ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസിൽ നടി ലീന മരിയ പോള്‍ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ പോളിനെ ദൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.
തിഹാർ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. ചെന്നൈ നഗരത്തില്‍ കടലിനഭിമുഖമായുള്ള ആഡംബര വീട് ലീനയ്ക്കുണ്ട്. ഇതിന്റെ വില 15 കോടിയാണ്. ഈ വീട്ടില്‍ സഹായികളും അംഗരക്ഷകരുമുണ്ട്. ഇവിടെ കഴിയുന്നതിനിടയിലാണ് ലീനയെ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയത്. കൂട്ടാളിയായ സുകാഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുമ്പോഴും ലീനയ്ക്ക് അളവില്ലാത്ത പണം ലഭിക്കുന്നതിന്റെ സ്രോതസ്സ് തേടിയാണ് ഇഡി എത്തിയത്. അന്ന് വീടിന് പുറമെ 16 ആഡംബര കാറുകള്‍, രണ്ട് കിലോ സ്വര്‍ണ്ണം, 82.50 ലക്ഷം രൂപ, എന്നിവ ഇഡി കണ്ടുകെട്ടി.
ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. 2017ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ദല്‍ഹി രോഹിണിയിലെ ജയിലിലാണ്.
അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.
സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: