കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരി ഭര്‍ത്താവിന് പത്തുവര്‍ഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുനാഗപ്പള്ളി ഇടവനശേരില് വാരിക്കോലയ്യത്ത് അബ്ദുള്‍ നിസാറിനെ കൊല്ലം അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് ജഡ്ജ് എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്.
സ്വന്തമായി അടച്ചുറപ്പില്ലാത്ത വീട്ടില്‍ സുരക്ഷിതത്വമില്ലാത്തതിനാല്‍ പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ രാത്രികളില്‍ ഉറങ്ങാനായി പോയിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ 2012 മുതല്‍ 2014 വരെ പ്രതി നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. പ്രോസിക്യുഷന് ഭാഗത്ത് നിന്ന് പതിമൂന്ന് സാക്ഷികളെയും പതിനൊന്നോളം രേഖകളും കോടതി പരിശോധിച്ചു. പോക്സോ നിയമ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.
പിഴയായി അടയ്ക്കുന്ന തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: സിസിന്.ജി.മുണ്ടയ്ക്കല്‍ ഹാജരായി. ഇപ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് എസ്പി ആയ കെ. അശോക് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ കേസിലെ പെണ്‍കുട്ടിയെ 2017-ല്‍ റംസീന എന്ന സ്ത്രീ വശീകരിച്ചു തമിഴ്നാട്ടില്‍ ഏര്‍വാടി പള്ളിക്ക് സമീപമുള്ള ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ റംസീന, അബ്ദുള്‍ നിസാര്‍, നിസാം, മുനാഫര്‍ എന്നിവരെ പ്രതികളാക്കി ശാസ്താംകോട്ട പോലീസ് പോക്സോ നിയമപ്രകാരം എടുത്ത മറ്റൊരു കേസ് പോക്സോ കോടതിയില്‍ വിചാരണയിലാണ്. ഈ കേസിന്റെ അന്വേഷണത്തിലാണ് അബ്ദുള്‍ നിസാര്‍ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: