിങ്ങളെപ്പോലെ അഭിനയം പഠിച്ചവരൊക്കെ സിനിമയില്‍ വരണം സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചതല്ലേ. അപ്പോള്‍ ഞാന്‍ കൂടുതലൊന്നും പറഞ്ഞു തരേണ്ടതില്ലല്ലൊ. പക്ഷേ നാടകമല്ല സിനിമ എന്നറിയാമല്ലൊ.”
ഇവിടെ പ്രകാശിക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, പുതുമുഖങ്ങളോട് സത്യന് കാണിച്ചിരുന്ന പ്രോത്സാഹന മനോഭാവവും സ്നേഹവാത്സല്യങ്ങളും. മറ്റൊന്ന് സിനിമ നാടകമല്ല എന്ന അദ്ദേഹത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
ആ കാഴ്ചപ്പാടുള്ള നടനായതുകൊണ്ടാണ് അദ്ദേഹത്തിന്റെ അഭിനയം സ്വാഭാവികതയുടെ അഴകുള്ളതായത്. അക്കാലത്തും ശങ്കരാടിയുടെ വാചികാഭിനയം സ്വാഭാവിക ശൈലിയിലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ലളിതസ്വഭാവികളും കാരണവര്‍, കാര്യസ്ഥന് തുടങ്ങി വലിയ സംഘര്‍ഷങ്ങള്‍ അനുഭവിക്കാത്ത സാധാരണ തലത്തിലൂടെ കടന്നുപോകുന്നവരും ആയിരുന്നതിനാല്‍ അഭിനയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്ന നടനല്ല. അതുകൊണ്ടാണ് സ്വാഭാവികാഭിനയമായിട്ടും ശങ്കരാടി, മഹാനടന് എന്നു വിശേഷിപ്പിക്കപ്പെടാതെ പോയത്.
നീലക്കുയില്‍ എന്ന സിനിമയില്‍ നീലി എന്ന പുലയിപ്പെണ്ണ് തന്നില്‍ നിന്നു ഗര്‍ഭിണിയായിരിക്കുന്നു എന്ന വിവരം അവള് തന്നെ പറയുമ്പോള്‍ ശ്രീധരന് നായര്‍ എന്ന അദ്ധ്യാപകന്റെ മുഖത്ത് ഉചിതമായ ഭാവഭേദങ്ങളുണ്ടായില്ല എന്ന് സിനിമയ്ക്ക് അക്കാലത്ത് സത്യന്റെ അഭിനയത്തെ കുറ്റപ്പെടുത്തി നിരൂപണമെഴുതിയത്രേ. ആ രംഗം നോക്കിയാലറിയാം അങ്ങനെയൊരു സന്ദര്‍ഭത്തില്‍ അത്തരമൊരു വ്യക്തിക്കുണ്ടാകാവുന്ന അന്തഃസ്തോഭം മുഴുവന്‍ കഥാപാത്രത്തിന്റെ മുഖത്തു വരുന്നുണ്ട്. സാധാരണ സിനിമാശൈലിയിലാണെങ്കില് ആ സന്ദര്‍ഭത്തില്‍ നടന് വലിയ ഞെട്ടല്‍ കാണിക്കുകയും മുഖത്ത് വലിയ ഭാവപ്രകടനങ്ങള്‍ നടത്തുകയും ചെയ്യും. പക്ഷേ ജീവിതത്തില്‍ ഒരു മനുഷ്യന്റെ അവസ്ഥ അപ്പോള്‍ സത്യന് കാണിച്ചത് പോലെയാണ് എന്നതത്രേ യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥ ലോകത്തിലുള്ളതില്നിന്നു വ്യത്യസ്തമായി നടന് സിനിമയില്‍ ഒന്നും കാണിക്കേണ്ടതില്ല എന്ന തന്റെ അഭിനയമാണ് സത്യന് 1954 ല്‍ തന്നെ പ്രകടമാക്കിയത്.
സിനിമാഭിനയത്തില്‍ വാചികം, ആംഗികം എന്നീ നാട്യാംഗങ്ങളേക്കാള് ഭാവാഭിനയം എന്നു പറയപ്പെടുന്ന മനോവികാരാവിഷ്കാരത്തിനാണു പ്രാധാന്യം. അതുകൊണ്ടാണ് പ്രധാന കഥാസന്ദര്‍ഭങ്ങളില്‍ ക്യാമറ അഭിനേതാവിന്റെ മുഖത്തേക്ക് കേന്ദ്രീകരിക്കുന്നത്. മനസ്സമുദ്രത്തെ മുഖകുംഭത്തിലൊതുക്കി നാട്യാചമനം നടത്തുന്ന സത്യന് എന്ന കലയുടെ ഋഷി പ്രകടിപ്പിച്ച പല വിസ്മയമുഹൂര്ത്തങ്ങളുമുണ്ട്. അവ മുഴുവന്‍ ഇവിടെ പറയാനാവില്ല. ചിലത് ചൂണ്ടിക്കാണിക്കാം.
മുടിയനായ പുത്രന് എന്ന ചിത്രം. ഇച്ഛാഭംഗത്താല്‍ നിഷേധിയായിത്തീര്ന്ന ഒരു തകര്‍ന്ന നായര്‍ത്തറവാട്ടിലെ യുവാവ്. രാജന്. കൈയിലെപ്പോഴും ഒരു കത്തി. ഒരിക്കല്‍ വാസു എന്ന തൊഴിലാളി ചോദിച്ചു.
”എന്തെങ്കിലും ഒരു വയ്യായ്ക വന്നാല്‍, എല്ലാവരെയും വെറുപ്പിച്ചു നടക്കുന്ന നിങ്ങളെ ആരു നോക്കും? എന്തു ചെയ്യുമപ്പോള്‍?”
രാജന് കത്തിയൂരി നെഞ്ചത്ത് കുത്തിയിറക്കുന്നതുപോലെ കാണിച്ചിട്ട് പറഞ്ഞു.
”ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ ഇങ്ങനെ ചെയ്യും.”
”അങ്ങനെ ചെയ്താല്‍ കൊള്ളാം.”
പിന്നീട് ഒരു അടിപിടിയില്‍ കൈ രണ്ടുമൊടിഞ്ഞ് ഒരു പുലമാട മുറ്റത്ത് പരാശ്രയത്തില്‍ കിടക്കുന്ന രാജന്റെ നെഞ്ചില്‍ ആ കത്തിയെടുത്തു വച്ചിട്ട് വാസു പറഞ്ഞു.
”അന്നു പറഞ്ഞത് ഇപ്പോള്‍ ചെയ്താട്ടെ”
താന്‍ പരാശ്രയത്തിലാണു കഴിയുന്നതെന്ന അഭിമാനക്ഷതം, വീരവാദം പറഞ്ഞത് ചെയ്യാന്‍ പറ്റാത്തതുകൊണ്ടുള്ള ലജ്ജാനൈരാശ്യങ്ങള്, ഒരു പതനത്തില്പെട്ടതിന്റെ ദുഃഖം ഈ സമ്മിശ്ര ഭാവ തരംഗങ്ങള്‍ മുഖത്തുകൂടി കടന്നുപോവുന്ന ആ രംഗം സത്യന് ഒരു ബഹളവുമില്ലാതെ അഭിനയിച്ചിരിക്കുന്നു.
‘അനുഭവങ്ങള്‍ പാളിച്ചകളി’ല്‍ ചെല്ലപ്പന് എന്ന കഥാപാത്രം, തൊഴിലാളി യൂണിയനുകള്‍ക്ക് പാവങ്ങളുടെ മാനവും ജീവനും രക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി, ദ്രോഹിയായ ഒരു മുതലാളിയെ കൊന്ന് സ്വയം ബലി കൊടുത്തും കുറെ ജനങ്ങളെയെങ്കിലും രക്ഷിക്കാനുറച്ച്, അതിനു മുന്‍പ് കുറെ വേണ്ടപ്പെട്ടവരെയെല്ലാം കാണാന്‍ നടക്കുന്ന കൂട്ടത്തില്‍ പണ്ടു താന്‍ ഒളിവില്‍ താമസിച്ചിരുന്ന ഒരു വീട്ടില്‍ ചെല്ലുന്നു. അവിടത്തെ യുവതി രാത്രി ചെല്ലപ്പന്റെ അടുത്തു ചെന്നു പണ്ടു താന്‍ നിരസിച്ച അയാളുടെ കാമം സാധിച്ചു കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍, ഒരു ഘോരകൃത്യം ചെയ്യാനുറച്ച് സ്വയം അവസാനിക്കാന്‍ ഭാവിക്കുന്നതിനാല്‍ ഉണ്ടായ ഋഷിതുല്യമായ നിസ്സംഗതയിലും മനസ്സ് ഒന്നു ചഞ്ചലിച്ചെങ്കിലും, പെട്ടെന്ന് ആ വികാരത്തെ ജയിച്ച് ഇരുട്ടിലേക്ക് കടന്നുമറയുന്ന രംഗം. സത്യന് വലിയ നടനാണോ എന്നു സംശയിക്കുന്നവര്‍ക്ക്, അവര്‍ അഭിനയകല കണ്ടറിയാന്‍ കഴിവുള്ളവരാണെങ്കില്‍, ഇത്തരം നിരവധി മഹാരംഗങ്ങള് ഉത്തരം നല്‍കും.
എന്നാല്‍ പലരും ബാഹ്യ പ്രധാനമായ അഭിനയം നോക്കിയാണ് നടനെ വിലയിരുത്തുന്നത്. ഉദാഹരണം അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ത്തന്നെ ചെല്ലപ്പനും ഗോപാലനും കള്ളുകുടിക്കുന്ന ഭാഗം. ഒരു തൊഴിലാളി കള്ള് കുടിക്കുമ്പോള്‍ കാണിക്കുന്ന എല്ലാ രീതികളും സത്യന് അവിടെ കാണിച്ചു. അതേസമയം കരിനിഴലിലെ കേണല്‍ വിദേശമദ്യം കുടിക്കുന്നത് വേറൊരു മട്ടിലാണ്. കരകാണാക്കടലിലെ കൂലിപ്പണിക്കാരന് തോമയുടെ മദ്യപാനവും തുടര്‍ന്നുള്ള പെരുമാറ്റങ്ങളും മറ്റൊരു മട്ടില്‍. ഇങ്ങനെ കഥാപാത്രത്തിന്റെ അകവും പുറവും പ്രകാശിപ്പിച്ചുകൊണ്ടുള്ള സത്യന്റെ, സമ്പൂര്ണാഭിനയം ഏത് തലത്തില്‍നിന്നു നോക്കിയാലും മനസ്സില്‍ കുറ്റമറ്റതായിതന്നെ പകര്ത്തപ്പെടും. നടനെ നോക്കാതെ നടനത്തെ നോക്കി വിലയിരുത്തുന്നവര്‍ക്ക് മാത്രം.
നടനോടുള്ള താരാരാധന സാധാരണ പ്രേക്ഷകരില്‍, കൈലാസോദ്ധാരണം ചെയ്യാന്‍ ശ്രമിച്ച രാവണനോളം ശക്തി പ്രാപിക്കുന്നത് സിനിമയിലെ ഉരുളയ്ക്കുപ്പേരിപോലെയുള്ള ചൂടന്‍ ഡയലോഗുകള്‍, സ്റ്റണ്ട്, ഗംഭീര ശബ്ദ പശ്ചാത്തലത്തിലുള്ള പോസുകളും ചലനങ്ങളും എന്നിവകൊണ്ടു കൂടിയാണ്. നായക നടനെ അമാനുഷ തലത്തിലേക്ക് ഉയര്‍ത്തുംവിധം സിനിമയുടെ സമസ്ത വശങ്ങളും ആ ഭാഗത്തേക്ക് പ്രകാശ കേന്ദ്രീകരണം നടത്തുകയും ചെയ്യുന്നതോടെയാണ് ഒരു സൂപ്പര്‍സ്റ്റാറിന്റെ ഉദയമുണ്ടാകുന്നത്. പിന്നെ നായക നടന്റെ രംഗപ്രവേശം തന്നെ ഒരു മഹാസംഭവമാകുന്നു. ആദ്യം പാദം, പിന്നെ ഹസ്തം, അതു കഴിഞ്ഞ് ശിരസ്സ് എന്നീ ക്രമത്തില്‍ കാണിച്ചുകൊണ്ടേ നായകനടന് പ്രവേശിക്കൂ. സംസ്കൃത നാടകങ്ങളില്‍ കഥാപാത്രങ്ങള്‍ ‘ഇരുന്നുകൊണ്ടു’ പ്രവേശിക്കുന്നതിന്റെ മറ്റൊരു വകഭേദം.
എന്നാല്‍ പഴയ സിനിമകളില്‍ നായക നടനെ പര്‍വ്വതീകരിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിരുന്നില്ല. പല സിനിമകളും നായികാപ്രാധാന്യത്തോടു കൂടിയതായിരുന്നു താനും. ഒരു കഥ അവതരിപ്പിക്കുന്നു, അതിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും വരുന്നു എന്നല്ലാതെ നടന്റെ താരപ്പൊലിമ നോക്കി കഥയൊ കഥാപാത്ര സൃഷ്ടിയോ അന്നില്ല. എന്നിട്ടും സത്യനും നസീറും താരങ്ങളായി മാറി. മലയാള സാഹിത്യത്തിലെ ഇതിഹാസ തുല്യരായ കഥാപാത്രങ്ങള്‍ക്കും ചരിത്ര പുരുഷന്മാര്ക്കും ജീവന് നല്കിയ നടന് എന്ന നിലയിലാണ് സത്യന് താരമായത്. പ്രേമനായക വേഷങ്ങള്‍, പുരാണകഥാപാത്രങ്ങള്‍, സിഐഡിക്കഥകളിലെ വേഷങ്ങള്‍ തുടങ്ങിയവയാല്‍ നസീറും. നായക നടന് വീരപരിവേഷമുണ്ടായാല്‍ ഒറ്റയ്ക്ക് പത്തുപേരെയൊക്കെ ഇടിച്ചുതെറിപ്പിക്കുന്ന രംഗങ്ങള്‍ പിന്നീട് സിനിമകളില്‍ സൃഷ്ടിച്ചപ്പോള്‍, ജീവിതത്തില്‍ ആ വിധം വീരപുരുഷനായിരുന്നു സത്യന് എന്നത് സ്മരണീയമാണ്.
സത്യനെ ദേവതുല്യം ആരാധിക്കുന്ന പലരുടെയും കഥകള്‍ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്. എന്തുകൊണ്ട് സത്യന് അവര്‍ക്ക് അത്രമാത്രം ആരാധ്യനായി എന്ന് ചിന്തിച്ചാല്‍, തന്നെ സമീപിക്കുന്ന പ്രേക്ഷകന് ആനക്കൊമ്പില്‍ കടഞ്ഞെടുത്തപോലെ അഴകുള്ള നടനശില്പ്പങ്ങള് സമ്മാനിച്ചു എന്നത് മാത്രമാണോ? വെട്ടിത്തിളങ്ങി നിരന്നു കാണപ്പെടുന്ന സിനിമയിലെ സ്വര്ണവിഗ്രഹങ്ങള്ക്കപ്പുറം ഒരു മഹാകാള വിഗ്രഹമായി കാണപ്പെടുന്ന സത്യന് ഇന്ന് ശ്രദ്ധയില്‍പ്പെടുക തന്നെ ദുഷ്കരം. പക്ഷേ ആ വിഗ്രഹത്തിനു മുന്പില് വിളക്കുവയ്ക്കുന്ന ആരാധകരുമുണ്ടെന്ന്, താരസൗധത്തിന്റെ വെണ്ണക്കല്ത്തൂണുകള്ക്കിടയിലൂടെ, അവിടെനിന്നുവരുന്ന വെളിച്ചം കാണുമ്പോള്‍ മനസ്സിലാകും. ജനങ്ങളെ വല്ലാതെ ആകര്‍ഷിക്കുന്നവിധം കലയ്ക്കുമേല്‍ ഒരു കാന്തകല സത്യനിലുണ്ട് എന്നു കരുതണം.
നടന് മധു ഈയിടെ എഴുതി.
”സെറ്റില്‍ സത്യന് സാര്‍ സ്വതവേ ശാന്തശീലനാണ്. ആരോടും കയര്‍ക്കാനും ശാസിക്കാനും പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സെറ്റില്‍ വല്ലാത്ത അച്ചടക്കം കൊണ്ടുവരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം വന്നു കഴിഞ്ഞാല്‍ പിന്നെ അതുവരെ ഉണ്ടായിരുന്ന മട്ടുംമാതിരിയും ആയിരിക്കില്ല സെറ്റിന്. സംവിധായകര്‍ മുതല്‍ ഇങ്ങേയറ്റത്തുള്ള ലൈറ്റ്ബോയിയില്‍ വരെ അതു പ്രകടമായിരുന്നു. കാര്യമാത്ര പ്രസക്തമായ സംസാരവും ഒച്ചയും മാത്രമേ പിന്നീട് അവിടെ ഉണ്ടാകുമായിരുന്നുള്ളൂ. അതിന്റെ ‘മാജിക്’ എന്തായിരുന്നുവെന്ന് എനിക്കിന്നും അറിയില്ല.”
ഒരു വ്യക്തിയുടെ സാന്നിദ്ധ്യംകൊണ്ട് പരിസരങ്ങളിലും സമീപസ്ഥരിലും വലിയ മാറ്റവും അച്ചടക്കവും ശാന്തതയും ഉണ്ടാകുന്നത് ആ വ്യക്തിയില്‍ നിന്നു അവ്യക്തമായി പ്രഭവിക്കുന്ന ആജ്ഞാ ശക്തിയുടെയും രാജതേജസ്സിന്റെയും വൈദ്യുതതരംഗങ്ങള്‍ കൊണ്ടാണ്. സത്യന് അസാധാരണ വ്യക്തിപ്രഭാവമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ നോട്ടം, ശബ്ദം, ചലനങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രത്യേകതയുണ്ടായിരുന്നു എന്ന് നടി ശാരദ പറഞ്ഞിട്ടുണ്ട്.
സത്യനെ നേരില്‍ കാണാതെ സിനിമയില്‍ മാത്രം കാണുമ്പോഴും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നമുക്കനുഭവപ്പെടും. ആ നടന് സിനിമയില്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകന് അതോടെ ഉണ്ടാകുന്ന ഉന്മേഷം വലുതാണ്. സഹതാരങ്ങള്‍ അതോടെ നിഷ്പ്രഭരാകുന്നു. എം.ടി. വാസുദേവന്‍ നായര്‍ എഴുതി ”അതികായനെപ്പോലെ സത്യന് തൊട്ടടുത്തുള്ളവരെ പിഗ്മികളാക്കി മാറ്റി.”
സൂപ്പര്‍ സ്റ്റാറുകളുടെ ആഡംബര പൂര്‍വമായ ഉത്സവപ്പുറപ്പാടുപോലെയുള്ള രംഗപ്രവേശം വേണ്ട, സാധാരണ രീതിയില്‍ തന്നെ തിരശ്ശീലയിലേക്കു കടന്നുവരുമ്പോഴും സത്യന് പ്രേക്ഷക മനസ്സുകളില്‍ തിരയിളക്കം ഉണ്ടാക്കുന്നു.
ചില സിനിമകളിലെ സത്യന്റെ പ്രവേശന തരംഗങ്ങള്‍ നോക്കുക. കരകാണാക്കടലിലെ തോമാ. ഏതോ യുവാക്കള്‍ പെണ്മക്കളെ അനാവശ്യം പറഞ്ഞു എന്നു കേട്ട് വെട്ടുകത്തിയുമായി ജ്വലിച്ച പ്രത്യക്ഷപ്പെടുന്ന ആ രംഗം. ചോദിക്കാന്‍ പുറപ്പെടുന്ന തന്നെ തടുക്കുന്ന ഭാര്യയോട് തട്ടിക്കയറിയെങ്കിലും പിന്നെ ആ സ്ത്രീ പറഞ്ഞ ന്യായങ്ങള്‍ കേട്ട് കോപം പതുക്കെപ്പതുക്കെയണഞ്ഞ്, ശാന്തനായി, വീണ്ടും സ്വന്തം ജോലിയിലേര്‍പ്പെടുന്നതും ഓരോ പരാതി പറയുന്ന വൃദ്ധമാതാവിനോട് ”എന്തു വേണേല്‍ മേടിച്ചു തരാം. പുറമ്പോക്കിലൊന്നെത്തിക്കോട്ടെ” എന്നു സമാധാനം പറയുന്നതും. ഈ ഒറ്റ പ്രവേശരംഗത്തിലുടെ തോമ എന്ന കഥാപാത്രത്തിന്റെ സമസ്തഭാവവും സത്യന് പ്രകടിപ്പിച്ചു കഴിഞ്ഞു.
‘അടിമകളില്‍’ സുഹൃത്തിന്റെ കൂടെ അയാളുടെ വീട്ടിലേക്കു കടന്നു ചെല്ലുമ്പോള്‍ അവിവാഹിതയും ആശ്രമഭക്തയുമായ ചേച്ചി ആതിഥ്യമര്യാദ കാണിക്കാത്തതുകൊണ്ട്, ധിക്കാരവും നര്‍മവും കലര്‍ന്ന സംഭാഷണങ്ങളിലൂടെ അവിടെ ഒരു ‘അന്തരീക്ഷ വ്യതിയാനം’ തന്നെ സൃഷ്ടിക്കുന്ന സത്യന്റെ പ്രവേശന തരംഗം.
അനന്തതയില്‍ നിന്നെന്നപോലെ നീലാകാശ പശ്ചാത്തലത്തില്‍ വള്ളം തുഴഞ്ഞു പ്രത്യക്ഷപ്പെടുന്ന ചെമ്മീനിലെ പളനിയുടെ വരവ് പോലെ ഇന്നും പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു നായകപ്രവേശമില്ല.
ഉറക്കത്തില്‍ നിന്നു പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് ഉരസിക്കത്തിച്ച ഒരു തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചത്തില്‍ തെളിയുന്ന ‘അനുഭവങ്ങല്‍ പാളിച്ചകളി’ലെ ചെല്ലപ്പന്റെ മുഖം ഒരു ദേവാസുരമന്ത്ര കുംഭംപോലെ നിമിഷനേരം മാത്രം പ്രത്യക്ഷപ്പെട്ട് ഇരുട്ടിലാണ്ടിട്ട് വീണ്ടും തെളിഞ്ഞു കാണുന്ന പ്രഥമരംഗം.
‘കടല്‍പ്പാല’ത്തില്‍ നേത്ര ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടില്‍ കാറില്‍ വന്നിറങ്ങുന്ന വൃദ്ധപ്രതാപിയായ നാരായണക്കൈമളോട്, മകന്റെ ഭാര്യാപിതാവ് ”ആശുപത്രിയില്‍ വരാന്‍ കഴിഞ്ഞില്ല” എന്നു ഭംഗിവാക്ക് പറയുമ്പോള്‍ അന്ധനാണെങ്കിലും എല്ലാം കണ്ടറിഞ്ഞ് അടക്കി ഭരിക്കുന്ന ശക്തിയോടെ ഗംഭീരമായി ഒന്നു മൂളുന്നതുമായ പ്രഥമ പ്രവേശ രംഗം.
ഇങ്ങനെ സിനിമകളില്‍ സത്യന്റെ കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതുതന്നെ പ്രേക്ഷക മനസദസ്സിന്റെ ഒത്ത നടുക്കുകൂടിയായിരിക്കും.
ഭൂമിയില്‍ ശ്രേഷ്ഠ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആകാശത്തു അപ്സരസ്സുകളും കിന്നരന്മാരും ദേവഗായകരും ആടിപ്പാടി സ്തുതിക്കുന്നതുപോലെ, നാനാദിക്കില്‍ നിന്നു അനേകര്‍ സത്യനെ സ്തുതിക്കുന്നതു കേട്ട് ചിലര്‍ക്ക് നീരസമുണ്ടായേക്കാം. സ്തുതിക്കാന്‍ തക്ക അഭിനയ പ്രതിഭയാണോ സത്യന് എന്ന് അവര്‍ സംശയിച്ചേക്കാം. കാട്ടുകുരങ്ങ്, നീലക്കുയില്‍, മുടിയനായ പുത്രന്, ഓടയില്‍നിന്ന്, ചെമ്മീന്‍, അനാര്‍ക്കലി, തച്ചോളി ഒതേനന്, ഭാര്യ, പകല്‍ക്കിനാവ്, ഒരു പെണ്ണിന്റെ കഥ, വാഴ്വേമായം, യക്ഷി, അടിമകള്‍, കരകാണാക്കടല്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ക്രോസ്ബെല്‍റ്റ്, കടല്‍പ്പാലം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളില്‍ ഏതെങ്കിലും കുറച്ചെണ്ണം കണ്ടാല്‍ ആ സംശയം തീരും. ഇനി അവ കണ്ടിട്ടും സത്യന് ഉത്തമനടനല്ല എന്ന് തന്നെ തോന്നുന്നവര്‍, ആ തോന്നലോടെ തന്നെ ആ അഭിനയകലയുടെ വെളിച്ചത്തില്‍ നിന്ന് ഒഴിഞ്ഞുപോരികയാണ് നല്ലത്. അവരുടെ അഭിരുചിക്ക് സത്യന്റെ അഭിനയം ഇണങ്ങില്ല എന്നേ അര്‍ത്ഥമുള്ളൂ.
ആ അര്ത്ഥത്തിനപ്പുറത്തേക്കും കടന്ന് സത്യന് മികച്ച നടനല്ലെന്നും, മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്, ഗോപി, മുരളി, നെടുമുടിവേണു ഇവരില്‍ മാത്രമാണ് നാട്യകല മുടിചൂടിയിരിക്കുന്നതെന്നും വാദിക്കാന്‍ വന്നാല്‍, എന്താണ് സിനിമാഭിനയം എന്നു മുതല്‍ ചിന്തിക്കേണ്ടി വരും.
വേഷംകൊണ്ടും ഒരു കഥാപാത്രമായിക്കഴിഞ്ഞാല്‍, നടന് ആ കഥാപാത്രത്തിന്റെ പെരുമാറ്റങ്ങള്‍ യഥാതഥമായി പ്രകടിപ്പിക്കുകയാണ്. അഭിനയത്തിലെ പ്രഥമഭാഗം. രണ്ടാം ഭാഗം സുപ്രധാനമായ ഭാവാവിഷ്കാരവും. ഇതു രണ്ടും സത്യന് സ്തുത്യര്‍ഹമായി നിര്‍വഹിച്ചിട്ടുണ്ടോ ഇല്ലെങ്കില്‍ എവിടെയാണദ്ദേഹത്തിന് പിഴവു പറ്റിയത്, എങ്ങനെയായിരുന്നു ആ കഥാ സന്ദര്‍ഭങ്ങളില്‍ അഭിനയിക്കേണ്ടിയിരുന്നത്, മറ്റു മഹാനടന്മാരായിരുന്നെങ്കില് അവിടെ എങ്ങനെ അഭിനയിക്കുമായിരുന്നു, തത്സമരംഗങ്ങളില് അവര്‍ കാണിച്ച മികവ് എന്തായിരുന്നു എന്നെല്ലാം, തൊട്ടു വായിക്കുന്നതുപോലെ വിസ്തരിക്കേണ്ടി വരും.
ഓരോ നടനും ഓരോ നാട്യശൈലി ഉണ്ടായിരിക്കും. സത്യന്റെ നടന സവിശേഷതകള്‍ എന്തായിരുന്നു?
കഥാപാത്രങ്ങളെ മനസ്സിലാക്കി, അവയുടെ സൂക്ഷ്മാംശങ്ങള്‍ കൂടി അവതരിപ്പിക്കാനുള്ള വൈഭവം ശബ്ദവിന്യാസങ്ങളോടെ, തദനുസൃതമായ അംഗോപാംഗ ചലനങ്ങളോടെ, പാത്ര സ്വഭാവത്തിനനുസരിച്ച്, ഒഴുക്കോടുകൂടി അനായാസമായി വരുന്ന സംഭാഷണം. എടുക്കുന്നതിനും കൊടുക്കുന്നതിനും നടക്കുന്നതിനും തിരിയുന്നതിനുമെല്ലാം വടിവും തെളിവും. പിന്നെ മനസ്സിന്റെ അഗാധതലങ്ങളെ കൂടി, കണ്ണുകളിലും മുഖചലനങ്ങളിലുമുള്ള വികാരതരംഗങ്ങളില്‍ പ്രത്യക്ഷീഭവിപ്പിക്കുന്ന ഭാവാവിഷ്കാരം.
തെളിഞ്ഞുനിന്ന ആകാശത്ത് പെട്ടെന്ന് മഴക്കാറുണ്ടാകുകയും, ഉടനെ ഇടിവെട്ടി മഴ പെയ്യുകയും ചെയ്യുന്നത്ര വേഗത്തിലാണ് സത്യന്റെ മുഖത്ത് ഭാവഭേദങ്ങള്‍ വരിക.
ഓടയില്‍ നിന്നിലെ റിക്ഷാക്കാരന് പപ്പു, അപ്രതീക്ഷിതമായി തന്റെ അലക്ഷ്യവും ഏകാന്തവുമായ ജീവിതത്തിന്റെ വഴിയില്‍ വന്നു വീണ ലക്ഷ്മി എന്ന ബാലികയ്ക്കു വേണ്ടി, തന്റെ വെളിച്ചം മുഴുവന്‍ സമര്‍പ്പിച്ച്, ശരീരം മറന്നു അദ്ധ്വാനിക്കുന്ന നാളുകള്‍. ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ ‘അമ്മാവന്റെ കൂടെ പോകാന്‍ എനിക്ക് നാണക്കേടാണ്’ എന്ന് അകത്തിരുന്ന് ആ വളര്‍ത്തുമകള്‍ അമ്മയോട് പറയുന്നതു മുറ്റത്തുനിന്നു കേട്ട്, കോപവും ദുഃഖവും നൈരാശ്യവും ഒന്നിച്ചു പൊട്ടിത്തെറിക്കുന്നതിന്റെ സ്ഫുലിംഗങ്ങളാല്‍ കണ്ണുകള്‍ തിളങ്ങി, ക്ഷോഭത്താല്‍ ഒരു മരച്ചില്ലയൊടിക്കുന്ന ഭാഗം മതി സത്യന്റെ നാട്യകല ഉദിച്ചു നില്ക്കുന്ന ആകാശം കാണാന്‍. എന്നാല്‍ ആ ബന്ധം വേണ്ടെന്നു വച്ചു പോയാല്‍ വീണ്ടും താന്‍ ഏകാകിയാകുമല്ലൊ എന്ന വിചാരം കൊണ്ടും, കുടുംബ സുഖം അറിഞ്ഞുപോയതുകൊണ്ട് ഇനി വല്ല ദിക്കിലും ഒറ്റയ്ക്കു കഴിയാന്‍ പ്രയാസമായതുകൊണ്ടുമാകാം, ആ സ്ത്രീ പുറത്തുവന്നു മകളെ ശകാരിക്കുകയും അവളുടെ പഠിപ്പ് നിര്‍ത്തണമെന്നും പറയുമ്പോള്‍, വികാരക്ഷോഭം കൊണ്ടുതന്നെ ചവിട്ടിയടക്കി ‘അതു സാരമില്ല’ എന്ന ഭാവത്തില്‍ പകുതിയിടിഞ്ഞ മലപോലെ അകത്തേക്കുള്ള പോക്ക്! മരച്ചില്ലയൊടിച്ചപ്പോള് കൈയിലായ ചറം തൂത്തുകളയുന്ന നിസ്സാരകാര്യം പോലും സത്യന് അവിടെ അഭിനയത്തില്‍ നിന്നു ഒഴിച്ചു നിര്‍ത്തിയില്ല. ഇതുപോലെയുള്ള നൂറുകണക്കിന് അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒരു നടനില്നിന്നുണ്ടാവേണ്ട ആവിഷ്കാര സമഗ്രത മുഴുവന്‍ സത്യന് പ്രകടമാക്കിയിട്ടുണ്ട്. ഇതില്‍ കവിഞ്ഞ് ഒരു നടന് എന്താണ് ചെയ്യേണ്ടത്? എന്നിട്ടും ഒരു പറ്റം ‘കുരുടന്മാര് കൂടിനില്ക്കുന്ന’ മനസ്സോടുകൂടി ചിലര്‍ സത്യന് നല്ല നടനാണോ എന്നു സംശയിച്ചു നില്ക്കുന്നു. അതവരുടെ കാര്യം. അവരുടെ നിഷേധസമീപനത്തിന്റെ ദുര്‍മ്മുഖങ്ങള്‍ കൊണ്ട് സത്യന്റെ നാട്യകല മങ്ങിപ്പോകുന്നില്ല. മറഞ്ഞുപോകുന്നുമില്ല.
സത്യന്റെ കഥാപാത്രങ്ങള്‍ മറ്റു നടന്മാര് അഭിനയിച്ചാലേ ഒരു താരതമ്യ ചിന്തയ്ക്കു സാധ്യതയുള്ള അകം എന്ന പേരില്‍ യക്ഷിയും, കായംകുളം കൊച്ചുണ്ണിയുമാണ് പുനര്‍നിര്‍മിക്കപ്പെട്ട സത്യന് സിനിമകള്‍. ഫഹദ് ഫാസിലും നിവിന്‍ പോളിയും ആണ് ഇവയില്‍ അഭിനയിച്ചത്. സത്യന്റെ അഭിനയ ചൈതന്യം പ്രവേശിച്ചപ്പോള്‍ അടിമുടി ജീവന് തെളിഞ്ഞ ഈ കഥാപാത്ര ശരീരങ്ങളില്‍ യുവനടന്മാര് കടന്നുനിന്നതുകണ്ട് യുവതലമുറപോലും അഭിനന്ദിക്കുകയല്ല ചെയ്തത്. ചില സത്യന് ചിത്രങ്ങള്‍ വീണ്ടും ആവിഷ്കരിക്കാന്‍ ഒരുങ്ങിയെങ്കിലും സൂപ്പര്‍സ്റ്റാറുകള്‍ അതില്‍നിന്നു ഒഴിഞ്ഞുമാറിയെന്ന് കേട്ടിട്ടുണ്ട്. യുവനടന്മാര്ക്ക് താരപദവി നഷ്ടത്തെക്കുറിച്ച് പേടിയ്ക്കാനില്ലാത്തതുകൊണ്ടാവാം സത്യന്റെ ശിവനടനം നടന്ന കൊടുമുടികളില്‍ കയറാന്‍ അവര്‍ മടിക്കാതിരുന്നത്. വലിയ കാലടിപ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നതും, മുടിമണികള്‍ കൊഴിഞ്ഞു കിടക്കുന്നതും, നാദഗാംഭീര്യം നിറഞ്ഞുനില്‍ക്കുന്നതുമായ അഭിനയത്തിന്റെ കൊടുമുടികള്‍.
ഇനി സത്യനെ സംബന്ധിച്ച്, അഭിനയ ബാഹ്യമായ കാര്യങ്ങളിലേക്ക് കടന്നാല്‍, ഒന്നാമതായി പരാമര്‍ശിക്കേണ്ടത് മിമിക്രിയെക്കുറിച്ചാണ്. ശബ്ദാനുകരണമാണ് മിമിക്രിയില്‍ പ്രധാനം. മിക്കവാറും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും ശബ്ദങ്ങള്‍ മിമിക്രിയില്‍ ശരിയായി അനുകരിക്കപ്പെടുന്നു. എന്നാല്‍ പണ്ടെപോലെ ഒരു വ്യക്തിയെ വെറുതെ അനുകരിക്കുകയല്ല, ആവുന്നത്ര അപമാനിക്കുകയാണ് മിമിക്രിയുടെ അസുരധര്മ്മം എന്ന നിലവന്നു. ഇ.കെ. നായനാരും കെ. കരുണാകരനും വി.എസ്. അച്യുതാനന്ദനും മറ്റും സ്റ്റേജുകളില്‍ അവരുടെ സര്‍വ്വപാപവും നശിക്കുമാറ്, തേജോവധം ചെയ്യപ്പെട്ടു. പക്ഷേ രാഷ്ട്രീയ നേതാക്കള്‍ക്ക് കാലിക പ്രസക്തിയേയുള്ളൂ എന്നതുകൊണ്ട് മിമിക്രി ഭൂതം ഈ പഴയ നേതാക്കളുടെ ശബ്ദം ഇപ്പോള്‍ വിഴുങ്ങാറില്ല. പകരം അവര്‍ ജനപ്രീതിയുള്ള സിനിമാനടന്മാരെ അവരുടെ യശസ്സോടുകൂടി പിടികൂടി ഇരകളാക്കുന്നു. ജയന് എന്ന നടന് വളരെക്കാലം മിമിക്രിക്കാര്‍ക്ക് സ്റ്റേജിലിട്ട് തട്ടിക്കളിക്കാനുള്ള മരക്കോലമായിരുന്നു. അതില്‍ കടിച്ച് കടിച്ച് മടുത്തിട്ടാകും ഇപ്പോള്‍, ചത്ത സിംഹത്തിന്റെ ചുറ്റും നിന്നു വാനരന്മാര് കോക്രി കാണിക്കുന്നപോലെ, മിമിക്രികള്‍ സത്യന് പിടികൂടിയിരിക്കുന്നത്.
അനുകരിക്കാന്‍ എളുപ്പമല്ല സത്യന്റെ ശബ്ദം. കനത്തതിനും മൃദുവിനും മധ്യത്തിലുള്ള ഒരു തീവ്രശബ്ദമാണ് സത്യന്റേത്. പണ്ട് മിമിക്രിയില്‍ സത്യന് അനുകരിക്കപ്പെടാറുമില്ല. കൊച്ചിന് ഹനീഫ പണ്ടു സത്യനെ ശരിയായി അനുകരിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. ഒട്ടും പരിഹാസ്യമായ ഒരു തലം സത്യനില്ല. എന്നിട്ടും ഇന്ന് സത്യനാണ് മിമിക്രിയില്‍ ഏറ്റവും പരിഹാസ്യവേഷം എന്നത് എത്ര വിചിത്രം. അതിന്റെ അര്‍ത്ഥം മിമിക്രിയില്‍ കാണുന്നത് സത്യനേ അല്ല എന്നാണ്. ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും നടപ്പിലും ചേഷ്ടകളിലുമെല്ലാം സത്യന്റെ ഗംഭീരസ്വത്വത്തിനു സമ്പൂര്‍ണ വിപരീതമായ ഒരു മന്ദന്കോന്തച്ചാരെ കാണിച്ചിട്ട് അത് സത്യനാണെന്ന് വിധിക്കുകയും, അതു കണ്ട് കുറെ മന്ദന്മാര് ഇളിക്കുകയും ചെയ്യുന്ന ഈ അദ്ഭുത പ്രതിഭാസം പഠനവിധേയമാക്കേണ്ടതാണ്. ഇത് ഹാസ്യപരിപാടിയല്ലേ, ഗൗരവമായി ഗണിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചേക്കാം. ഇതുകൊണ്ടുണ്ടാകുന്ന ദോഷം അറിഞ്ഞാല്‍, അങ്ങനെ അവഗണിക്കാന്‍ പറ്റുന്ന നിസ്സാരകാര്യമല്ല ഈ കോമാളിക്കൂത്ത് എന്ന് മനസ്സിലാകും. സത്യന്റെ സിനിമ കാണാത്ത പുതിയ തലമുറയില്‍പ്പെട്ട അനേകര്‍, മിമിക്രിയില്‍ കാണുന്നതുപോലെയാണ് സത്യന് എന്നു ധരിക്കുകയും അദ്ദേഹത്തെ വെറുക്കുകയും അദ്ദേഹത്തിന്റെ സിനിമകളില്‍നിന്നു മാറിപ്പോവുകയും ചെയ്തതായി ധാരാളം പറഞ്ഞുകേട്ടിട്ടുണ്ട്. കലയുടെ പേരില്‍ ഒരു കലാകാരനെ ഇതിലും വലുതായി എങ്ങനെ ദ്രോഹിക്കുംയ?
ഇന്ന് ജനങ്ങളില്‍നിന്നും സിനിമാ മണ്ഡലത്തില്‍നിന്നു തന്നെയും ഇത്തരം സത്യവിരുദ്ധമായ മിമിക്രിക്കെതിരെ ശബ്ദമുയര്ന്നുണ്ട് എന്നത് ആശ്വാസം.
ഒരു അതിക്രമവും ഏറെക്കാലം ലോകത്തില്‍ നിലനില്ക്കില്ലാ എന്നു കാണാം. സത്യന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ അമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ ഒടു ടിവി ചാനലില്‍ സങ്കടപ്പെടുന്നതു കണ്ടു, മിമിക്രിയിലൂടെ സത്യന് അവഹേളിക്കപ്പെടുന്നതിനെപ്പറ്റി. ഇതിനെതിരെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്നതും കണ്ടു.
ഒരിക്കല്‍ ഏതെങ്കിലും സദസ്സില്‍ നിന്നു ക്ഷുഭിതനായ ഒരു ആസ്വാദകന് പാഞ്ഞു കയറിച്ചെന്ന്, അരങ്ങില്‍ വിക്രമിക്കുന്ന ഈ കലാ കോമാളിത്തന്നെ അടിച്ചു വീഴ്ത്തിയേക്കാം. അന്നവസാനിക്കും മിമിക്രിയിലൂടെയുള്ള സത്യന്റെ അവഹേളനം.
സത്യനെ കുറ്റം പറയാന്‍ ചിലര്‍ ഉപയോഗിക്കുന്ന വിഷയമാണ് പുന്നപ്രവയലാര്‍ സമരകാലത്ത് അവിടെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നടത്തിയ കമ്യൂണിസ്റ്റ് വേട്ട. മാവോയിസ്റ്റ് അതിക്രമങ്ങള്‍ നടക്കുന്ന ദിക്കില്‍ ഒരു പോലീസുകാരന് ഇന്നെന്തു ചെയ്യുമോ അതു മാത്രമേ സത്യന് അന്നു ആലപ്പുഴയിലും ചെയ്തിട്ടുള്ളൂ. അദ്ദേഹത്തിനു വേണമെങ്കില്‍ കുറച്ചുകൂടി മയത്തോടെ വര്‍ത്തിക്കാമായിരുന്നു എന്നു പറയാം. പക്ഷേ സത്യന്റെ സ്വഭാവം അതല്ല. കൈയോങ്ങേണ്ടിടത്തും കഠിനമായി അടിക്കുന്ന സ്വഭാവം. ഇത് സിനിമയില്‍ വന്നിട്ടും തുടര്‍ന്നു. താന്‍ ചെയ്തതിനെപ്പറ്റി സത്യന് പശ്ചാത്തപിച്ചുമില്ല. കുറ്റം പറയേണ്ടവര്‍ക്ക് കുറ്റം പറയാം. അദ്ദേഹത്തിന്റെ യശോബിംബം അതുകൊണ്ടൊന്നും ഇളകുന്നില്ല.
മലയാള സിനിമയില്‍ എന്നും ആദ്യം തെളിയുന്ന പേരായിരുന്നു സത്യന്. ഇന്ന് മറ്റു പല പേരുകള്‍ക്കും പിമ്പേയാണ് ചിലര്‍ അദ്ദേഹത്തെ ഗണിക്കുന്നത്. ‘അനുഭവങ്ങള്‍ പാളിച്ച’കളെ സംബന്ധിച്ച ഒരു വിവരണത്തില്‍, അഭിനയിച്ചവരുടെ പേര് കൊടുത്തിരിക്കുന്നത് മമ്മൂട്ടി, നസീര്‍ എന്നാണ്. ഇതിനെക്കുറിച്ചൊക്കെ എന്തു പറയാനാണ്!
കള്ളച്ചൂതില്‍ തോല്‍പ്പിക്കപ്പെട്ട്, സഭയില്‍ അപമാനിക്കപ്പെട്ട്, പന്ത്രണ്ട് വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും കഴിച്ചാലും ധര്‍മ്മം വീണ്ടും അതിന് അവകാശപ്പെട്ട സ്ഥാനത്തേക്ക് കടന്നുവരുന്നതുപോലെ, എന്തെല്ലാം അന്യായങ്ങള്‍ നേരിട്ടാലും സത്യന് എന്ന നടനകല, സംശുദ്ധമായ സഹൃദയസരസ്സുകള്ക്കു മുകളില്‍ ഉദിച്ചുയര്ന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: