ന്യൂദല്‍ഹി: 2019 ഓഗസ്റ്റ് മുതല്‍ ജമ്മുകാശ്മീരിന് പുറത്തുനിന്നു രണ്ടുപേര്‍ കേന്ദ്രഭരണ പ്രദേശത്ത് രണ്ടു വസ്തുക്കള്‍ വാങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മുകാശ്മീര്‍ നിവാസികളല്ലാത്ത രണ്ടുപേര്‍ വസ്തുക്കള്‍ വാങ്ങിയെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.
‘ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നല്കിയ വിവരമനുസരിച്ച് 2019 ഓഗസ്റ്റ് മുതല്‍ ജമ്മുകാശ്മീരിന് പുറത്തുനിന്നുള്ള രണ്ടുപേര്‍ കേന്ദ്രഭരണപ്രദേശത്ത് രണ്ടു വസ്തുക്കള്‍ വാങ്ങിയിട്ടുണ്ട്’.-ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ റായ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ ആരൊക്കെയെന്ന് മന്ത്രി പരസ്യപ്പെടുത്തിയില്ല.
2019 ഓഗസ്റ്റില്‍ ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്ത് സ്ഥിരതാമക്കാരാണോ അല്ലയോ എന്നത് പരിഗണിക്കാതെ ഏത് ഇന്ത്യന്‍ പൗരനും ജമ്മുകാശ്മീര്‍ മുന്‍സിപ്പല്‍ പ്രദേശത്ത് വസ്തുക്കള്‍ വാങ്ങാമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: