തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങളെക്കുറിച്ച് കൂടുതൽ പരാതി. കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി മർദ്ദിച്ചു. പരാതിയിൽ പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ്ഐ വിമലിനെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.
കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പോലീസ് മർദ്ദനത്തിൽ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പുതിയ വീട്ടില്‍ പോയി മടങ്ങവേ കാറിലെത്തിയ പോലീസ് സംഘം മര്‍ദിച്ചുവെന്നാണ് ഷിബു കുമാര്‍ പരാതിയില്‍ പറയുന്നത്. ലാത്തി കൊണ്ട് പല തവണ തന്നെ അടിക്കുകയായിരുന്നു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
യുവാവിന്റെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്താനും തീരുമാനമായി. കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. മഫ്തിയിലെത്തിയ പോലീസ് സംഘം പാലത്തിന് താഴെയുണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്ഐയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിബു പരാതിയിൽ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡൻസ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമായിരുന്നു പോലീസ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: